തിരുവനന്തപുരം: ഡിജിറ്റല്‍ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് വ്യാപനം എത്ര നാള് വരെ നീണ്ടു നില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ല. അതുവരെ കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ വഴിയാകാം. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനോപകരണങ്ങള് ലഭ്യമാക്കുന്നതും മറ്റും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും പിണറായി പറഞ്ഞു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാഠപുസ്തകം പോലെ ഡിജിറ്റല്‍ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ.
എന്നാല്‍ ഇതിനു വേണ്ട ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തവരുമുണ്ട്. ഉപകരണം ഉണ്ടായിട്ടും കണക്ടിവിറ്റി ഇല്ലാത്ത പ്രശ്നവും ഉണ്ട്. അത്തരം പ്രശ്നങ്ങള്‍ എല്ലാ ജില്ലകളിലും ഉണ്ട്. ആ പ്രദേശങ്ങള്‍ കണ്ടെത്തണം. അവിടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പിക്കാനുള്ള നടപടിയെടുക്കാനും, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സെക്രട്ടി തല സമിതി രൂപീകരിക്കാനും തീരുമാനമായി.
ആദിവാസി മേഖലകളിലാണ് ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മേഖലകളിലെ പ്രശ്നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഹരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകളും സൗരോര്‍ജ്ജവും സ്ഥാപിക്കേണ്ടതായുണ്ട്.
എന്നാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനായി പ്രത്യേക നിധി രൂപീകരിക്കാന്‍ തീരുമാനിച്ചു. വ്യക്തികള്‍, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവയില്‍ നിന്നും ഇതിനായി സഹായം സ്വീകരിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ഉദാരമതികള്‍, പ്രവാസികള്‍ മുതലായവരില്‍ നിന്നും സഹായം സ്വീകരിക്കാം. ഇതിനായി വിപുലമായ ക്യാമ്പയിന് സംഘടിപ്പിക്കണം. ഇത് കൂടാതെ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്ജ് സൗജന്യമായി നല്‍കാനും അഭ്യര്‍ത്ഥിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: