എം. ശ്രീഹര്ഷന്
ഒരു നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ വിടരുന്നത് എന്താവാം? ഒരു ജീവിതമാണോ? ഒന്നിലധികം ജീവിതങ്ങളാണോ? ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പടരുന്ന ജീവിതപരിണാമമാണോ? അനേകജീവിതങ്ങളില്‍ ഒരുപോലെ നിഴലിക്കുന്ന ജൈവസത്യങ്ങളാണോ? കാലത്തിന്റെ പാളികള്‍ ഭേദിച്ച് അമേയവും അരൂപവുമായ ജന്മാന്തരസ്മൃതികളില് വിലയിക്കുന്ന ജീവിതപ്പൊരുളുകളാണോ? രചനയുടെ മാനങ്ങളനുസരിച്ച് ഇവയില്‍ ഏതുമാവാം. എന്നാല്‍ രചനാവേളയില്‍ കഥാകൃത്തിന്റെ മനസ്സിലൂടെ ഇവയെല്ലാം ഒന്നിച്ച് കടന്നുപോയി എന്നിരിക്കും. തന്റേതായ എല്ലാതരം അനുഭവങ്ങളും അവിടെ രാസത്വരകമായി മാറും. പ്രതിഭയുടെ പരിമാണത്തിനുമനുസരിച്ചുള്ള അവയുടെ സന്നിവേശമാണ് രചനയുടെ വിതാനങ്ങള്‍ സൃഷ്ടിക്കുന്നത്. സര്‍ഗവൈഭവമുള്ള എഴുത്തുകാര്‍ക്ക് ഇതേ പ്രക്രിയ വായനക്കാരുടെ മനസ്സിലും സൃഷ്ടിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കെ. കവിതയുടെ നോവലുകള്‍. ലളിതാംബികാ അന്തര്ജനത്തില്നിന്നും മാധവിക്കുട്ടിയില്‍നിന്നും തുടങ്ങി പി. വത്സലയിലൂടെ കടന്നുപോകുന്ന ആ പരമ്പരയിലെ തിളങ്ങുന്ന കണ്ണിയാണ് കെ. കവിത.
മലയാളത്തിലും കന്നഡയിലും ഒരുപോലെ പ്രസിദ്ധയായ എഴുത്തുകാരി. പിന്നിട്ടത് എഴുത്തിന്റെ അമ്പതാണ്ട്. എത്തിയിരിക്കുന്നത് ജീവിതയാത്രയിലെ സപ്തതിയുടെ നിറവില്‍. തൃശൂരുകാരിയായ കവിതച്ചേച്ചി കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ബംഗളരുവിലാണ് താമസം. പത്ത് നോവലുകളും നാല് കഥാസമാഹാരങ്ങളും മൂന്ന് ബാലസാഹിത്യകൃതികളും രചിച്ച ഇവര്‍ക്ക് കുങ്കുമം അവാര്‍ഡ്, പൂര്‍ണ ഉറൂബ് പുരസ്കാരം, സഹൃദയസാഹിത്യ അവാര്‍ഡ്, സഹോദരന് അയ്യപ്പന് സാഹിത്യ പുരസ്കാരം, ദുബായ് മലയാളവേദിയുടെ ടി.വി കൊച്ചുബാവ പുസ്കാരം, സപര്യ പ്രവാസി സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, കുങ്കുമം വാരിക, കന്നഡ വാരികയായ ‘സുധ’ എന്നീ പ്രമുഖ ആനുകാലികങ്ങളില്‍ കവിതയുടെ നോവലുകള്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, മാതൃഭൂമി, തൃശൂര്‍ കറന്റ് ബുക്സ്, പൂര്‍ണ പബ്ലിക്കേഷന്‍സ്, ബാലസാഹിതി പ്രകാശന് തുടങ്ങി പ്രമുഖരായ പ്രസാധകരാണ് ഇവരുടെ കൃതികള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്. വിഖ്യാത നിരൂപകരായ സുകുമാര്‍ അഴീക്കോട്, എം. ലീലാവതി, കെ.പി ശങ്കരന് തുടങ്ങിയവരുടെ പഠനങ്ങളിലൂടെ അവരുടെ കൃതികള്‍ വായനാലോകത്ത് ശ്രദ്ധിക്കപ്പെടുകയുണ്ടായി. എഴുത്തിന്റെ പുറമ്പോക്കുകളില്‍ കയറി ബഹളങ്ങളുണ്ടാക്കാതെ നിലാവെട്ടത്തുനിന്നു മാറി തന്റെ രചനകളിലൂടെ മാത്രം അവര്‍ സഹൃദയരോട് സംവദിച്ചുകൊണ്ടിരിക്കുന്നു.
പെണ്‍ജീവിതത്തിന്റെ വിഹ്വലതകള്‍
കവിതച്ചേച്ചിയുടെ കൃതികള്‍ സ്ത്രീപക്ഷകേന്ദ്രീകൃതമാണെങ്കിലും മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെടുന്ന പെണ്ണെഴുത്തുകാരുടേതില്നിന്നു വ്യത്യസ്തമായി മനുഷ്യനെ എല്ലാ നന്മതിന്മകളോടെയും സമഗ്രമായി ഉള്‍ക്കൊള്ളുന്നവയാണ്. ഭാരതീയസംസ്കാരത്തിന്റെ ഭാവാത്മകത അതില്‍ തുടിച്ചുനില്ക്കുന്നുണ്ട്. ഒരെഴുത്തുകാരി എന്ന നിലയില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ മനുഷ്യപക്ഷത്തുനിന്ന് കാണാനാണ് ഇവര്‍ ശ്രമിക്കുന്നത്.
തന്റെതു മാത്രമായ കഥനവഴികളിലൂടെ ഈ കഥാകാരിയുടെ രചനകള്‍ ഓരോ ഘട്ടത്തിലും പുതിയതലങ്ങളിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. പെണ്‍ജീവിതത്തിന്റെ വിഹ്വലതകളും ഏകാന്തതകളും അനാഥത്വവുമാണ് കവിതയുടെ മിക്ക കൃതികളിലെയും പ്രമേയമെങ്കിലും ഓരോന്നിലും നിറയുന്ന ജീവിതവീക്ഷണത്തിന്റെ മാനങ്ങള്‍ വ്യത്യസ്തമാണ്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്കുള്ള വികാസം.
ജീവിതവ്യഥകളില്നിന്നുയിരിടുന്ന മനോവ്യാപാരങ്ങളുടെ സൂക്ഷ്മതലങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രങ്ങള്‍. ആദ്യകാലകഥകളുടെ ഭൂമിക സമകാലികജീവിതമാണെങ്കില് പിന്നീട് ഒരു ഘട്ടത്തിലെത്തിയപ്പോള്‍ പുരാണേതിഹാസകഥകളും കഥാപാത്രങ്ങളുമാണ് രചനയ്ക്കുള്ള ഉപകരണങ്ങളായി ഈ നോവലിസ്റ്റ് ഉപയോഗിച്ചത്. പുരാണകഥാപാത്രങ്ങളുടെ മാനസികസഞ്ചാരങ്ങള്‍ അവതരിപ്പിക്കുമ്പോഴും ആനുകാലികമായ ജീവിതപരിസരത്തിനിണങ്ങുംവിധമുള്ള ചിന്തകളെ ഉള്‍ച്ചേര്‍ക്കാനുള്ള കഥാകാരിയുടെ കൗശലമാണ് ആ പുനരാഖ്യാനങ്ങളെ പ്രസക്തമാക്കുന്നത്. എല്ലാ നോവലുകളിലെയും കഥാപാത്രങ്ങള്‍ തങ്ങള്‍ കടന്നുപോവുന്ന ജീവിതച്ചൂളയിലെ ചൂടില്‍ വെന്തുരുകി എത്തിച്ചേരുന്നത് ജീവിതപ്പൊരുളിന്റെ വിശുദ്ധിയിലേക്കാണ്. ഇത് മറ്റുള്ള പെണ്ണെഴുത്തുകാരില്നിന്നും കവിതയെ വ്യത്യസ്തയാക്കുന്നു.
കവിതയുടെ നോവലുകളില്‍ ഏറെ മികവു പുലര്‍ത്തിയ ‘മാധവി’ എന്ന നോവലിന്റെ ഇതിവൃത്തം മഹാഭാരതത്തിലെ ഉദ്യോഗപര്വത്തിലുള്ളതാണ്. ശിബിയുടെ മാതാവായ മാധവി. യയാതിപുത്രിയായ മാധവി. വിവാഹിതയാവാതെ നാലു പുരുഷന്മാര്ക്ക് ഇണയാവേണ്ടി വന്നവള്‍. പ്രസവിച്ച കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്താനുള്ള ഒരമ്മയുടെ അവകാശം നിഷേധിക്കപ്പെവള്. മനുഷ്യസഹജമായ സൗഭാഗ്യങ്ങളൊക്കെ നഷ്ടപ്പെട്ട് അവസാനം സ്വയംവരമാല്യം കാനനത്തിലേക്കെറിഞ്ഞ് വനത്തെ വരനായി സ്വീകരിച്ചവള്‍. പുല്ലുതിന്നും വെള്ളം കുടിച്ചും മൃഗചര്യയനുഷ്ഠിച്ച മാധവിയുടെ അവസ്ഥാന്തരങ്ങളുടെ വികാസമാണ് ഈ നോവലിലുള്ളത്. ചെറിയൊരു ഇതിഹാസകഥാസന്ദര്ഭത്തെ കാലാതിവര്‍ത്തിയായ ചില ജീവിതസത്യങ്ങളുടെ വ്യാഖ്യാനമായി പുനരവതരിപ്പിക്കുകയായിരുന്നു നോവലിസ്റ്റ്.
പുതുമ നിറയുന്ന പുനരാഖ്യാനങ്ങള്‍
മായാസീത, ദമയന്തി, അംബ എന്നീ നോവലുകളും സമാനമായ തരത്തില്‍ ഇതിഹാസപുരാണങ്ങളെ ഉപജീവിച്ച് രചിച്ചവയാണ്. മലയാളത്തില്‍ ഉണ്ടായ അത്തരം രചനകളില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകഥാപാത്രങ്ങളുടെ മാനസികാപഗ്രഥനത്തിലൂടെ പുതിയ ഭാവുകത്വം സൃഷ്ടിക്കുന്ന കാവ്യാത്മകമാനമുള്ളവയാണ് ഈ കൃതികള്‍. ‘ദമയന്തി’ എന്ന നോവലിന്റെ അവതാരികയില്‍ സുകുമാര്‍ അഴീക്കോട് പറയുന്നു: ”വിദര്‍ഭയില്‍നിന്ന് കാനനാന്തരങ്ങളിലൂടെ ആദ്യം നളനൊപ്പവും പിന്നെ തനിച്ചും, യാത്രചെയ്ത് വനപ്രകൃതിയുടെ സമൃദ്ധമായ സൗന്ദര്യവും മനുഷ്യപ്രകൃതിയുടെ മൃഗീയവൈരൂപ്യവും ഒരേസമയത്ത് അനുഭവിച്ചുകൊണ്ട് ഭീമനരേന്ദ്രസുത ചേദിയിലേക്കും സാകേതത്തിലേക്കും സഞ്ചരിച്ച് പ്രാണനാഥന്റെ മൂടുപടങ്ങലെല്ലാം നീക്കി അദ്ദേഹത്തെ കണ്ടെത്തുന്ന ഈ കഥാശില്പം ഒരു നിമിഷംപോലും വായനക്കാരെ മുഷിപ്പിക്കുകയില്ല. ഉടനീളം രചന മൃദുലവും ചടുലവുമാണ്.”
ഇതിഹാസപുരാണ കഥാംശങ്ങള്‍ പുനരാഖ്യാനം നടത്തുമ്പോള്‍ ഭാഷയിലും രചനാതന്ത്രത്തിലും ആഖ്യാനശൈലിയിലും വരുത്തേണ്ട പുതുമയും ഗരിമയും ശ്രദ്ധയോടെ നിര്വഹിച്ചിരിക്കുന്നുവെന്നതാണ് കവിതയുടെ ഈ നോവലുകളുടെ സവിശേഷത. ‘ദമയന്തി’ എന്ന നോവല്‍ മലയാളത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും കന്നഡയില്‍ ‘സുധ’ വാരികയിലും ഒരേ സമയത്താണ് ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചതെന്നത് ഭാഷയ്ക്കതീതമായി സാഹിത്യലോകത്തിലുള്ള അതിന്റെ സ്വീകാര്യത വെളവാക്കുന്നു.
കറുത്ത നക്ഷത്രങ്ങളെ കാണുന്ന പെണ്‍കുട്ടി
കവിതയുടെ എല്ലാ രചനകളിലും അടിയൊഴുക്കായി നിലനില്‍ക്കുന്ന ജീവിതദര്‍ശനത്തിന്റെ സ്വാഭാവികമായ വളര്‍ച്ചയാണ് ആദ്യകാലം തൊട്ടുള്ള ഓരോ കൃതികളിലും കാണാന്‍ കഴിയുക. ആദ്യകാലത്തെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് ‘വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങള്‍’. 1978 ലെ കുങ്കുമം അവാര്‍ഡ് ലഭിച്ച ഈ നോവല്‍ അനാഥയായ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി കടന്നുപോവുന്ന കദനവഴികളാണ് ആവിഷ്കരിച്ചത്. മതത്തിന്റെ കൂറ്റന്‍ മതില്ക്കെട്ടിനുള്ളില്പ്പെട്ടുപോയ സ്ത്രീകളിലൊക്കെ അവള് തന്റെ പ്രതിരൂപങ്ങളാണ് കണ്ടത്. അനാഥത്വത്തിന്റെ തറനിരപ്പില്‍നിന്ന് ആകാശത്തേക്കു നോക്കുമ്പോള്‍ കറുത്ത നക്ഷത്രങ്ങളെ മാത്രം കാണനിടയായ ഒരു പെണ്‍കുട്ടിയുടെ വികാരനിര്‍ഭരമായ കഥയാണത്.
ആ നോവല്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്: ”നീ വിചാരിച്ചപോലെ ഭൂമിയില്‍ നല്ല മനുഷ്യരുടെ നിരയറ്റുപോയിട്ടില്ല. മുല്ലപ്പൂവിന്റെ പരിമളം മെല്ലെ അവരെ ഉമ്മവയ്ക്കാന്‍ തുടങ്ങി. എല്ലാം മറന്ന് ഏതോ സുന്ദരമേഖലയിലേക്കവര് ഉയര്‍ന്നുകൊണ്ടിരുന്നു.” ജീവിതനിരാശകളുടെ കയങ്ങളിലൂടെ സഞ്ചരിക്കുന്ന കഥ ജീവിതപ്രതീക്ഷയുടെ വെളിച്ചത്തെയാണ് ഒടുവില്‍ ചൂണ്ടിക്കാണിച്ചു തരുന്നത്.
ആദ്യകാലം മുതല്ക്കേ കവിതയുടെ കഥകള്‍ പ്രസിദ്ധീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയിതുപോന്നിരുന്ന മനോരമ വാരിക, പക്ഷേ ‘വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങള്‍’ എന്ന നോവല്‍ അയച്ചുകൊടുത്തപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ തയാറായില്ല. അതിലെ പൊള്ളുന്ന പ്രമേയം ചിലര്‍ക്ക് അസുഖകരമായിത്തോന്നാം എന്നതിനാല്‍. പിന്നീട് എന്‍.വി കൃഷ്ണവാരിയര്‍ പത്രാധിപരായിരുന്ന കുങ്കുമം വാരികയാണ് അത് പ്രസിദ്ധീകരിച്ചത്. അടുത്ത കാലത്ത് അഭയകേസിലൂടെയും ചില കന്യാസ്ത്രീകളുടെ വെളിപ്പെടുത്തലിലൂടെയും നോവലില്‍ പരാമര്‍ശിക്കപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് പുറംലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണ് എന്നത് അതിലെ ഇതിവൃത്തത്തിന്റെ പ്രസക്തിയും പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നു.
ഈ നോവല്‍ വായിച്ച പ്രശസ്ത നോവലിസ്റ്റ് കെ. സുരേന്ദ്രന് പറഞ്ഞത് ഇങ്ങനെയാണ്: ”പൊടുന്നനെ ഉജ്ജ്വലമായ ഒരു വെളിച്ചത്തില്‍ ചെന്നുപെട്ടപോലത്തെ അനുഭവമായിരുന്നു എനിക്കത്. പ്ലാസ്റ്റിക് പൂക്കളുടെ കൂട്ടത്തില്‍ പ്രകൃതി വിടര്‍ത്തിയ ഒരു തനിപ്പൂവ്.” 1997 ല്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്ത ഈ നോവലിന് അവിടെത്തെ സഹൃദയലോകത്തുനിന്നു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിവര്‍ത്തനത്തിനുള്ള കര്‍ണാടക സര്‍ക്കാറിന്റെ കുവമ്പു ഭാഷാഭാരതീ പുരസ്കാരവും അതിന് ലഭിക്കുകയുണ്ടായി.
ബാല്യകാലത്തിന്റെ സങ്കടപ്പാടുകള്‍
ഏതെങ്കിലും തരത്തില്‍ അനാഥത്വം അനുഭവിക്കുന്ന കഥാപാത്രങ്ങളാണ് മിക്ക കൃതികളിലും മുഖ്യസ്ഥാനത്ത് കാണാന്‍ കഴിയുന്നത്. ചിലതില്‍ വളരെ നിഗൂഢമായും ചിലതില്‍ വളരെ പ്രകടമായും. ജീവിത്തിന്റെ അനിഷേധ്യമായ ഈ അനാഥാവസ്ഥയെ രചനയുടെ ഉദ്ഗാരത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണോ എഴുത്തുകാരി എന്നു തോന്നും.
ബാല്യകാലത്തെ സ്വന്തം ജീവിതാനുഭവത്തിലെ പൊള്ളുന്ന ഓര്‍മ്മകള്‍ ഈ കഥാകാരിയുടെ ഉപബോധമനസ്സിലും ബോധമനസ്സിലും സൃഷ്ടിച്ച അനുരണനങ്ങള്‍ അവരുടെ രചനകളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പിതാവ് കൂര്ക്കപ്പറമ്പില് കൃഷ്ണന്‍കുട്ടി. അദ്ദേഹത്തില്‍നിന്ന് മൂത്തപുത്രിയായ തനിക്കും അമ്മയ്ക്കും അനുജത്തിമാര്‍ക്കും കിട്ടിയ ക്രൂരമായ മര്‍ദനങ്ങളും അവഗണനയും വെറുപ്പും. പിതൃസ്നേഹത്തിന്റെ മധുരമെന്തെന്ന് അറിയതെ വളര്‍ന്ന കുട്ടിക്കാലം. സമ്പത്തുണ്ടായിട്ടും ഇല്ലായ്മ മാത്രം അനുഭവിക്കേണ്ടിവന്ന വിധിവൈപരീത്യം. വീട്ടില്‍ ഉച്ചത്തില്‍ വായിച്ച് പഠിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന അവസ്ഥ.
അച്ഛാച്ഛനായ രാമന് ആശാന് സംസ്കൃതപണ്ഡിതനായിരുന്നു. കവിതച്ചേച്ചിയുടെ പിതാവിന് പത്തുവയസ്സുളളപ്പോള്‍ കാശിക്കുപോയ അദ്ദേഹം പിന്നെ തിരിച്ചുവന്നില്ല. കുട്ടിക്കാലത്ത് അനുഭവിച്ച ആ അനാഥത്വവും ദീര്‍ഘകാലം അന്യനാട്ടില്‍ ജോലിചെയ്ത് കഴിയേണ്ടി വന്നതുമെല്ലാം കുടുംബത്തോടുള്ള വെറുപ്പായി പരിണമിച്ചതാവാം എന്നാണ് ചേച്ചി പറയുന്നത്. ക്രൂരതയുടെ അവതാരമായാണ് പിതാവ് വിദേശവാസം കഴിഞ്ഞ് തന്റെ ബാല്യകൗമാരങ്ങളിലേക്ക് വന്നിറങ്ങിയത്.
പിതാവില്‍നിന്നുണ്ടായ തീക്ഷ്ണമായ ദുരനുഭവങ്ങളില്‍നിന്നും ജീവിതത്തിലെ അരക്ഷിതാവസ്ഥയല്നിന്നും രക്ഷ നേടാന്‍ കൂടിയാണ് ചെറുപ്പത്തിലേ വായനയുടെ ലോകത്തിലേക്ക് അവര്‍ സഞ്ചരിച്ചത്. സ്നേഹമയിയായ ഇളയമ്മയും മറ്റു ചിലരും അതിന് സഹായിക്കുകയും ചെയ്തു. ഒരു എഴുത്തുകാരിയുടെ പിറവിക്ക് പ്രേരകമായത് ആ വായനയാണ്. അച്ഛനില്നിന്നുണ്ടാവുന്ന പീഡനങ്ങള്‍ മനസ്സിലേല്‍പ്പിച്ച വേദന വാക്കുകളാക്കി ഒരു നേട്ടുബുക്കില് കുത്തിക്കുറിക്കുമ്പോള്‍ ‘അങ്ങനെയെങ്കിലും നിന്റെ സങ്കടം കുറയുമെങ്കില്‍ എഴുതിക്കോളൂ’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. കുണ്ടുവാറ വളപ്പില്‍ ഗൗരിയമ്മ. ഒരുപാട് കീടജന്മങ്ങള്‍ കഴിഞ്ഞാണ് മനുഷ്യനായി പിറക്കുന്നത്. എല്ലാം കര്‍മ്മഫലമാണെന്നു കരുതി ആ ജന്മം നല്കുന്ന അനുഭവങ്ങളൊക്കെ ഇരുകൈയുംനീട്ടി സ്വീകരിക്കുക എന്നു പറഞ്ഞ് മക്കളെ ആശ്വസിപ്പിച്ച സര്‍വംസഹയായ ആ അമ്മയ്ക്കാണ് കവിതച്ചേച്ചി തന്റെ ‘അംബ’ എന്ന നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ആദ്യപ്രതിഫലമായ ഇരുപത് രൂപ
വീട്ടിലെ ദുരിതത്തില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ആ അമ്മ ചെയ്തത് അവരെ തയ്യല്‍ക്ലാസില്‍ ചേര്‍ക്കലായിരുന്നു. അതിന്റെ ഫലമായി അടുത്തുള്ള ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തില്‍ ചെറിയ ജോലി ലഭിച്ചു. അവിടത്തെ കോണ്‍വെന്റില്‍ താമസസൗകര്യവും കിട്ടി. അതോടെ കവിതച്ചേച്ചിയുടെ ജീവിതം മാറിമറിയുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു അനുഭവിച്ചു. മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരാന്‍ കഴിഞ്ഞു. വായനയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. എഴുത്തിന്റെ വഴികള്‍ തുറന്നു കിട്ടി.
എഴുതിയ കവിതകളും കഥകളും പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചുകൊണ്ടിരുന്നു. കോണ്‍വെന്റിലെ പ്രിയപ്പെട്ട സിസ്റ്റര്മാര് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പത്തൊമ്പതാം വയസ്സില്‍ തന്റെ ചെറുകഥ മനോരമയില്‍ അച്ചടിച്ചു വന്നതും, അതിന് പ്രതിഫലമായി ഇരുപതു രൂപ ലഭിച്ചതും ഉണ്ടാക്കിയ ആത്മവിശ്വാസവും ആവേശവുമാണ് ഇക്കാലമത്രയും സാഹിത്യലോകത്ത് സജീവമായി നിലകൊള്ളാന്‍ കാരണമായതെന്ന് അവര്‍ ഓര്‍ക്കുന്നു.
ആദ്യനോവല്‍ ‘ദൈവപുത്രി’ വെളിച്ചം കണ്ടത് മലയാളം എക്സ്പ്രസ് പത്രത്തിലൂടെയായിരുന്നു. മനീഷിയും വാഗ്മിയുമായിരുന്ന അതിന്റെ പത്രാധിപര്‍ വി. കരുണാകരന് നമ്പ്യാരെ യാതൊരു മുന്പരിചയുമില്ലാതെ, ആരുടെയും ശുപാര്‍ശയില്ലാതെ നേരില്‍ക്കണ്ട് നോവല്‍ കൊടുത്തു. അദ്ദേഹത്തിനത് വളരെ ഇഷ്ടപ്പെടുകയും ഞായറാഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുകയുമായിരുന്നു. അതോടെ എഴുത്തില്‍നിന്നു കിട്ടിക്കൊണ്ടിരുന്ന ചെറുപ്രതിഫലവും നേരത്തെയുണ്ടായിരുന്ന ചെറുജോലിയും ജീവിതത്തെ സുരക്ഷിതമാക്കിത്തീര്‍ത്തു.
ദൈവപുത്രി, അമ്പിളി, അപശ്രുതി, ചിത്തരോഗാശുപത്രി, ചിത, വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങള്‍ എന്നീ ആദ്യകാലരചനകളിലെല്ലാം ലൗകികജീവിതം തന്നിലുണ്ടാക്കിയ പ്രതികരണങ്ങളില്‍ സ്വാനുഭവങ്ങളില്നിന്നുല്ഭൂതമായ വൈകാരികത സന്നിവേശിപ്പിക്കാന്‍ കഥാകാരി തീവ്രമായി ശ്രമിച്ചിട്ടുണ്ട്. ആ കഥകളുടെ ലോകത്തിലേക്ക് പ്രവേശിക്കുന്ന വായനക്കാര്‍ക്കും വികാരവിരേചനം സാധ്യമാവുന്നു. പുരാണകഥാഖ്യാനവേളയിലും തന്റെ മനസ്സിനടിയില് ഊറിക്കിടക്കുന്ന അനുഭവതലങ്ങളുടെ വൈകാരികാംശം കണ്ണീരുറവപോലെ ഒഴുകിനിറയുന്നുണ്ട്. ‘അംബ’ എന്ന നോവലിലെ ഒരു സംഭാഷണം ശ്രദ്ധിക്കുക: ”കുമാരിക്കറിയാമോ വേരില്ലാത്തവരുടെ ആത്മവേദന? പിതൃബന്ധം നിഷേധിക്കപ്പെട്ടവരുടെ നോവ്?” എഴുത്തുകാരിയില്‍ ആഴത്തില്‍ വടുകെട്ടിക്കിടക്കുന്ന ആശയമാണ് ഇതെന്ന് പ്രൊഫ. കെ.പി ശങ്കരന് നിരീക്ഷിക്കുന്നു.
പൂക്കള്‍ക്ക് ശോഭിക്കാന്‍ ഇല പൊഴിക്കുന്ന മരം
ഇവരുടെ കഥകളില്‍ മൃദുലമായ വികാരങ്ങളോ ജീവിതത്തിന്റെ മസൃണതലങ്ങളോ കാര്യമായി കാണാന്‍ കഴിയില്ല. പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലൂടെ ജീവിതസത്യത്തെ അന്വേഷിക്കുന്നവയാണ് ആ കഥകളൊക്കെ. ‘കവിതയുടെ കഥകളില്‍ പ്രണയമില്ലല്ലോ’ എന്ന് ചില പ്രസാധകരും പത്രാധിപന്മാരും പരാതിപ്പെട്ടിരുന്നത്രേ. പൊള്ളുന്ന ചില അനുഭവങ്ങള്‍ സ്ത്രീമനസ്സുകളില്‍ പ്രണയത്തിനപ്പുറം അവാച്യമായ നീറ്റലായി നിറയുമ്പോള്‍ അതു മാത്രമേ തനിക്ക് ആവിഷ്കരിക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് ഇവര്‍ പറയുന്നത്.
കഥകളില്‍ അടിയൊഴുക്കായി നിറയുന്ന സ്വാനുഭവസ്മൃതികള് തന്റെ ബാലസാഹിത്യകൃതികളില്‍ കടന്നുവരാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിയെന്നത് ഈ നോവലിസ്റ്റിന്റെ ഭാവാത്മകമായ ജീവിതവീക്ഷണത്തിന് തെളിവാണ്. തിന്മകളുടെ മറുഭാഗത്ത് നിറഞ്ഞുനില്ക്കുന്ന, ജീവിതത്തെ പ്രകാശമാനമാക്കുന്ന നന്മകളുടെ സൗന്ദര്യത്തെയാണ് അവര്‍ കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. എല്ലാറ്റിനും ഒടുവില്‍ ഉണ്ടാവുന്ന വിജയം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മനുഷ്യത്വത്തിന്റേതുമാണെന്ന സന്ദേശം കുട്ടികള്‍ക്കു നല്കുന്നവയാണ് ബാലസാഹിതീപ്രകാശന് പ്രസിദ്ധീകരിച്ച ‘കുഞ്ഞാണു’, ബംഗളരുവിലെ കലാരംഗം പ്രസിദ്ധീകരിച്ച ‘ഉദയം കാത്ത്’ എന്നീ നോവലുകള്‍.
അതിവിസ്താരങ്ങളൊഴിവാക്കി കൂടുതലും സംഭാഷണങ്ങളിലൂടെയാണ് കവിതച്ചേച്ചിയുടെ നോവലുകളുടെ കഥാംശം വികസിക്കുന്നത്. സംഭാഷണങ്ങളാവട്ടെ സ്ഫുടവും ഋജുവുമായി വായനക്കാരുടെ മനസ്സിലേക്ക് പ്രവേശിക്കുന്നവയാണ്. അത്തരമൊരു സങ്കേതം നോവല്‍രചനയ്ക്ക് ഉപയോഗിച്ചതിലൂടെ കഥാപാത്രങ്ങള്‍ വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന പ്രതീതിയുളവാകുന്നു. കെ. കവിതയുടെ രചനകളിലെ ഭാഷ അങ്ങേയറ്റം കാവ്യാത്മകമാണ്. കഥാകൃത്ത് നേരിട്ട് ആഖ്യാനം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതലായും സംസ്കൃതമയമായ പ്രൗഢഭാഷയാണ് ഉപയോഗിച്ചു കാണുന്നത്.
പൂക്കള്‍ മാത്രമുള്ള മരങ്ങള്‍ കണ്ട് വിസ്മയിച്ച ദമയന്തി, ഇലകള്‍ എവിടെപ്പോയി എന്ന് ഭര്‍ത്താവിനോട് ചോദിക്കുന്നു. ഏതു സസ്യശാസ്ത്രജ്ഞനും നാണിച്ചു കുമ്പിടുന്ന ഒരു ഉത്തരം നളന് പറയുന്നു- ”പൂക്കള്‍ ഉല്ലസിക്കട്ടെയെന്നു കരുതി ഇലകള്‍ കൊഴിഞ്ഞുപോയി.” ‘ദമയന്തി’ എന്ന നോവലിലെ ഈ ഭാഗം ഉദ്ധരിച്ച് സുകുമാര്‍ അഴീക്കോട് ഇങ്ങനെ പറയുന്നു: ”ഇത് കവിതയാണ്. ഈ കഥാകാരിയുടെ പേരിന് അതു മറ്റൊരു ശോഭാവലയം നല്കുന്നു!” അഴീക്കോട് ഇങ്ങനെകൂടി എഴുതി: ”കഥ വായിച്ചു തീര്‍ന്നപ്പോള്‍ എന്നെ ഏറ്റവുമധികം വശീകരിച്ചത് ഇതിലെ സ്ഫടികംപോലെ തെളിഞ്ഞ ഗദ്യശൈലിയാണ്.”
കഥാരചനയിലെ മിതത്വവും ഒതുക്കവും
എല്ലാ നോവലുകളും അതിലെ നാടകീയമായ അവതരണവും ആഖ്യാനരീതിയുംകൊണ്ട് ആകര്‍ഷകങ്ങളാണ്. ‘മായാസീത’ എന്ന നോവല്‍ തുടങ്ങുന്നത് നോക്കൂ: ”മംഗളഭേരി മുഴങ്ങുന്നു. പുഷ്പാലംകൃതമായ രാജവീഥി. ഇരുവശവും താലമേന്തിയ കന്യകമാര്‍. എങ്ങും സ്വസ്തി ചിഹ്നങ്ങള്‍. വന്ദികളുടെ കീര്ത്തനാലാപങ്ങള്. ദ്വിജന്മാര്ക്കൊപ്പം ഉയര്‍ത്തിയ കരങ്ങളോടെ സ്വാഗതമരുളാന്‍ ഒരുങ്ങിനില്ക്കുന്ന, സുവര്‍ണപ്രഭ ചൊരിയുന്ന രാജമാതാക്കള്‍. അവരുടെ പുത്രവധു, അമാനുഷപ്രഭാവനായ ശ്രീരാമചന്ദ്രനോടൊപ്പം സുര്യവംശരാജധാനിയിലേക്ക് കാലു കുത്തുകയാണ്.” നവവധുവായ സീതാദേവി അയോധ്യാപുരിയിലേക്ക് പ്രവേശിക്കുന്ന രംഗം ചെറുവാക്യങ്ങള്‍ കോര്‍ത്ത വര്‍ണനയിലൂടെ എത്ര മനോഹാരിതയോടെയാണ് വായനക്കാരുടെ മനസ്സിന്റെ തിരശ്ശീലയില്‍ ദൃശ്യപ്പൊലിമയായി തെളിയുന്നത്.
പതുക്കപ്പതുക്കെ വികസിച്ചുപോവുന്ന കഥാഗതികളില്‍ അപ്രധാന കഥാപാത്രങ്ങള്‍ക്കുപോലും മിഴിവു നല്‍കിക്കൊണ്ട് നടത്തുന്ന പാത്രസൃഷ്ടിയും രചനയുടെ മികവായിത്തീരുന്നുണ്ട്. ഇതിഹാസകഥയില്‍ പേരിനുമാത്രം സ്ഥാനമുള്ള ‘അകൃതവ്രണന്‍’ എന്ന മുനികുമാരന് ‘അംബ’ എന്ന നോവലില്‍ നവീനമായ ചൈതന്യം ചുരത്തുന്ന സാന്നിധ്യമായി മാറിയത് അതിനൊരു ഉദാഹരണമാണ്. രൂപശില്പത്തിലും രചനാതന്ത്രത്തിലും പുതിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ പൊതുവെ സ്വീകരിച്ചുവരുന്ന രീതികള്‍ പിന്തുടരുക മാത്രമാണ് ഈ നോവലിസ്റ്റ് ചെയ്തത്. എന്നാല്‍ വേണ്ടത്ര കൈവഴക്കം പ്രകടിപ്പിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്.
രചനയില്‍ പുലര്‍ത്തേണ്ടുന്ന മിതത്വവും ഒതുക്കവും ഈ കഥാകാരിയില്‍ കൈവന്നത് സ്വന്തമായ അനുശീലനങ്ങളിലൂടെയാണ്. പ്രത്യേകിച്ചും ഇതിഹാസത്തിലെ പ്രമേയങ്ങള്‍ സ്വീകരിച്ചപ്പോള്‍. ഭാഷയിലും ആ ഒതുക്കം തെളിഞ്ഞു കാണാം. ‘അംബ’ എന്ന നോവലില്‍, ഭീഷ്മര്‍ ബലേന ഹരിച്ച് ഹസ്തിനപുരിയിലെത്തിച്ച കന്യകമാരുടെ അവസ്ഥ ആവിഷ്കരിച്ചത് ഇങ്ങനെയാണ്: ”അഴിഞ്ഞു കിടന്ന ആഭരണാദികള്‍; ഉലഞ്ഞ വസ്ത്രങ്ങള്‍; ഒഴുകുന്ന കവിള്‍ത്തടങ്ങള്‍!” ആ വര്‍ണനയിലെ അച്ചടക്കത്തെയും അനായസതയെയും നോവലിന്റെ അവതാരികയില്‍ പ്രൊഫ. കെ.പി. ശങ്കരന് അഭിനന്ദിച്ചത് ഇങ്ങനെയാണ്: ”വെറും മൂന്നേ മൂന്ന് വിശദാംശങ്ങള്‍; മൂന്നാമത്തേതിന്റെ മികവ് വിശേഷം തന്നെ!”
ജന്മാന്തരസുകൃതം ജീവിതപങ്കാളി
വായനയുടെ മഹാലോകമാണ് കെ. കവിതയെ മികച്ച ഒരു എഴുത്തുകാരിയായി വളര്‍ത്തിയെടുത്തത്. കുട്ടിക്കാലം മുതല്‍ തുടങ്ങിയ ആ യജ്ഞം ഈ എഴുപതിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ചെറുപ്പത്തില്‍ വായനയെ പ്രോത്സാഹിപ്പിച്ച ചില ബന്ധുക്കളെ അവര്‍ നന്ദിയോടെ സ്മരിക്കുന്നുണ്ട്. പുറനാട്ടുകര ശാരദാശ്രമത്തിലെ ലൈബ്രറിയിലും തൃശൂര്‍ കേരള സാഹിത്യ അക്കാദമിയിലെ പുസ്തകപ്രപഞ്ചത്തിലും എത്തിപ്പെടാനായത് തനിക്കൊരു പുതുജന്മം ലഭിച്ചതുപോലെയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അവിടെവച്ച് മലയാളസാഹിത്യവും ഭാരതീയസാഹിത്യവും ലോകസാഹിത്യവും തന്നില്‍ വന്നു നിറയുകയായിരുന്നു. പുരാണേതിഹാസങ്ങളുടെയും അവയെ അതിജീവിച്ച് എഴുതപ്പെട്ട കൃതികളുടെയും വായന ഉണ്ടാക്കിയ മാനസികവികാസം വളരെ വലുതായിരുന്നു.
വിവാഹിതയായതോടെ വായനയ്ക്കും എഴുത്തിനും അളവറ്റ അവസരങ്ങളാണ് തനിക്ക് തുറന്നുകിട്ടിയതെന്ന് കവിതച്ചേച്ചി പറയുന്നു. തപസ്യ കലാ-സാഹിത്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായ ടി.കെ രവീന്ദ്രനാണ് ജീവിതപങ്കാളി. അദ്ദേഹം നല്കിയ പിന്തുണയും കരുത്തും സ്വാതന്ത്ര്യവും ജന്മാന്തരസുകൃതമായി ഇവര്‍ കരുതുന്നു. ആഗ്രഹിച്ച ഏതു പുസ്തകവും വാങ്ങിച്ചു തരും. രചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടതൊക്കെ മുന്‍കൈയെടുത്ത് ചെയ്യും. അദ്ദേഹത്തിന്റെ പരിചയലോകത്തുണ്ടായിരുന്ന സാംസ്കാരികനായകന്മാരുമായി അടുത്തിടപെടാന്‍ അവസരം സിദ്ധിച്ചതും ഇവരിലെ എഴുത്തുകാരിക്ക് വളരെ പ്രയോജനകരമായിത്തീര്‍ന്നു.
സഹൃദയലോകത്തില്നിന്നു ലഭിച്ച പ്രചോദനങ്ങള്‍ വലിയ അനുഗ്രഹമായി തനിക്കനുഭവപ്പെട്ടുവെന്ന് അവര്‍ ഓര്‍ക്കുകയാണ്. ആനുകാലികങ്ങളില്‍ നോവലുകള്‍ പ്രസിദ്ധീകരിച്ചു വന്ന കാലത്ത് ലഭിച്ചുകൊണ്ടിരുന്ന, സാഹിത്യവിശാരദന്മാരടക്കമുള്ള വായനക്കാരുടെ കത്തുകള്‍ നല്കിയ ആത്മവിശ്വാസമാണ് എല്ലാ പുരസ്കാരങ്ങളെക്കാളും തന്നെ പുതിയ രചനകള്‍ക്ക് പ്രേരിപ്പിച്ചത്. കുങ്കുമം വാരികയില്‍ നോവല്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് അവിടേക്കു വരുന്ന കത്തുകളില്‍ ചിലത് പ്രസിദ്ധീകരിച്ച് ബാക്കിയുള്ളവ പത്രാധിപര്‍ വലിയ കെട്ടാക്കി ആഴ്ചതോറും തനിക്ക് അയച്ചുതന്ന കാര്യം കവിതച്ചേച്ചി വിവരിക്കുകയുണ്ടായി.
ഇവരുടെ കൃതികള്‍ കന്നഡഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രധാനമായും കെ.കെ. നായര്‍, കെ.കെ. ഗംഗാധരന്, കരുണാകരന് കട്ലേക്കര് എന്നിവരാണ്. മൂന്ന് നോവലുകളും നിരവധി ചെറുകഥകളും കന്നഡയിലെ പല വാരികകളിലും പത്രങ്ങളിലും മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കുകയും പുസ്തകങ്ങളാവുകയും ചെയ്തിട്ടുണ്ട്. രചനയിലെ പ്രമേയത്തിന്റെ സാര്വലൗകികപ്രസക്തിയും സ്വീകാര്യതയും വിവര്‍ത്തനത്തിന്റെ മികവുമാണ് കന്നഡത്തിലും അവരെ പ്രിയപ്പെട്ട എഴുത്തുകാരിയാക്കി മാറ്റിയത്. മലയാളത്തില്‍ ലഭിച്ചതിനൊപ്പം പ്രശസ്തിയും അംഗീകാരവും അവര്‍ക്കവിടെയും കിട്ടി.
ഉപനിഷത്തുക്കളുടെ വിശുദ്ധലോകത്ത്
വായനയുടെയും എഴുത്തിന്റെയും ഉന്നതമായ പടവുകളിലേക്ക് കയറിക്കയറിപ്പോവുന്ന ഈ എഴുത്തുകാരി ഇപ്പോള്‍ ഉപനിഷത്തുക്കളുടെ വിശുദ്ധലോകത്താണ്. ചിന്മയമിഷന്റെ ‘ഉപനിഷദ്തീര്ഥ’ത്തില്‍ അംഗമായ അവര്‍ ഒരു ഗുരുവിനു കീഴില്‍ ദശോപനിഷത്തുക്കള്, യോഗവാസിഷ്ഠം പോലുള്ള കൃതികളുടെ പൊരുളുകളില്‍ മുങ്ങിക്കുളിക്കുകയാണ്.
ഭാരതീയ സംസ്കാരത്തിലും ദേശീയതയിലും അടിയുറച്ചുനില്ക്കുന്ന നിലപാടും കാഴ്ചപ്പാടുമാണ് അവര്‍ക്കുള്ളത്. ഒളിമങ്ങാത്ത പ്രതിഭയുടെ തിളക്കവും എഴുത്തിന്റെ സിദ്ധിയെ അനുക്രമമായി നവീകരിച്ചുകൊണ്ടിക്കാനുള്ള കഴിവും കാരണം കെ. കവിതയില്‍നിന്ന് ഇനി ലഭിക്കാന്‍ പോകുന്നവ ഭാരതീയതത്ത്വചിന്തയുടെ ഗരിമയുള്ള വിശിഷ്ടരചനകള്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.
ഭര്‍ത്താവിനും മകളായ രമ്യാരവീന്ദ്രനും കൊച്ചുമകന് അതുല്വ്യാസിനും ഒപ്പം ബംഗളരു വെസ്റ്റ് ജലഹള്ളിയിലെ ലേക്ക്വ്യൂ ഡിഫന്‍സ് കോളനിയില്‍ താമസിക്കുന്ന കെ. കവിത ബെംഗളരു ‘കഥാരംഗം സാഹിത്യവേദി’യുടെ സ്ഥാപകാധ്യക്ഷയാണ്. ബെംഗളരുവിലെ മലയാളികളുടെ സാംസ്കാരികക്കൂട്ടായ്മയായ ‘സമന്വയ’യിലും സജീവമാണ്. അക്ഷരലോകത്തെ മുത്തുകള്‍ക്കായി ചെറുപ്രായത്തില്ത്തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വലിയ എഴുത്തുകാരിക്ക് സപ്തതി ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: