ആലപ്പുഴ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വാക്സിനേഷന് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആക്ഷേപം ഉയരുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് സഞ്ചരിക്കുന്ന വാക്സിനേഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവ ഓരോ ദിവസവും എവിടെയാണ് എത്തുന്നത് എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് യാതൊരു മാര്‍ഗവുമില്ല. ഭരണകക്ഷിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇവയുടെ പ്രവര്‍ത്തനമെന്നാണ് ആക്ഷപം.
ഭരണകക്ഷി ജനപ്രതിനിധികളുടെ താല്‍പ്പര്യപ്രകാരമാണ് ഓരോ സ്ഥലത്തും ഇവ എത്തിച്ചേരുന്നത്. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കും, രണ്ടാം ഡോസ് എടുക്കുന്നതിന്റെ കാലാവധി 100 ദിവസം പിന്നിട്ടവര്‍ക്ക് നേരിട്ടെത്തിയും ഇവിടെ വാക്സിന് സ്വീകരിക്കാമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതല്ല നടപ്പാകുന്നതെന്നാണ് വിമര്‍ശനം. ഓണ്‍ ലൈനില്‍ രജിസ്ട്രേഷന് പലപ്പോഴും നടക്കാറില്ല. മാത്രമല്ല ഓരോ ദിവസവും സഞ്ചരിക്കുന്ന വാക്സിനേഷന് സെന്റര്‍ എവിടെയാണ് എത്തുന്നതെന്ന് പൊതുജനങ്ങള്‍ക്ക് അറിയാനും മാര്‍ഗമില്ല. ഇത് മുതലെടുത്ത് ഭരണകക്ഷിക്കാര്‍ തങ്ങളുടെ താല്‍പ്പര്യമുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നെന്നാണ് ആക്ഷേപം. ആയിരക്കണക്കിന് ആള്ക്കാര് രജിസ്ട്രേഷന് നടത്താനാവാതെ നെട്ടോട്ടം ഓടുമ്പോഴാണ് ഈ അഴിമതി.
ഇന്നലെ ആലപ്പുഴ നിയോജകമണ്ഡലത്തിലെ സഞ്ചരിക്കുന്ന വാക്സിനേഷന് സെന്റര്‍ പ്രവര്‍ത്തിച്ചത് നഗരത്തിലെ ഒരു മുസ്ലീം ആരാധനാലയത്തിലാണ്. പൊതു ഇടങ്ങള്‍ ഒഴിവാക്കി വാക്സിന് നല്‍കുന്നതിന് ആരാധാനാലയങ്ങള്‍ തെരഞ്ഞടുക്കുന്നത് മറ്റു ചില താല്‍പ്പര്യങ്ങളുടെ പേരിലാണെന്നാണ് വിമര്‍ശനം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്താന്‍ കഴിയുന്ന ഇടങ്ങള്‍ വേണം വാക്സിന് നല്‍കുന്നതിന് തെരഞ്ഞെടുക്കാനെന്നാണ് ആവശ്യം ഉയരുന്നത്. മാത്രമല്ല മൊബൈല്‍ സെന്ററുകള്‍ എത്തുന്ന സ്ഥലങ്ങള്‍ തലേന്ന് എങ്കിലും പൊതുജനങ്ങളെ അറിയിക്കണമെന്നും അഭിപ്രായമുണ്ട്.
ജില്ലയിലെ ഒന്‍പതു നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന വാക്സിന് കേന്ദ്രങ്ങള്‍ ആരംഭിച്ചെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: