കൊല്ലം:സ്കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ കുടയും ബാഗുമെല്ലാം വാങ്ങിത്തരാം എന്ന കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ പറയാറുണ്ട്. ഇത്തവണ ആ വാക്കുകള്‍ കേട്ടില്ല. കൊവിഡ് വ്യാപനം അത്രമേല്‍ രൂക്ഷമായതിനാലാണിത്.
എന്നാല്‍ ഈ സാഹചര്യം സ്കൂള്‍ വിപണിയെ ആശ്രയിച്ചു കച്ചവടം നടത്തുന്നവരെ വല്ലാതെ ബാധിച്ചു. ബുക്ക് സ്റ്റാള്‍, കുടവ്യാപാരം, ബാഗ് വിപണി എന്നിവയെല്ലാം നിലച്ചിട്ട് മാസങ്ങളായി. ഇവയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങളും പട്ടിണിയിലായി. എല്‍കെജിയിലേക്കും ഒന്നാം ക്ലാസിലേക്കും പ്രവേശനം നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ മാത്രമാണ് ബുക്കുകളും കുടയും ബാഗും തേടി സ്കൂള്‍ വിപണികളിലേക്കെത്തിയത്.
ബുക്കുകളും കുടയും ബാഗുമെല്ലാം വില്‍പ്പനയ്ക്കെത്തിച്ചാല്‍ അവ വിറ്റഴിക്കാനാകില്ലെന്ന ആശങ്ക കച്ചവടക്കാര്ക്കുള്ളതിനാല് പലരും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു സാധനങ്ങളെ സ്റ്റോക്ക് ചെയ്തുള്ളൂ. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതിന് പോലും ആവശ്യക്കാര്‍ കുറവാണ്. പല കുട്ടികള്‍ക്കും സ്കൂളുകളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും നോട്ടുപുസ്തകങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം വാങ്ങിയ നോട്ടുപുസ്തകങ്ങളിലേറെയും കുട്ടികള്‍ ഉപയോഗിച്ചിട്ടില്ലെന്നതും നോട്ടുപുസ്തക വില്‍പ്പനയ്ക്ക് തിരിച്ചടിയായി.കടകളില്‍ നേരിട്ടെത്തി പഠനസാമഗ്രികള്‍ വാങ്ങാന്‍ വിമുഖത കാണിക്കുന്നവര്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും സാധനങ്ങള്‍ വീട്ടിലേക്ക് വരുത്തുന്നുണ്ട്. ഫോണിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ചില കടകളില്‍നിന്ന് പഠനസാമഗ്രികള്‍ വീട്ടിലെത്തിച്ച് നല്‍കുന്നുണ്ട്.
സ്കൂള്‍ വിപണി ഞങ്ങളെ പോലെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ഏറെ പ്രതീക്ഷ ഉള്ള സമയമായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ലോക്ഡൗണുമായതോടെ അത് നഷ്ടമായി. ലോക്ഡൗണിലും സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഇളവുകള്‍ നല്കിയപ്പോള് ചെറുകിട കച്ചവടക്കാരെ സര്‍ക്കാര്‍ അവഗണിച്ചു. ലോണുകളും, വാടകയും വൈദ്യുതിചാര്‍ജും ചെലവുകളുമായി വ്യാപാരികള്‍ ഏറെ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരം വ്യാപാരികളെ സംരക്ഷിക്കുന്നതിന് നടപടികള്‍ ഉണ്ടാകണം. കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന വ്യാപാരികള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആഴ്ചയില്‍ രണ്ടു ദിവസം എങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണം.
എം. ശരത് ചന്ദ്രന്, മാധവം ബുക്ക് സ്റ്റാള്‍, പുത്തൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: