തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ ഖജനാവില്‍ 5000 കോടിയുടെ മിച്ചം വച്ചാണ് പോകുന്നതെന്ന അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍ പൊള്ളയായിരുന്നെന്ന് വ്യക്തമാക്കി ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുന്‍ധനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്നമില്ലെന്നാണ്. സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.
കരാറുകാരുടെ കുടിശ്ശിക തീര്‍ക്കുമ്പോള്‍ ജനങ്ങളിലേക്ക് വീണ്ടും പണമെത്തും. ഭക്ഷ്യക്കിറ്റ് ഉള്‍പ്പെടെ നല്‍കുന്നതും ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്നും ധനമന്ത്രി പറഞ്ഞു. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നത് പരിഗണിക്കുമെന്നും വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: