ശാസ്താംകോട്ട: ദേവചിത്രക്കും ധനലക്ഷ്മിക്കും ഇനി വൈദ്യുതി വെളിച്ചത്തില്‍ വീട്ടിലിരുന്ന് പഠിക്കാം. മൊബൈല്‍ ഫോണ്‍ വീട്ടില്‍ റീചാര്‍ജ് ചെയ്യാം. പടിഞ്ഞാറെ കല്ലട വലിയ പാടം മിത്രാഭവനില്‍ സനലിന്റെ വീട്ടിലാണ് ഇന്നലെ വൈദ്യുതി ലഭിച്ചത്. കെഎസ്ഇബി ഇന്നലെ യുദ്ധകാല അടിസ്ഥാനത്തില്‍ റോഡില്‍ നിന്നും വീട്ടില്‍ വരെ അഞ്ച് വൈദ്യുതി പോസ്റ്റ് സ്ഥാപിച്ച് വൈകിട്ട് അഞ്ച് മണിയോടെ വൈദ്യുതി എത്തിച്ച് നല്കി.
വൈദ്യുതി എത്താത്തതിനാല്‍ പഠനം വഴിമുട്ടിയ സനലിന്റെ മക്കളായ ദേവചിത്രയുടെ ധനലക്ഷ്മിയുടെയും ദയനീയ സ്ഥിതി ‘ജന്മഭൂമി’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട കുടുംബത്തിന് സൗജന്യമായി വൈദ്യുതി ലഭിക്കാന്‍ അര്‍ഹതയുണ്ട്. എട്ട് മാസമായി ചെറിയ കൂര വച്ച് മാറി താമസം തുടങ്ങിയ സനല്‍ അന്ന് തന്നെ വൈദ്യുതിക്ക് അപേക്ഷിച്ചിരുന്നു.
റോഡില്‍ നിന്നും നടവഴിമാത്രമുള്ള ഇവര്‍ക്ക് വൈദ്യുതി ലൈന്‍ പിടിക്കാന്‍ സമീപവാസികള്‍ എതിര്‍ത്തെങ്കിലും പിന്നീട് അനുവാദം നല്‍കിയതാണ്. എന്നാല്‍ കെഎസ്ഇബി ഈ വഴിയിലൂടെ ലൈന്‍ വലിക്കാന്‍ കഴിയില്ലെന്ന തടസ്സവാദവുമായി രംഗത്തു വന്നതോടെ സനലും കുടുംബവും വീണ്ടും നിരാശയിലായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും കടുത്ത അവഗണനയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: