കൊല്‍ക്കൊത്ത: ഒടുവില്‍ മമത ബാനര്‍ജിക്ക് ചൂട്ട് പിടിച്ച് മുന്‍ സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ബിമന്‍ ബോസും. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ ആക്രമണങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമതയെ പ്രതിരോധത്തിലാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മമതയോടൊപ്പം സിപിഎം നേതാവും ബംഗാളിലെ ഇടതുമുന്നണി അധ്യക്ഷനുമായ ബിമന്‍ ബോസും എത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ ബിജെപിയുടെ ജിഹ്വയായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമാണ് ഇപ്പോള്‍ ബിമന്‍ ബോസ് ഉയര്‍ത്തുന്നത്. ബംഗാളില്‍ നിന്നും മമത തല്ലിയോടിച്ച ഇടതുപക്ഷം വീണ്ടും മമതയ്ക്ക് ഓശാന പാടുമ്പോള്‍ കൂടുതല്‍ അത്ഭുതം തൃണമൂലില്‍ ഉള്ളവര്‍ക്ക് തന്നെയാണ്. മാത്രമല്ല, ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം വിവിധ ഇടങ്ങളില്‍ തൃണമൂല്‍ നേതാക്കള്‍ നടത്തിയ അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
ബംഗാളില്‍ ഇതല്ല ഗവര്‍ണറുടെ ജോലിയെന്നും ഇത് അനുവദിക്കില്ലെന്നുമാണ് ബിമന്‍ ബോസിന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ആണയിട്ട് പറഞ്ഞ സിപിഎം തന്നെ പൊടുന്നനെ മമതയുടെ ഏകാധിപത്യത്തിനെതിരെ പൊരുതുന്ന ഗവര്‍ണര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് ബംഗാളില്‍ സിപിഎമ്മിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
ഉപതെരഞ്ഞെടുപ്പില്‍ മമതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട എന്ന നിലപാടെടുത്ത കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയ്ക്കെതിരെ ശക്തമായി സിപിഎം പ്രതിഷേധിച്ചത് കഴിഞ്ഞ ആഴ്ചയാണ്. മമതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അത് അണികളോട് ചെയ്യുന്ന വഞ്ചനയായിരിക്കും എന്ന പ്രസ്താവന നടത്തിയ അതേ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇപ്പോള്‍ പൊടുന്നനെ മമതയെ എതിര്‍ക്കുന്നതിന് പകരം ഗവര്‍ണറെ എതിര്‍ത്തത് ബംഗാളില്‍ സിപിഎം അണികളില്‍ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: