കാസര്‍കോട്: മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നടത്തിയ ഗൂഢാലോചനയ്ക്കും കള്ളക്കേസിനും എതിരെ നിയമപോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഇതുസംബന്ധിച്ച് സൂചന നല്കി.
ബിജെപിക്കെതിരെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയും കുപ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു. മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരവധി കുപ്രചാരണങ്ങളാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. എല്ലാം അടിസ്ഥാനരഹിതമായിട്ടുള്ള ആരോപണങ്ങളാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും കാസര്‍കോട്ടെ ജില്ലാ നേതാക്കള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഇത് യാതൊരു തരത്തിലും അംഗികരിക്കാനാകില്ല. ശക്തമായി തന്നെ ഇതിനെ പ്രതിരോധിക്കും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന മുസ്ലിംലീഗ്, സിപിഎം അവിശുദ്ധ സഖ്യം ജില്ലയില്‍ ഇപ്പോഴും തുടരുകയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങളെന്നും കെ. ശ്രീകാന്ത് പറഞ്ഞു.
കെ. സുരേന്ദ്രനെതിരെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ചത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. രണ്ട് ചാനലുകളും സിപിഎം നേതൃത്വവും ഗൂഢാലോചന നടത്തിയാണ് തന്നെ പിന്തിരിപ്പിക്കാന് ബിജെപി കോഴ നല്‍കിയെന്നും തട്ടിക്കൊണ്ടു പോയെന്നും മൊഴി പറയിപ്പിച്ചതെന്നാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നത്. സുന്ദരയ്ക്ക് ഒരു ചാനല്‍ മൂന്നു ലക്ഷം കോഴ നല്‍കിയെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഏഷ്യാനെറ്റ് ചാനലിന്റെ ലേഖകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. സുന്ദരയ്ക്ക് കൊടുക്കാന്‍ മൂന്നു ലക്ഷം ലഭിച്ചെങ്കിലും ഒരു ലക്ഷമേ നല്‍കിയിട്ടുള്ളൂ എന്നാണ് ലേഖകന്റെ കുറിപ്പ്.
കെ. സുരേന്ദ്രനെതിനെ ചാനലുകള്‍ പഠിപ്പിച്ച മൊഴി അനുസരിച്ച് കെ. സുരേന്ദ്രനെതിരെ സുന്ദര സിപിഎമ്മിന്റെ ഒത്താശയോടെ കേസ് കൊടുത്തതും ചര്‍ച്ച ചെയ്യപ്പെടുകയാണ്. സിപിഎമ്മിന്റെയും ചില ചാനലുകളുടേയും ജനാധിപത്യ വിരുദ്ധവും മാധ്യമ ധര്മ്മത്തിന് ചേരാത്തതുമായ സമീപനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിമയ നടപടിക്ക് ഒരുങ്ങുകയാണെന്ന അഡ്വ. കെ. ശ്രീകാന്തിന്റെ പ്രസ്താവന ഏറെ പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: