ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പേരില്‍ മുസ്ലിം സമുദായത്തിനെതിരായി സംഘടിതമായ അപവാദ പ്രചരണങ്ങള്‍ നടക്കുകയാണെന്ന് എ.എം. ആരിഫ് എംപി. അപൂര്‍വ്വം ചില ക്രൈസ്തവ പുരോഹിതര്‍ ഇതില്‍ വീഴുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ചില ക്രൈസ്തവ പുരോഹിതര്‍ ചര്‍ച്ച നടത്തുന്ന സ്ഥിതി വരെയുണ്ടായെന്നും ആരിഫ് ആരോപിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ് ഇവര്‍ നടത്തുന്നത്. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം മറ്റു സമുദായങ്ങള്‍ക്ക് കൊടുക്കുകയാണെന്നും മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുകയാണെന്നും മറ്റും വ്യാപകമായ ദുഷ്പ്രചാരണങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. ലൗ ജിഹാദ് ആരോപണവും ഇതിന്റെ ഭാഗമായി നടക്കുന്നുവെന്നും ആരിഫ് പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് നിലവില്‍ മുസ്ലീങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ഒന്നും ഹനിക്കാതെ തന്നെ പ്രശ്നത്തില്‍ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുമെന്ന് എംപി പറഞ്ഞു. മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: