കൊച്ചി : വയനാട് മുട്ടില്‍ മോഡലില്‍ എറണാകുളത്തും മരം മുറിച്ചതായി കണ്ടെത്തല്‍. നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചില്‍ നിന്നും മൂന്ന് കോടിയിലധികം വിലമതിക്കുന്ന മരങ്ങളാണ് മുറിച്ചതായി കണ്ടെത്തിയത്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിലാണ് ഈ മരങ്ങള്‍ മുറിച്ചു കടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലുള്‍പ്പെട്ട നേര്യമംഗലം റേഞ്ചില്‍ അറുപതോളം പാസുകള്‍ അനുവദിച്ചാണ് ഈ മരങ്ങള്‍ കടത്തിയിട്ടുള്ളത്. നേര്യമംഗലം എറണാകുളം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നസ്ഥലമാണ്. റവന്യൂ വകുപ്പിന്റെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് മരം മുറിക്കാനുള്ള പാസ് മിക്കയിടങ്ങളിലും നല്‍കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാനൂറിലേറെ മരങ്ങള്‍ ഇത്തരത്തില്‍ വനം മാഫിയ സംഘം നേര്യമംഗലം വനമേഖലയില്‍ നിന്ന് മുറിച്ച് കടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതലും കടത്തിയത് തേക്ക് തടികളാണ്. ഇഞ്ചത്തൊട്ടി, നീണ്ട പാറ, ഉരുളന്‍ തണ്ണി തുടങ്ങിയ മേഖലകളില്‍ നിന്നായി 250 മീറ്റര്‍ ക്യൂബ് തേക്കിന് തടികളാണ് മുറിച്ച് കടത്തിയത്. തട്ടേക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ 20 പാസുകളാണ് അനുവദിച്ചത്. കര്‍ഷകരുടേത് അടക്കമുള്ള 35 മീറ്റര്‍ ക്യൂബ് വരുന്ന എണ്‍പതോളം തേക്ക് മരങ്ങള്‍ മുറിച്ചതായി കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലകള്‍ തിരിച്ച് വനം വകുപ്പ് കേസെടുത്തു വരികയാണ്. അതേസമയം നേര്യമംഗലത്തേ അടക്കമുള്ള വനംകൊള്ള പുറത്ത് വരാതിരിക്കാനാണ് എറണാകുളത്തിന്റെ കൂടി അന്വേഷണ ചുമതലയുണ്ടായിരുന്ന ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെ മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: