അഗ്നിശുദ്ധിയാര്‍ന്ന വാക്കുകള്‍ ഔചിത്യപൂര്‍വം കൊരുത്ത് നിര്‍മിച്ച അനശ്വരമായ നിരവധി രചനകളിലൂടെ മലയാള ഭാവനയുടെ വിശാല ലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിച്ച മഹാകവിയായിരുന്നു എസ്. രമേശന് നായര്‍. തേന്‍ മധുരം കിനിയുന്ന ഭാവഗാനങ്ങളിലൂടെ ചലച്ചിത്ര ഗാനരചയിതാവെന്ന നിലയിലും തന്റെ പ്രതിഭയുടെ അമൃത സാന്നിദ്ധ്യമറിയിച്ചിരുന്നു സാരസ്വതോപാസകനായ ഈ മഹാപ്രതിഭ. സംഗീതഗുണവും സാഹിത്യ ഗുണവുമൊത്തിണങ്ങിയ എത്രയെത്ര അനശ്വര ഗാനങ്ങള്‍ ആ തൂലികത്തുമ്പില്‍ നിന്ന് പിറവിയെടുത്തു. കവിത കിനിയുന്ന ആ ഗാനങ്ങള്‍ ശ്രോതാക്കളുടെ കര്‍ണങ്ങള്‍ക്ക് പീയൂഷധാരയായി. വയലാര്‍, പി. ഭാസ്കരന്, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി എന്നീ വരകവികളുടെ ചലച്ചിത്രഗാനങ്ങളെ സഹര്‍ഷം സ്വീകരിച്ച ആസ്വാദകര്‍ രമേശന്‍നായരെഴുതിയ ചലച്ചിത്ര ഗാനങ്ങളെയും ഹൃദയപൂര്‍വം നെഞ്ചോടു ചേര്‍ത്തു. പൂമുഖവാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, എത്ര പൂക്കാലമിനിയെത്ര മധുമാസമതിലെത്ര നവരാത്രികളിലമ്മേ, വനശ്രീ മുഖം നോക്കി വാല്‍ക്കണ്ണെഴുതുമീ, നീയെന്‍ കിനാവോ പൂവോ നിലാവോ, ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രികയെഴുതിയ മണി മുറ്റം, ഒരു പൂവിരിയുന്ന സുഖമറിഞ്ഞു, മധു വിധുരാവുകളേ മധുരിത യാമങ്ങളേ, ദേവികേ നിന് മെയ്യില്‍ വസന്തം, ശരപ്പൊളി മാല ചാര്‍ത്തി ശരദിന്ദു മലര്‍ദീപന്നാളം നീട്ടി, ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി നിന് മുഖം, ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം, അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും, എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം, ഗുരു ചരണം ശരണം നാഥാ തിരുവടി ശരണം, ദേവസംഗീതം നീയല്ലേ?, ആരു നീ ഭദ്രേ താപസ കന്യേ, ഓണത്തുമ്പീ പാടൂ, എന്നിങ്ങനെ എത്രയെത്ര മനോഹരഗീതങ്ങള്‍.
രമേശന് നായരുടെ ഭാവനാ ഗര്‍ഭത്തില്‍ വിളഞ്ഞു പാകമായ ഭക്തി ഗാനങ്ങള്‍ സാത്വികതേജസ്സാര്‍ന്ന വാടാമലരുകളാണ്. രാധ തന് പ്രേമത്തോടാണോ – കൃഷ്ണ ഞാന്‍ പാടും ഗീതത്തോടാണോ, ഒരു പിടി അവിലുമായി ജന്മങ്ങള് താണ്ടി ഞാന്‍ വരികയായ് ദ്വാരകതേടി, അണ്ഡകടാഹങ്ങള്‍ ചിറകടിച്ചുണരുന്നു, അനേക മൂര്‍ത്തേ അനുപമ കീര്‍ത്തേ, ഗുരുവായൂരൊരു മഥുര, എഴുതിയാല്‍ തീരാത്ത കവിത, ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം, ചന്ദനചര്‍ച്ചിത നീലകളേബരം,അണിവാകചാര്‍ത്തില്‍ ഞാനുണര്‍ന്നു കണ്ണാ, ഗുരുവായൂരപ്പാ നിന് മുന്നില്‍ – ഞാന്‍ ഉരുകുന്നു കര്‍പ്പൂരമായി, ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍ തന്റെ ശംഖം കൊടുത്തവനേ, യമുനയില്‍ ഖരഹരപ്രിയയായിരുന്നെങ്കില്‍ മഴമുകിലേ നിന്നെ തഴുകിയേനേ, ഹരികാംബോജി രാഗം പഠിക്കുവാന്‍, നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ, ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം, അമ്പാടി തന്നിലൊരുണ്ണി തിരുവമ്പാടിക്കണ്ണനാമുണ്ണി,കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു, തുടങ്ങിയ കൃഷ്ണ ഭക്തിഗാനങ്ങള്‍ കേരളക്കര ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങിയവയാണ്. സരയൂതീര്‍ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി, ശ്യാമയ്ക്കൊരു പൂമെത്ത തുടങ്ങിയ കവിതാ സമാഹാരങ്ങളിലെ കതിര്‍ക്കനമുള്ള കവിതകള്‍ ഭാരതീയ സംസ്കൃതിയില്‍ അഭിമാനിക്കുന്ന ഋഷികവിയാണ് രമേശന് നായരെന്ന സത്യം അസന്ദിഗ്ദ്ധമായി വിളംബരം ചെയ്യുന്നു. തമിഴകത്തിന്റെ മഹാ പാരമ്പര്യം വിവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്ക് പകര്‍ന്നേകുവാന്‍ നിരന്തരമായി പരിശ്രമിച്ചു രമേശന് നായര്‍.
തിരുക്കുറള്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍ എന്നിവയുടെ പരിഭാഷ ഏതു മാനദണ്ഡങ്ങളുപയോഗിച്ച് മൂല്യനിര്‍ണയനം നടത്തിയാലും ഒന്നാന്തരമെന്ന വിശേഷണം ലഭിക്കുവാന്‍ സര്‍വഥാ യോഗ്യമാണ്. രമേശന് നായര്‍ രചിച്ച നാടകങ്ങള്‍ കാതലായ സാമൂഹിക പ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലകകളായിരുന്നു. ശതാഭിഷേകം, സ്ത്രീപര്‍വം, വികട വൃത്തം എന്നീ നാടകങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും മറക്കാനാവില്ല. ശതാഭിഷേകമെന്ന നാടകം അധികാരക്കൊതിയന്മാരെ വിറളി പിടിപ്പിക്കുകയുണ്ടായി. ഈ നാടകമെഴുതിയതിന്റെ പേരില്‍ രമേശന് നായര്‍ നേരിട്ട വിമര്‍ശനങ്ങളും ജീവിതത്തിലെ തിരിച്ചടികളും ചരിത്രത്തിലെ കറുത്ത ഏടാണ് – തലകുനിക്കാതെ അത്തരം പ്രതിസന്ധികളെ ധീരമായി നേരിട്ടു ഈ വലിയ എഴുത്തുകാരന്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരളപാണിനി പുരസ്കാരവും തപസ്യയുടെ സഞ്ജയന് പുരസ്കാരവും ഉള്ളൂര്‍ അവാര്‍ഡും ഓട്ടൂര്‍ പുരസ്കാരവും ഇടശ്ശേരി പുരസ്കാരവും ഈ മഹാപ്രതിഭയെ തേടിയെത്തി. കേരള സര്‍ക്കാറിന്റെ എഴുത്തച്ഛന് പുരസ്കാരവും ജ്ഞാനപീഠവും ലഭിക്കുവാന്‍ എന്തും കൊണ്ടും അര്‍ഹനായിരുന്നു ഈ ബഹുമുഖപ്രതിഭ. സനാതന ധര്‍മത്തിനൊപ്പം നിലകൊണ്ടതിന്റെ പേരില്‍ അദ്ദേഹത്തെ അവഗണിക്കുവാന്‍ നിക്ഷിപ്ത താത്പര്യക്കാരായ പലരും ശ്രമിച്ചതും മറക്കാനാവില്ല.
കടഞ്ഞെടുത്ത വാക്കുകളില്‍ നേരത്തേ എഴുതി തയാറാക്കിക്കൊണ്ടുവന്ന തെളിഞ്ഞ പ്രഭാഷണങ്ങളില്‍ ധര്‍മബോധത്തിന്റെ വെളിച്ചം നിറഞ്ഞു കവിഞ്ഞതും മറക്കാനാവില്ല. തപസ്യയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയിലും ബാലഗോകുലത്തിന്റെ രക്ഷാധികാരിയെന്ന നിലയിലും രമേശന് നായര്‍ നല്കിയ സംഭാവനകള്‍ അതിവിപുലമാണ്. ആര്‍ഷചൈതന്യത്തിന്റെ ഋഷിഭാവമായി ജീവിച്ച ഈ ഗുരുവായൂരപ്പഭക്തനെ മലയാളം ഉള്ള കാലത്തോളം നമുക്ക് മറക്കാനാവില്ല. ഈ മഹാകവിക്ക് മരണമില്ല, അദ്ദേഹത്തിന്റെ അക്ഷര പ്രപഞ്ചത്തിനും.
എന്റെ ജീവിതത്തിലെന്നും പ്രകാശം ചൊരിഞ്ഞ ഗുരുനാഥന് കൂടിയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ രോഗബാധിതനായി കഴിയുന്ന വേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച സന്ദര്‍ഭം മറക്കാനാ
വില്ല. രോഗത്തെ കീഴടക്കി താന്‍ പൂര്‍വാധികം കരുത്തോടെ കവിതയുടെ ലോകത്തേക്ക് മടങ്ങിവരുമെന്ന് ശുഭാപ്തിവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. ആ പാദങ്ങളില്‍ തൊട്ടു വന്ദിച്ചപ്പോള്‍ എന്റെ ശിരസ്സില്‍ വലതു കരം ചേര്‍ത്ത് അനുഗ്രഹിച്ചു, ഉത്തമ കവിതയുടെ ആ പുരുഷാവതാരം. തന്റെ ഏറ്റവും പുതിയ കാവ്യസമാഹാരം സമ്മാനിക്കുവാനും അദ്ദേഹം മനസ്സു കാട്ടി. അനുഷ്ടുപ്പ് ഛന്ദസ്സിലെഴുതിക്കൊണ്ടിരുന്ന ശ്രീകൃഷ്ണ ജീവിതലീല പ്രമേയമാവുന്ന മഹാകാവ്യത്തിലെ വരികള്‍ ടെലഫോണിലൂടെ എന്നെ ചൊല്ലിക്കേള്പ്പിക്കുവാനും നിര്‍മലചിത്തനായ ആ മഹാകവി സമയവും സന്ദര്‍ഭവും കണ്ടെത്തി. ഉണ്ണിക്കൃഷ്ണന്റെ കൈയിലെങ്കിലും എന്റെ എല്ലാ പുസ്തകങ്ങളും ഉണ്ടാവട്ടേ എന്നു പറഞ്ഞ് മുഴുവന്‍ പുസ്തകങ്ങളും ഒപ്പിട്ടയച്ചു തന്ന കാരുണ്യത്തിന് മുന്നില്‍ ഞാന്‍ തൊഴുകൈയോടെ നില്ക്കുന്നു.
ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്
(തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: