നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കില്‍ റോഡ് പണിയുടെ മറവില്‍ വെട്ടികടത്തിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാട്ടുമരങ്ങള്‍. കേസ് കൈയോടെ പിടിച്ചതോടെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് മരം മുറിച്ചതെന്ന പൊതുമരാമത്ത് അധികൃതരുടെ വാദം തള്ളി ജില്ലാ ഭരണകൂടം. വിഷയം കരാറുകാരന്റെ വീഴ്ചയെന്ന് സ്ഥാപിച്ച് തടിയൂരാന്‍ ശ്രമം.
ഉടുമ്പന്‍ചോലയും രാജാക്കാടും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ റോഡുകളുടെ നിര്‍മാണത്തിന്റെ ഭാഗമായാണ് മരം മുറി നടന്നത്. മരം മുറിക്ക് അനുമതി തേടി പൊതുമരാമത്ത് വകുപ്പ് വനം, റവന്യൂ വിഭാഗങ്ങള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അനുവദിക്ക് മുമ്പെ മരം മുറിക്കുകയും നല്ല ഉരുപടികള്‍ രാത്രിയുടെ മറവില്‍ കടത്തുകയുമായിരുന്നു. അപേക്ഷയില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കഴിഞ്ഞ ദിവസം മാത്രമാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.
മുറിച്ചിട്ട മരങ്ങളില്‍ വലിയൊരു ഭാഗം കടത്തിയതായി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഉടുമ്പന്‍ചോല- ചെമ്മണ്ണാര്‍, രാജാക്കാട്- മാങ്ങാത്തൊട്ടി, കുത്തുങ്കല്‍- രാജാക്കാട് റോഡ് എന്നീ ഭാഗങ്ങളില്‍ നിന്നായി 52 മരങ്ങള്‍ മുറിച്ചതായാണ് പ്രാഥമിക കണക്ക്. വിഷയത്തില്‍ കോണ്ട്രാക്ടര്, പൊതുമാരത്ത് അധികൃതര്‍ എന്നിവര്‍ക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണ് വനം വകുപ്പ് എടുത്തിരിക്കുന്നത്. 22, 8, 13 വീതം വലിയ മരങ്ങളാണ് ഈ മൂന്ന് വഴികളില്‍ നിന്നുമായി മുറിച്ചത്.
റോഡ് പണിയുടെ ഭാഗമായി വനംവകുപ്പിനോട് 21 മരം മുറിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി തേയിരുന്നു. ഇതില്‍ നടപടി പുരോഗമിക്കുന്നതിനിടെ മരം മുറിച്ചത്. ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ അടുത്തിടെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞ മാസം അവസാനം പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍(പൈനാവ്) കളക്ടര്‍ക്ക് 10 മരം മുറിക്കാനായി അപേക്ഷ നല്കി. പിന്നാലെ തഹസില്‍ദാര്‍ സ്ഥലത്ത് പരിശോധനയും നടത്തി. ഇതിലും അനുവദി ലഭിക്കുന്നതിന് മുമ്പ് തന്നെ മരം മുറിക്കുകയായിരുന്നു.
കളക്ടറുടെ നിര്‍ദേശ പ്രകാരം വിഷയം പരിശോധിച്ചതായും ആറ് മരങ്ങള്‍ അപകടാവസ്ഥയിലായിരുന്നുവെന്നും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന് ജന്മഭൂമിയോട് പറഞ്ഞു. ഇത് സംബന്ധിച്ചും സ്ഥലത്ത് അടുത്തിടെ മരം മുറിച്ചതായി വിവരമുണ്ടെന്നും കാട്ടി ചൊവ്വാഴ്ച കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം റേഞ്ച് ഓഫീസര്‍ ബി. അരുണ്‍ മഹാരാജയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഇതിന് ശേഷം കേസ് ചാര്‍ജ് ചെയ്യുമെന്നും മൂന്നാര്‍ ഡിഎഫ്ഒ പി.ആര് സുരേഷും പറഞ്ഞു.
ഉത്തരവ് തെറ്റായി ഉപയോഗിച്ചു: കളക്ടര്‍
മേഖലയില്‍ മരം മുറിക്കാന്‍ ആര്‍ക്കും അനുവദിയും കൊടുത്തിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് വ്യക്തമാക്കി. മഴക്കാലത്തിന് മുമ്പ് എല്ലാവര്‍ഷവും ഇറക്കുന്ന പതിവ് ഉത്തരവ് മാത്രമാണ് ഇത്തവണയും ഇറക്കിയത്. ഇത് വിവിധ വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു. അതേ സമയം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരിട്ടെത്തി തങ്ങളുടെ ഭാഗം വിശദീകരിച്ചതായും കരാറുകാനെതിരെ ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് അറിയിച്ചതായും കളക്ടര്‍ വ്യക്തമാക്കി.
റോഡ് പണിയുടെ മറവില്‍ വ്യാപക കൊള്ള
റോഡ് പണിയുടെ മറവില്‍ ഇടുക്കിയില്‍ പ്രത്യേകിച്ചും ഹൈറേഞ്ചില്‍ നടക്കുന്നത് വ്യാപക പ്രകൃതി വിഭങ്ങളുടെ കൊള്ള. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം റോഡ് പണിയുടെ മറവില്‍ വ്യാപകതോതില്‍ പാറപ്പൊട്ടിച്ചെടുത്തതായി വില്ലേജ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളുണ്ട്. പാറയുള്ള ഭാഗങ്ങളില്‍ റോഡിന് വീതി അനുവദിച്ചതിലും ഇരട്ടിയായി മാറുന്നത് ഇതിന് ഒരു ഉദാഹരണം മാത്രം. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ മറവിലാണ് ഇതിലധികവും. റോഡ് പണിയുടെ മറവില്‍ പാറപ്പൊട്ടിക്കുന്നതും മരം മുറിച്ച് കടത്തുന്നതും പതിവ് സംഭവമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: