യത്തദഗ്രേ വിഷമിവ
പരിണാമേമൃതോപമം
തത്സുഖം സാത്വികം
പ്രോക്തം
ആത്മബുദ്ധി പ്രസാദജം
(ഭഗവദ്ഗീത)
സത്വരജസ്തമോ ഗുണങ്ങളെ (ത്രിഗുണങ്ങള്‍) പറ്റി ഭഗവത്ഗീത സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മൂന്നുതരം ഗുണങ്ങളില്‍പ്പെട്ട വരെയും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളെപ്പറ്റിയും പറഞ്ഞു തരുന്നു. ഉപരിയായി മനുഷ്യനില്‍ സാത്വികഗുണമാണ് വളര്‍ന്നുവരേണ്ടതെന്നും അതനുസരിച്ചുള്ള ഭക്ഷണം വേണമെന്നും കര്‍മ്മങ്ങള്‍ അഥവാ പ്രവൃത്തികള്‍ സാത്വികമാകണമെന്നും ഉപദേശിക്കുന്നു.
മനുഷ്യന് എന്തിനാണ് വിവിധ കര്‍മ്മങ്ങള്‍ ചെയ്യുന്നത്? അവന് സുഖം കിട്ടാന്‍. എങ്കിലും ഓരോ വ്യക്തിയിലും കര്‍മ്മത്തിന്റെ ഘടനയിലും വാസനകളിലും ഉള്ള ബുദ്ധിയും ചാതുര്യവും വ്യത്യസ്തങ്ങളായിരിക്കും. അപ്പോള്‍ സുഖവും വ്യത്യസ്തമായിരിക്കില്ലേ? അവനവന്റെ ഉള്ളില്‍ നടക്കുന്ന പ്രതിഭാസങ്ങളുടെ നിത്യ പരിചയം കൊണ്ട് സ്വന്തം ദുഃഖത്തിന്റെ കാരണം എന്തെന്ന് കണ്ടറിയാനും അത് പരിഹരിക്കാനുമുള്ള മാര്‍ഗ്ഗം കണ്ടെത്താനും അപ്രകാരം ദുഃഖം ഇല്ലാതാക്കാനും മനുഷ്യന് കഴിയും.
സാത്വികമായ സുഖം എന്നുപറഞ്ഞാല്‍ എന്താണ്? ആരംഭത്തില്‍ വിഷം പോലെയും അവസാനം അമൃതു പോലെയും അനുഭവപ്പെടുന്നതും ആത്മബോധത്തിന്റെ വെളിച്ചത്തില്‍ ഉണ്ടാകുന്നതുമായ സുഖമാണ് സാത്വിക സുഖം. ഇതിന് മാധുര്യമേറും. കാളിദാസന്റെ കുമാരസംഭവത്തില്‍ ഈ ആശയത്തോട് പൊരുത്തപ്പെടുന്ന ആശയമുണ്ട്. ‘ക്ലേശ ഫലേനഹി പുനര്‍നവതാം വിധത്തേ’, കഷ്ടപ്പെട്ടതിന് അവസാനം നല്ല ഫലം കിട്ടുമ്പോള്‍ ആ കഷ്ടപ്പാടുകള്‍ സുഖകരമായി അനുഭവപ്പെടുന്നു. പരീക്ഷയ്ക്ക് ഏറെനാള്‍ കഷ്ടപ്പെട്ട് പഠിക്കുന്നു. പരീക്ഷ എഴുതിക്കഴിഞ്ഞ് നല്ല ഫലം കിട്ടുമ്പോള്‍ പണ്ടത്തെ ക്ലേശങ്ങളെല്ലാം സുഖമുള്ളതായി തോന്നും.
ആത്മനിയന്ത്രണത്തിന്റെയും മനസ്സംയമനത്തിന്റെയും ഫലമായുണ്ടാകുന്ന സുഖമാണ് ശരിയായ സുഖം. അതിന് കഠിനമായ പരിശ്രമം വേണ്ടിവരും. ആത്മനിയന്ത്രണത്തിലൂടെ സാത്വിക സുഖം അനുഭവിക്കുന്നവരുടെ മനസ്സും പ്രസാദാത്മക മായിരിക്കും. മനസ്സിന്റെ സുഖം തന്നെ പ്രസാദം. പൂജാദികര്‍മ്മങ്ങളുടെ അവസാനം വിതരണം ചെയ്യുന്ന പ്രസാദം മനഃ പ്രസാദത്തിന്റെ പ്രതീകമാണ്. സംസ്ക്കാര സമ്പന്നനായ വ്യക്തിയുടെ ആദര്‍ശ ജീവിതത്തിന്റെ ഫലമായി അയാളുടെ ഹൃദയത്തില്‍ തങ്ങിനില്ക്കുന്ന കൃതകൃത്യതയും ചാരിതാര്ത്ഥ്യവുമാണത്.
എന്നാല്‍ ഇന്ദ്രിയ സുഖം വഴി ആദ്യം ഒരുവന് ഉണ്ടാകുന്ന സുഖം അവന് അമൃതം പോലെയാണ്. അവസാനം വിഷം പോലെയും അനുഭവപ്പെടും. അത് രാജസസുഖമാണ.് ആദ്യംമുതലേ നിദ്രയും ആലസ്യവും പ്രമാദവും വഴി ആത്മാവിനെ മയക്കുന്ന സുഖം താമസികം. സത്വഗുണത്തില്‍ നിന്ന് ജ്ഞാനവും രജസ്സില് നിന്ന് തീരാത്ത ആശയും തമോഗുണത്തില്‍ നിന്ന് തെറ്റും തെറ്റിദ്ധാരണയും അറിവില്ലായ്മയും ഉണ്ടാകുന്നു എന്ന് ഗീതയില്‍ത്തന്നെ പറയുന്നു.
കവിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘സുഖം സുഖം കൈവശമുള്ള വസ്തു, കാന്താരമെങ്ങും തിരയുന്നു നമ്മള്’. കസ്തൂരിയുടെ ഗന്ധം തിരക്കി കസ്തൂരിമാന്‍ അലയുന്നു. എന്നാല്‍ അത് തന്നില്‍ത്തന്നെ ഉണ്ടെന്ന് മാന്‍ അറിയുന്നില്ല. മനുഷ്യന്റെ സ്ഥിതിയും ഇപ്രകാരമല്ലേ?
എസ്. ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: