തൃശൂര്‍: കൊടകര കവര്‍ച്ചക്കേസില്‍ പിടിച്ച പണം തിരികെ നല്കാന് ആവശ്യപ്പെട്ട് പരാതിക്കാരനായ ധര്മ്മരാജന് ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്കി. ദല്‍ഹിയിലെ മാര്‍വാടി നല്കിയ പണമാണിതെന്നും കാറില്‍ നിന്ന് കവര്‍ച്ചക്കാര്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയ ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ തിരികെ നല്കാന് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ധര്മ്മരാജന് കോടതിയെ സമീപിച്ചത്. കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തിക്കാന്‍ കമ്മീഷന് നല്‍കാമെന്ന് പറഞ്ഞതനുസരിച്ചാണ് മൂന്നരക്കോടി വാങ്ങിയത്. 25 ലക്ഷം ബാഗിലും മൂന്നേകാല്‍ കോടി കാറിലെ കാര്‍പ്പെറ്റിനടിയിലുമാണ് സൂക്ഷിച്ചത്.
ആദ്യം ഡ്രൈവര്‍ ഷംജീറാണ് പരാതി നല്‍കിയിരുന്നത്. കാറില്‍ എത്ര പണമുണ്ടെന്ന് ഡ്രൈവര്‍ക്ക് അറിയില്ലായിരുന്നു, ധര്മ്മരാജന് പറഞ്ഞു. എത്ര പണമുണ്ടെന്നും എവിടെ നിന്നാണെന്നും പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും ധര്മ്മരാജന് വെളിപ്പെടുത്തി. ഇതോടെ അന്വേഷണ സംഘം വെട്ടിലായി. അതിനിടെ പണം കണ്ടെത്താനുള്ള റെയ്ഡിന്റെ വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന വിവരം അന്വേഷണ സംഘത്തിന് നാണക്കേടായി. പ്രതികളുടെ കണ്ണൂര്‍ ,കോഴിക്കോട് ജില്ലകളിലെ വീടുകളില്‍ റെയ്ഡ് നടത്താനുള്ള നീക്കമാണ് ചോര്‍ന്നത്. തൃശൂരില്‍ അന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച രണ്ട് എസ്ഐമാരും കണ്ണൂരിലെ ഒരു സിഐയുമാണ് ചോര്‍ത്തിയതെന്നാണ് കരുതുന്നത്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ വരും.
പ്രതി സംസ്ഥാനം വിട്ടതും മറ്റൊരു നാണക്കേടായി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ പതിനഞ്ചാം പ്രതി ഷിഗിലിന് വേണ്ടിയാണ് തെരച്ചില്‍. ഇയാള്‍ക്ക് കണ്ണൂരിലെ സിപിഎം നേതാക്കളുമായി അടുപ്പമുണ്ട്. കാര്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. തട്ടിയെടുത്ത പണത്തില്‍ നിന്ന് പത്തുലക്ഷം രൂപ ഷിഗിലിന് കൈമാറിയതായി മറ്റ് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പിടിയിലാകാനുള്ള ഏകപ്രതിയായ ഇയാള്‍ ബംഗളൂരുവിലേക്ക് കടന്നതായാണ് സംശയം.
കൊടകര കേസില്‍ പോലീസ് കാണിക്കുന്ന അമിത താത്പര്യം സമാനമായ മറ്റ് കേസുകളില്‍ കാണിക്കുന്നില്ല. തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ നടന്ന സമാനമായ കവര്‍ച്ചയില്‍ ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയോ മുഴുവന്‍ പ്രതികളേയും കണ്ടെത്തുകയോ ചെയ്തിട്ടില്ല. പച്ചക്കറി ലോറിയില്‍ ചാക്കുകളില്‍ നിറച്ച പണമാണ് ഒല്ലൂര്‍ കുട്ടനെല്ലൂരില്‍ മാര്‍ച്ച് 22 ന് കവര്‍ച്ച ചെയ്യപ്പെട്ടത്. 94 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു മുഹമ്മദ് സാലി എന്നയാള്‍ പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ വാഹനത്തില്‍ ചാക്കുകളില്‍ നിറച്ച നാല് കോടി രൂപ ഉണ്ടായിരുന്നുവെന്നും ഇത് കോണ്‍ഗ്രസിന്റെ പണമാണെന്നും അന്ന് തന്നെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണമുണ്ടായില്ല.
മുഹമ്മദ് സാലിയുടെ ഫോണ്‍വിളികള്‍ പരിശോധിക്കുകയോ പണത്തിന്റെ ഉറവിടം കണ്ടെത്തുകയോ ചെയ്തില്ല. കൊടകര കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഒല്ലൂരിലെ കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി റൂറല്‍ എസ്.പി.ജി.പൂങ്കുഴലി രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. തെരഞ്ഞെടുപ്പ് വേളയില്‍ 34 കോടി രൂപ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പിടികൂടിയിരുന്നു. ഈ കേസുകളിലും തുടരന്വേഷണം നിലച്ച മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: