ന്യൂദല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഔദ്യോഗിക പേജെന്ന് സൂചിപ്പിക്കുന്ന ‘നീല ടിക് ചിഹ്നം’ ട്വിറ്റര്‍ ഏകപക്ഷീയമായി നീക്കിയത് വന്‍ വിവാദമായി. വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റര്‍ പേജിന്റെ നീല്‍ ടിക് ചിഹ്നമാണ് ട്വിറ്റര്‍ നീക്കിയത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരാന് ട്വിറ്റര്‍ തയ്യാറല്ലെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ ഈ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ മറ്റമാര്ഗ്ഗങ്ങളില്ലാതെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത ട്വിറ്റര്‍ പേജില്‍ നീല ടിക് പുനസ്ഥാപിച്ച് നല്കി ട്വിറ്റര്‍ വിവാദത്തില്‍ നിന്നും തലയൂരുകയായിരുന്നു.
ട്വിറ്റര്‍ ഒരു വ്യക്തിയുടെ പേജ് ഔദ്യോഗികമാണെന്ന് അംഗീകരിക്കുമ്പോള്‍ നല്കുന്ന ബാഡ്ജ് ആണ് ഈ നീല്‍ ടിക് ചിഹ്നം. എന്നാല്‍ തികച്ചും ഏകപക്ഷീയമായി. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ശനിയാഴ്ച വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത പേജില്‍ നിന്നും ഈ ചിഹ്നം നീക്കിയത്. ഇതിന് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ഉണ്ടായില്ലെന്നതാണ് ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ടവരെയും ബിജെപിയെയും ചൊടിപ്പിച്ചത്. ട്വിറ്ററിന്റെ ഈ ഏകപക്ഷീയ നടപടി പിന്നീട് ഉപരാഷ്ട്രപതിയുടെ ഓഫീസ് സ്ഥിരീകരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധം ഉണ്ടായി.
@വിപിസെക്രട്ടേറിയറ്റ് എ്ന്ന വെങ്കയ്യനായിഡുവിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് നീല ടിക്കോടെ തടരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിഗത പേജായ @എംവെങ്കയ്യനായിഡു എന്ന പേജിലെ നീല ടിക്കാണ് ട്വിറ്റര്‍ എടുത്തുകളഞ്ഞത്.
ഒരു അക്കൗണ്ട് നിര്ജ്ജീവമായാലോ അതിന്റെ ഉപയോക്താവിന്റെ പേര് മാറ്റിയാലോ, ആ പേജ് അപൂര്‍ണ്ണമാണെങ്കിലോ, നേരത്തെ ട്വിറ്റര്‍ അംഗീകരിച്ച പേജിലെ സ്ഥാനത്ത് നിന്നും അതിന്റെ ഉടമ മാറിയിട്ടുണ്ടെങ്കിലോ, എല്ലാം ട്വിറ്റര്‍ തന്നെ നല്കിയ വെരിഫൈഡ് ബാഡ്ജായ നീല ടിക് ചിഹ്നം പിന്‍വലിക്കാന്‍ കമ്പനിയ്ക്ക് അധികാരമുണ്ട്. അതുപോലെ ഒരു അക്കൗണ്ട് തുടര്‍ച്ചയായി ട്വിറ്റര്‍ മുന്നോട്ട് വെച്ച നിയമങ്ങള്‍ ലംഘിച്ചാലും ആ അക്കൗണ്ടിലെ നീല ടിക് ബാഡ്ജ് പിന്‍വലിക്കാം. അതായത് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ, വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയോ, അക്രമനയങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ചാലോ, അപലപനീയമായ രീതിയില്‍ പെരുമാറുകയോ ചെയ്താലെല്ലാം നീല ടിക് ചിഹ്നം ട്വിറ്റര്‍ പിന്‍വലിക്കും.
ഉപരാഷ്ട്രപതിയുടെ പേജിലെ നീല ടിക് ബാഡ്ജ് പിന്‍വലിച്ചത് അദ്ദേഹത്തിന്റെ വ്യക്തിഗത പേജ് കുറെക്കാലമായി നിര്ജ്ജീവമായതുകൊണ്ടാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത പേജില്‍ ആറ് മാസമായി പുതിയ സന്ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് നീല ടിക് പിന്‍വലിച്ചതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തായാലും ട്വിറ്ററിന്റെ ഈ വിവാദ നീക്കത്തിനെതിരെ പൊടുന്നനെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. നിരവധി പേര് ട്വിറ്ററിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് ബിജെപിയുടെ മുംബൈയിലെ വക്താവ് സുരേഷ് നഖുവ പറഞ്ഞു. സംഭവം വിവാദമായതോടെ ട്വിറ്റര്‍ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത പേജില്‍ നീല്‍ ടിക് ബാഡ്ജ് പുനസ്ഥാപിക്കുകയായിരുന്നു.
ഇന്ത്യയുടെ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരാന് ട്വിറ്റര്‍ തയ്യാറാവാത്തതിനാല്‍ കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഒരു ഏറ്റുമുട്ടലിന്റെ പാതയിലായതിനാല്‍ സംഭവം കൂടുതല്‍ വിവാദമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: