ആലപ്പുഴ: സാമ്പത്തിക രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചിരുന്ന ലോട്ടറി തൊഴിലാളികളെ ദുരിതകാലത്ത് സര്‍ക്കാര്‍ കൈവിട്ടു. രണ്ടു മാസത്തിലേറെയായി ലോട്ടറി വില്‍പ്പന നിലച്ചിട്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത ദുരിതത്തിലാണ് സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം വരുന്ന ചെറുകിട ലോട്ടറി കച്ചവടക്കാര്‍.
ഒന്നാംഘട്ട ലോക്ഡൗണ്‍ നിലവില്‍ വന്ന സമയത്ത് സര്‍ക്കാര്‍ നാമമാത്രമായ സഹായങ്ങള്‍ നല്‍കിയിരുന്നു. അന്ന് 3,500 രൂപ ടോക്കണ്‍ നല്കി ടിക്കറ്റ് വാങ്ങാന്‍ സഹായം അനുവദിക്കുകയും ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. എന്നാല്‍ ടോക്കണ്‍ നിരക്കില്‍ അനുവദിച്ച 3, 500 രൂപ ഓണക്കാലത്ത് അനുവദിക്കാറുള്ള ബോണസില്‍ നിന്ന് വെട്ടിച്ചുരുക്കിയത് തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. കൂടാതെ ബോണസില്‍ വര്‍ഷത്തില്‍ നല്‍കാറുള്ള 500 രൂപയുടെ വര്‍ധനവ് കഴിഞ്ഞ തവണ ലഭിച്ചതുമില്ല. ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ വ്യക്തികള്‍ക്ക് ആദ്യ വര്‍ഷം 6,000 രൂപയുടെ ഓണക്കാല ബോണസാണ് ലഭിക്കാറുള്ളത്. ഇത് വര്‍ഷത്തില്‍ 500 രൂപ വര്‍ധിപ്പിക്കാറുണ്ടായിരുന്നു.
ഇത്തവണത്തെ ലോക്ഡൗണില്‍ കൂപ്പണ്‍ നിരക്കില്‍ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. 1000 രൂപയുടെ ധനസഹായമാണ് ഇവര്‍ക്ക് ആകെ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത ലോട്ടറി കച്ചവടക്കാര്‍ക്ക് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ നോക്കി ഈ തുക ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ല. ലോട്ടറി വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചതോടെ നേരത്തെ തന്നെ വില്‍പ്പനക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ കൊവിഡും പടര്‍ന്ന് പിടിച്ചത് ഇരുട്ടടിയായി.
ഇത്തവണത്തെ ബജറ്റില്‍ ലോട്ടറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ യാതൊന്നും പ്രഖ്യാപിച്ചിട്ടില്ല. മദ്യവില്‍പ്പന കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക മേഖലയെ താങ്ങിനിര്ത്തുന്നവരായിരുന്നു ലോട്ടറി വില്‍പ്പനക്കാര്‍. ശാരീരിക ബുദ്ധിമുട്ടുള്ളവരും,പ്രായക്കൂടുതല്‍ കൊണ്ട് ശാരീരിക അവശത അനുഭവിക്കുന്നവരുമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അധികം പേരും. അവരെ സഹായിക്കാന്‍ പദ്ധതികള്‍ വേണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: