കൊല്ലം: ഭക്ഷ്യസാധനങ്ങള്‍ നശിച്ചതിന്റെ പേരില്‍ രണ്ടാംകുറ്റി കായല്‍ പ്രദേശത്ത് നിന്നും മാറ്റിയ ഗോഡൗണ്‍ ഉദ്യോഗസ്ഥരുടെ താല്പര്യമനുസരിച്ച് തിരികെ എത്തിക്കാന്‍ നീക്കം. രണ്ടാംകുറ്റിയില്‍ അഷ്ടമുടിക്കായലിന്റെ കൈത്തോടിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു സപ്ലൈകോയുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഈര്‍പ്പം തട്ടിയും വെള്ളം കയറിയും നിരവധി ഭക്ഷ്യസാധനങ്ങള്‍ ഇവിടെ നശിച്ചു.
700 ചാക്കുകളിലധികം അരി, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവയാണ് ഇല്ലാതായത്. അയത്തില്‍ ഡീസന്റ് മുക്കിലാണ് നിലവില്‍ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച ഉണ്ടെന്ന കാരണത്താലാണ് ഗോഡൗണ്‍ മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വെള്ളം കയറുന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേട് നടത്താനാണെന്നും സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കാനാണെന്നും ആക്ഷേപമുണ്ട്.
രണ്ടാംകുറ്റിയില്‍ കായല്‍ സമീപപ്രദേശമായതിനാല്‍ ഈര്‍പ്പം നില്ക്കുന്ന തറയാണ് ഗോഡൗണില്‍ ഉള്ളത്. ഇത് പരിഹരിക്കാന്‍ കൂട്ടാക്കാതെയാണ് അധികൃതര്‍ ഗോഡൗണ്‍ തിരികെ പഴയ സ്ഥലത്തേക്ക് തന്നെ മാറ്റുന്നത്. മുന്‍പ് ഭക്ഷ്യസാമഗ്രികള്‍ നശിച്ചത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകുകയും രണ്ട് ജീവനക്കാരെ ഇവിടെ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ അടുത്ത മാസം തിരികെ ജോലിയില്‍ പ്രവേശിക്കും. നിലവില്‍ 5 ജീവനക്കാരാണ് ഗോഡൗണില്‍ ഉള്ളത്. തിരുവനന്തപുരം സപ്ലൈകോ റീജിയണല്‍ ഓഫീസില്‍ നിന്ന് ടെണ്ടര്‍ വിളിച്ചാണ് പഴയ ഗോഡൗണ്‍ മാറ്റുന്ന നടപടികള്‍ നടത്തിയത്. എന്നാല്‍ ഇത്തവണ മേലധികാരികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവ തിരികെ മാറ്റിസ്ഥാപിക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: