റിയോ ഡി ജെനെയ്റോ: മൂന്നാം തരംഗം നേരിടുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ബ്രസീലില്‍ പ്രസിഡന്റ് ബൊല്‍സനാരോയ്ക്കെതിരെ ജനരോഷം പുകയുന്നതിനിടയില്‍ രാജ്യത്ത് കോവിഡ് മരണം അഞ്ച് ലക്ഷം കവിഞ്ഞു. അങ്ങിനെ അഞ്ച് ലക്ഷത്തിലധികം പേര് കോവിഡ് മൂലം മരണമടഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ അങ്ങിനെ അമേരിക്കയ്ക്ക് പിന്നാലെ ബ്രസീല്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു. ബ്രസീല്‍ ജനതയെ കൂട്ടക്കുരുതി നടത്തിയ പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്കെതിരെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം പുകയുകയാണ്.
ബ്രസീലിന്റെ ആരോഗ്യമന്ത്രി മാര്‍സെലോ ക്വെറോഗയാണ് മരണസംഖ്യ ട്വിറ്ററിലൂടെ അറിയിച്ചത്. 5,00800 പേരുടെ മരണമാണ് ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
ആശങ്കയുണര്‍ത്തി, ഈയാഴ്ച ബ്രസീലില്‍ മരണസംഖ്യ മെയ് 10ന് ശേഷം ഇതാദ്യമായി വീണ്ടും 2000 കവിഞ്ഞു. ‘മൂന്നാം തരംഗം എത്തുകയാണ്. മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും വലിയ മാറ്റം വരികയാണ്,’ ആശങ്കകള്‍ പങ്കുവെച്ച് എസ്പിരിറ്റോ സാന്റോ സര്‍വ്വകലാശാലയിലെ എപിഡമിയോളജിസ്റ്റായ (രോഗ പര്യവേക്ഷകന്) ഇതെല് മാസിയെല് പറഞ്ഞു. വാക്സിനേഷന് വേഗതയില്ലെന്നും നിയന്ത്രണ നടപടിക്രമങ്ങളുടെ കാര്യത്തില്‍ സൂചനകളൊന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേ സമയം ബ്രസീലിനെ വലിയ നഗരങ്ങളില്‍ റസ്റ്റൊറന്റുകളും കടകളും തുറന്നു, തെരുവുകളില്‍ പലരും മുഖം മൂടി ധരിയ്ക്കുന്നില്ല. എന്നാല്‍ ബ്രസീലിന്റെ 27 സംസ്ഥാനങ്ങളില്‍ 19 എണ്ണത്തിലും 80 ശതമാനത്തിലധികമാണ് ഐസിയു കിടക്കകളിലെ രോഗികളുടെ സാന്നിധ്യം. ഒമ്പത് സംസ്ഥാനങ്ങളില്‍ ഐസിയു ബെഡുകളില്‍ 90 ശതമാനത്തിലധികം പേര് ഉണ്ട്.
ജനവരി മുതല്‍ ഏപ്രില്‍ വരെയുണ്ടായ രണ്ടാം തരംഗത്തിലും സ്ഥിതിഗതികള്‍ മാരകമായിരുന്നു. വടക്കന്‍ ബ്രസീലിലെ മനോസ് എന്ന പ്രദേശത്ത് നിന്നും ഉത്ഭവിച്ച ഗാമ എന്ന കോവിഡ് വൈറസ് വകഭേദം മരണസംഖ്യ കുത്തനെ കൂട്ടി. മെയ് മാസത്തോടെ കാര്യങ്ങള്‍ മെച്ചപ്പെട്ട് വരികയായിരുന്നു. പൊടുന്നനെ വീണ്ടും മരണസംഖ്യ കൂടി. വാസ്തവത്തില്‍ ദിവസേന 2000 പേര് മരിയ്ക്കുന്ന സാഹചര്യത്തില്‍ പൊടുന്നനെ നഗരങ്ങള്‍ അണ്‍ലോക് ചെയ്തത് അബദ്ധമായെന്ന നിലപാടാണ് പല ആരോഗ്യവിദഗ്ധര്ക്കുമുള്ളത്.
ആദ്യമൊക്കെ വാക്സിനെതിരെ കടുത്ത നിലപാടെടുത്ത ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബൊല്‍സനാരോ പിന്നീട് 2021 അവസാനിക്കുന്നതിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും വാക്സിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. തുടക്കം മുതലേ മഹാമാരിയെ ഗൗരവത്തിലെടുക്കാതെയുള്ള ബൊല്‍സൊനാരോയുടെ രീതി കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഫലപ്രദമല്ലാത്ത പല ചികിത്സകളും പോംവഴികളും കോവിഡിനെതിരെ ബൊല്‍സനാരോ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അദ്ദേഹത്തെ അപഹാസ്യനാക്കുകയും ചെയ്തു. ഇപ്പോള്‍ ബ്രസീല്‍ തെരുവുകളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. ബൊല്‍സനാരോ രാജിവെക്കുക എന്ന ബാനറുകളുമായി റിയോ ഡി ജനെയ്റോ, ബ്രസീലിയ, മറ്റ് നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ അരങ്ങേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: