ഡൊമിനിക്ക: പിഎന്‍ബി തട്ടിപ്പില്‍ 13,500 കോടിയുടെ തിരിമറി നടത്തിയ ശേഷം ഇന്ത്യവിട്ട് ആന്റിഗ്വയില്‍ കഴിഞ്ഞിരുന്ന മെഹുൽ ചോക്സിക്ക് ക്യൂബയിലേക്ക് മുങ്ങാന്‍ പദ്ധതിയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സ്ത്രീസുഹൃത്ത് ബാര്‍ബറ ജബാറിക്കയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ബാര്‍ബറ കള്ളം പറയുകയാണെന്ന് ചോക്സിയുടെ ഭാര്യ പ്രീതി ചോക്സി തിരിച്ചടിച്ചു.
ഇതോടെ മെഹുല്‍ ചോക്സി കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. എന്തായാലും ആഴ്ചകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഡൊമിനിക്കയില്‍ ജയിലില്‍ കഴിയുന്ന മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ പറഞ്ഞു. അതേ സമയം ചോക്സിയെ ആന്റിഗ്വയിലേക്ക് മടക്കി അയക്കണമെന്ന് ഭാര്യ പ്രീതി ചോക്സി ആവശ്യപ്പെട്ടിട്ടുണ്ട്.
ചോക്സിയുടെ ഭാവി സംബന്ധിച്ച് ഡൊമിനിക്ക കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ആന്റിഗ്വയില്‍ കഴിഞ്ഞിരുന്ന ചോക്സിയെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ഡൊമിനിക്കന്‍ പൊലീസ് പിടികൂടിയത്. ഇദ്ദേഹത്തെ ആന്റിഗ്വയില്‍ നിന്നും ഒരു കൂട്ടല്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ചോക്സിയും ചോക്സിയുടെ അഭിഭാഷകരും വാദിക്കുമ്പോള്‍ ഇതിനെതിരെ വെളിപ്പെടുത്തല്‍ നടത്തുകയാണ് ചോക്സിയുടെ സ്ത്രീസുഹൃത്ത് ബാര്‍ബറ ജബാറിക്ക.
ആന്റിഗ്വ സര്‍ക്കാര്‍ മെഹുല്‍ചോക്സിയെ ഇന്ത്യയ്ക്ക് വിട്ട് കൊടുക്കാന്‍ ആലോചിക്കുന്നതിനിടയിലാണ് ചോക്സി ആന്റിഗ്വയില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. എന്നാല്‍ ഇദ്ദേഹം ക്യൂബയിലേക്ക് കടക്കാൻ ശ്രമിച്ചതാണെന്ന് ബാര്‍ബറ പറയുന്നു. ക്യൂബയിലേക്ക് കടക്കാന്‍ ചോക്സിക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നതായി ബാർബറ ജബാറിക്ക ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
രക്ഷപെടുകയാണെന്ന മട്ടിലൊരിക്കൽ പോലും ചോക്സി തന്നോട് സംസാരിച്ചിട്ടില്ലെന്നും രണ്ടു തവണ നമുക്ക് ഇനി ക്യൂബയിൽ കാണാം എന്ന സൂചന നൽകിയിരുന്നുവെന്നും ബാര്‍ബറ പറയുന്നു. മെയ് 23ന് ആന്റിഗ്വയില്‍ പ്രഭാത ഭക്ഷണ സമയം കഴിക്കുമ്പോഴാണ് ചോക്സിയെ ചിലർ കൂട്ടിക്കൊണ്ടുപോയതെന്നും ബാർബറ പറയുന്നു. എന്നാല്‍ ഈ തട്ടിക്കൊണ്ടുപോകല്‍ ചോക്സി അറിഞ്ഞുകൊണ്ടുള്ള നാടകമായിരുന്നെന്നും ഒരു വിനോദസഞ്ചാര നൗകയിൽ ക്യൂബയിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിനിടയിലാണ് ചോക്സി യാദൃശ്ചികമായി ഡൊമിനിക്കൻ സേനയുടെ പിടിയിലായതെന്നും ബാർബറ തുറന്നടിക്കുന്നു.
ബാർബറയുടെ വെളിപ്പെടുത്തല്‍ ചോക്സിയുടെ കുടുംബത്തിനെയും അഭിഭാഷകരെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പണത്തിനായി ചോക്സിയെ തട്ടിക്കൊണ്ടുപോകുന്ന പദ്ധതി ബാർബറ അറിഞ്ഞുകൊണ്ടാണ് നടത്തി യതെന്നും ചോക്സിയുടെ കുടുംബം ആരോപിക്കുന്നു.
അതിനിടെ ബാര്‍ബറ താന്‍ ചോക്സിയുമായി നടത്തിയ വാട്സാപ് സന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ചോക്സിയുടെ ഭാര്യ പ്രീതി ചോക്സി പറയുന്നത്. തന്റെ ഭര്‍ത്താവ് ആന്റിഗ്വയില്‍ അറിയപ്പെടുന്ന വ്യക്തമിയാണെന്നും ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. അതേ സമയം ചോക്സി രാജ് എന്ന കള്ളപ്പേരിലാണ് ആന്റിഗ്വയില്‍ കഴിഞ്ഞിരുന്നതെന്നും തന്നെ കൂടെക്കൂടെ വിളിക്കുമായിരുന്നെന്നും ബാര്‍ബറ പറയുന്നു. താന്‍ ചോക്സിയുടെ കാമുകിയല്ലെന്നും ബാര്‍ബറ പറഞ്ഞു. അതേ സമയം വാട്സാപ് സന്ദേശത്തില്‍ ഇരുവരും തമ്മിലുള്ള റൊമാന്റിക് ബന്ധത്തിന്റെ സൂചനകളുണ്ട്.
ഡൊമിനിക്കയില്‍ ചോക്സി പിടിയിലായതോടെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴംഗസംഘം പ്രത്യേക വിമാനത്തില്‍ ഡൊമിനിക്കയില്‍ പോയിരുന്നു. എന്നാല്‍ കേസ് തുടരുമെന്നതിനാല്‍ ഈ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എങ്കിലും പുതിയ സാഹചര്യത്തില്‍ അധികം വൈകാതെ ചോക്സിയെ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: