തിരുവനന്തപുരം: നിമിഷാ ഫാത്തിമയെ ഇന്ത്യയിലെത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടുമെന്ന് അമ്മ ബിന്ദു സമ്പത്ത്. നിമിഷ ഇപ്പോഴും ഇന്ത്യന്‍ പൗരയാണെന്നും മകളെ നാട്ടിലെത്തിക്കാന്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബിന്ദു വ്യക്തമാക്കി.
ഐഎസില്‍ ചേര്‍ന്ന നാലു മലയാളി യുവതികള്‍ അഫ്ഗാനിസ്ഥാനില്‍ അവിടത്തെ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരും. അവര്‍ അവിടത്തെ നിയമ പ്രകാരം അവിടെ തന്നെ വിചാരണ നേരിടട്ടെയെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഈ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രമെന്നാണ് സൂചന. ഇവരെ മടക്കിെക്കാണ്ടുവരാന് സാധ്യതയില്ലെന്ന് നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍കോട് സ്വദേശിനി അയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, നബീസ, മറിയം എന്നിവരാണ് കാബൂളിലെ തടവിലുള്ളത്. ഇവരുടെ ജിഹാദികളായ ഭര്ത്താക്കന്മാര് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങിവരണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഇവര്‍ ഭീകര ബന്ധം കൈവെടിഞ്ഞിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത്. അതിനാല്‍, ഇവരെ മടക്കിക്കൊണ്ടുവരുന്നത് രാജ്യത്തിനും പൊതുസമൂഹത്തിനും ആപത്താകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും എന്‍ഐഎയും മറ്റും കരുതുന്നു.
2019 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നൂറുകണക്കിന് ഐഎസ് ഭീകരരാണ് അഫ്ഗാന് അധികൃതര്‍ക്കു മുന്‍പാകെ കീഴടങ്ങിയത്. ഇവരില്‍ മലയാളി സ്ത്രീകളും ഉള്‍പ്പെടുന്നു. 13 രാജ്യങ്ങളില്‍ നിന്നുള്ള 408 ഐഎസ് ഭീകരരെ അഫ്ഗാന് ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്മദ് സിയ സരജ് പറഞ്ഞു. ഇതില്‍ പത്തോളം ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: