ചെങ്ങന്നൂര്‍: മരംമുറി വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ ഉദ്യോഗസ്ഥതലത്തില്‍ ഉത്തരവില്‍ പിശകുപറ്റിയെന്ന് വരുത്തിത്തീര്‍ക്കാന്‍ നീക്കം. ഇത് വ്യക്തമാക്കുന്നതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ലാന്‍ഡ് റവന്യൂവിന് അയച്ച കത്ത്. മരംമുറി സംബന്ധിച്ച് വ്യക്തതയോടെ പുതിയ നിയമം നിര്‍മ്മിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഈ മാസം 14ന് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കയച്ച ഔദ്യോഗിക കത്തിലാണ് വിഴ്ച തുറന്നു സമ്മതിക്കുന്നത്.
പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും നിലനിര്‍ത്തിയതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും പട്ടയ ഉടമയ്ക്ക് മുറിക്കാമെന്നുള്ള ഉത്തരവിലെ സര്‍ക്കാരിലേക്ക് നിലനിര്‍ത്തിയിരുന്ന മരങ്ങള്‍ മുറിക്കാമെന്നുള്ള വാചകം പിശകായിരുന്നുവെന്ന് കത്തില്‍ ജയതിലക് തന്നെ വ്യക്തമാക്കുന്നു. പിശക് തിരുത്തി പുതിയ ഉത്തരവിറക്കിയതായും ഈ ഉത്തരവിലും അവ്യക്തത ഉണ്ടായിരുന്നതായും കത്തില്‍ സ്ഥിരീകരിക്കുന്നു. ഉത്തരവിലെ അവ്യക്തത മുതലെടുത്ത് വ്യാപകമായി മരം മുറി നടന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നും പുതുക്കിയ ഉത്തരവ് പുറത്തിറക്കിയതെന്നും കത്തില്‍ പറയുന്നു.
2017 ആഗസ്റ്റ് 17ന് ശേഷം കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ സ്വയം കിളിര്‍ത്ത് വന്നതോ ആയതും 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ക്ക് കീഴിലുള്ള പാര്‍ട്ട് എ, ബി എന്നിവയില്പെട്ടതുമായ മരങ്ങള്‍ മാത്രമാണ് പട്ടയ ഉടമയ്ക്ക് മുറിക്കാന്‍ കഴിയുന്നതെന്നും കത്തില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം വ്യക്തമായി മുന്‍ ഉത്തരവില്‍ സൂചിപ്പിക്കുന്നില്ല. ഇതാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമായി ഉള്‍പ്പെടുത്തി പുതിയ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. മരംമുറി വിവാദമായതോടെ കേവലം ഉദ്യോഗസ്ഥതലത്തില്‍ വന്ന പിശക് മാത്രമാക്കി ചുരുക്കി തടിതപ്പാനാണ് പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: