ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് പുതിയ രാഷ്‌ട്രീയപ്രതിസന്ധിയായി മാറി. ‘വിവേകശൂന്യമായ തീരുമാനം’ പിന്‍വലിക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറും രണ്ട് എംഎല്‍എമാരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ഘടകത്തില്‍നിന്ന് നേരത്തേ തന്നെ എതിര്‍ശബ്ദങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അമരീന്ദര്‍ സിംഗ് തീരുമാനം റദ്ദാക്കാന്‍ ഒരുക്കമല്ല. ‘അവരുടെ കുടുംബങ്ങളുടെ ത്യാഗത്തിനുള്ള കൃതജ്ഞതയും നഷ്ടപരിഹാരവുമെന്ന നിലയിലുള്ള ചെറിയ പ്രതിഫലം’ എന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ അര്‍ജുന്‍ പ്രതാപ് സിംഗ് ബജ്വ, ഭിഷം പാണ്ഡെ എന്നിവരുടെ മക്കളെ പൊലീസ് ഇന്‍സ്‌പെക്ടറായും നയിബ് തഹ്‌സില്‍ദാര്‍ ആയും നിയമിക്കാന്‍ വെള്ളിയാഴ്ചയാണ് പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇവരുടെ മുത്തച്ഛന്‍മാര്‍ ഭീകരരാല്‍ കൊല്ലപ്പെട്ടത് പരിഗണിച്ചായിരുന്നു നടപടി. ‘രണ്ടു കോണ്‍ഗ്രസ് എംഎല്‍മാരുടെ മക്കള്‍ക്ക് ജോലി നല്‍കാനുള്ള പഞ്ചാബ് മന്ത്രിസഭാ തീരുമാനം പിന്‍വലിക്കുമോയെന്ന ചോദ്യമില്ല. ഇത് അവരുടെ കുടുംബങ്ങളുടെ ത്യാഗത്തിനുള്ള കൃതജ്ഞതയും നഷ്ടപരിഹാരവുമെന്ന നിലയിലുള്ള ചെറിയ പ്രതിഫലമാണ്. ചിലര്‍ തീരുമാനത്തിന് രാഷ്‌ട്രീയനിറം നല്‍കുന്നത് നാണക്കേടാണ്’.- അമരീന്ദര്‍ സിംഗ് പറഞ്ഞതായി മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ ട്വീറ്റ് ചെയ്തു. ‘ആശയങ്ങൾക്കും നിഷ്പക്ഷതയ്‌ക്കും’ തീരുമാനം എതിരാണെന്ന് ശനിയാഴ്ച ജാഖര്‍ പ്രതികരിച്ചു. ‘മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജി വിവേക ശൂന്യമായ തീരുമാനം പിന്‍വലിക്കണം. കോണ്‍ഗ്രസും അമരീന്ദര്‍ സിംഗും പിന്തടുരുന്ന ആശയങ്ങൾക്കും നിഷ്പക്ഷതയ്‌ക്കും എതിരാണ് തീരുമാനം’-ജാഖര്‍ പിടിഐയോട് പറഞ്ഞു.
തീരുമാനം തിരുത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കുല്‍ജിത് നഗ്ര പറഞ്ഞപ്പോള്‍ ബജ്വയും പാണ്ഡെയും മക്കള്‍ക്കുള്ള ജോലി വാഗ്ദാനം സ്വീകരിക്കരുതെന്ന് മറ്റൊരു എംഎല്‍എ അമരീന്ദര്‍ സിംഗ് രാജ വാരിംഗ് ആവശ്യപ്പെട്ടു. ‘അദ്ദേഹത്തിന്റെ കസേര നിലനിര്‍ത്താന്‍’ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറ് വിലയ്‌ക്കുവാങ്ങാനുള്ള ശ്രമമാണ് തീരുമാനമെന്ന് പ്രതിപക്ഷമായ ശിരോമണി അകാലിദള്‍ ആരോപിച്ചു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍ എംപിമാരും എംഎല്‍എമാരുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി കൂടിക്കാഴ്ച നടത്തി വരികയാണ് അമരീന്ദര്‍ സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: