പൂഞ്ഞാര്‍: നാസയുടെ നേതൃത്വത്തിലുള്ള വേള്‍ഡ് എഡ്യൂക്കേഷന്‍ ഗ്ലോബ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ ഒരാളായ ലക്ഷ്മി വി.നായര്‍ക്ക് പിന്തുണയുമായി സുരേഷ് ഗോപി എം.പി. യുടെ ലാപ്ടോപ്പ് എത്തി. ഗ്ലോബ് പ്രോഗ്രാമിലേക്കുള്ള വീഡിയോ തയ്യാറാക്കുന്നതിനായി ലാപ്ടോപ്പ് എത്തിച്ചുനല്‍കിയ സുരേഷ് ഗോപി തുടര്‍പഠനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഏഷ്യാ പസഫിക് മേഖലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാര്‍ത്ഥിയെന്ന നിലയിലും ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നിലയിലും പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി പള്ളിക്കുന്നേല്‍ വിജയകുമാറിന്റെയും ശ്രീജയുടെയും മകളായ ലക്ഷ്മി വി.നായരുടെ അംഗീകാരത്തിന് തിളക്കമേറെയാണ്.
തന്റെ അടുത്ത സുഹൃത്തായ ബിജു പുളിക്കകണ്ടത്തിലിന്റെ കൈവശം കൊടുത്തുവിട്ട ലാപ്ടോപ്പിലൂടെ ലക്ഷ്മി വി.നായരുമായി ഓണ്‍ലൈനില്‍ സുരേഷ് ഗോപി മുഖാമുഖം സംസാരിച്ചു. പൊതുപ്രവര്‍ത്തകരായ സന്തോഷ് കൊട്ടാരത്തില്‍, വിഷ്ണു കൊട്ടാരത്തില്‍, സുരേഷ് ഇഞ്ചയില്‍, പി.കെ.രാജപ്പന് എന്നിവര്‍ ഈ സന്തോഷനിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ലക്ഷ്മിയുടെ വസതിയിലെത്തിയിരുന്നു.
വാഹനാപകടത്തില്‍ മരിച്ച സുരേഷ് ഗോപിയുടെ മകളുടെ പേരും നാളും ലക്ഷ്മി വി.നായരുമായി ഒരേപോലെയാണ്. നാസയുടെ പ്രോഗ്രാമുകളില്‍ ലക്ഷ്മി എങ്ങനെയാണ് ഭാഗമാകുന്നതെന്നും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. ലക്ഷ്മിയുടെ നേട്ടങ്ങളില്‍ സഹായിച്ച മാതാപിതാക്കളെ പ്രത്യേകം അഭിനന്ദിച്ചു. പാപ്പന് എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിങ് പാലായിലും സമീപപ്രദേശങ്ങളിലും പുനരാരംഭിക്കുമ്പോള്‍ നേരില്‍ കാണാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ലക്ഷ്മിയുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്കുന്ന പൂഞ്ഞാര്‍ എസ്.എം.വി. സ്കൂളിലെ മാനേജ്മെന്റിനെയും അധ്യാപകരുടെയും പ്രത്യേകിച്ച് സയന്‍സ് അധ്യാപകന് പ്യാരിലാലിനെയും സുരേഷ് ഗോപി എം.പി. അഭിനന്ദിച്ചു. സുരേഷ് ഗോപി ഭാര്യ രാധികയുടെയും മക്കളായ ഗോകുല്‍, ഭാഗ്യ, ഭാവ്നി മാധവ് ഇവരുടെയും സ്നേഹാന്വേഷണം ലക്ഷ്മിയെയും കുടുംബത്തെയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: