പള്ളുരുത്തി: പ്രകൃതിയോടിണങ്ങിയ ജീവിതം. നേരം പുലരുമ്പോള്‍ മുതല്‍ യോഗാ പരിശീലനം. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗ തന്റെ ജീവിതം തന്നെയായി മാറിയ കഥയാണ് യോഗാചാര്യ അനില്‍ കുമാറിന് പറയാനുള്ളത്. പള്ളുരുത്തി കോണം സ്വദേശിയായ അനില്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി യോഗ ട്രെയിനിങ് നടത്തി വരികയാണ്. വിവാഹശേഷം ഭാര്യ നവീനയും യോഗ പരിശീലനം ആരംഭിച്ചു പിന്നീട് യോഗ ടീച്ചറായി. മക്കളായ അമൃത ലക്ഷ്മിയും, അനന്ത കൃഷ്ണനും യോഗ പരിശീലിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലം ഓണ്‍ലൈനിലൂടെ യോഗാ പരിശീലനം നല്‍കിയിരുന്നു ഈ കുടുംബം.
യോഗാചാര്യ ആല്‍ബിയുടെ കീഴിലാണ് അനില്‍ പരിശീലനം നേടിയത്. പിന്നീട് പതഞ്ജലി യോഗാ സെന്ററിലെ ടി.മനോജിന്റെ കീഴില്‍ പരിശീലിച്ചു. അന്താരാഷ്ട്ര തലത്തില്‍ യോഗയ്ക്ക് പ്രാധാന്യം നേടിക്കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ് ഈ കുടുംബം. കൊവിഡ് കാലത്ത് നിരവധി പേര് യോഗ പരിശീലനത്തിനായി എത്തുന്നതായി ഇദ്ദേഹം പറഞ്ഞു.
യോഗയുടെ പ്രാധാന്യം തിരിച്ചറിയുകയാണ് നാട്. യോഗയ്ക്കായി അനില്‍ നല്കിയ സംഭാവനകള്‍ മാനിച്ച് ആയുഷ് മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ യോഗ പരിശീലകന് ജീവിതത്തില്‍ ദു:ഖങ്ങളില്ല. അന്യര്‍ക്കായി പങ്കുവക്കേണ്ടതും ഈ സന്തോഷങ്ങളാണ് ഇതാണ് അനില്‍ കുമാറിന്റെ പക്ഷം. വീട്ടില്‍ അമൃത യോഗ ട്രെയിനിങ് സെന്റര്‍ നടത്തി വരികയാണ് അനില്‍ കുമാറും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: