അമ്പലപ്പുഴ : പിറന്നാള്‍ ദിന തലേന്ന് സ്വന്തം മുടി ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്ത് കാര്‍ത്തിക (23) മാതൃകയായി.കരുമാടിയില്‍ ദ്വാരക വീട്ടില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി – അമ്പിളി ദമ്പതികളുടെ മകള്‍ കാര്‍ത്തികയാണ് സമൂഹത്തിന് മാതൃകയായി സ്വന്തം മുടി മുറിച്ചു നല്‍കിയത്. മധുരാ കാമരാജ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയാണ് കാര്‍ത്തിക. സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സഹജീവികളുടെ ദു:ഖത്തില്‍ പങ്കുചേരുക എന്നത് കാര്‍ത്തികയ്ക്ക് എന്നും ആവേശമായിരുന്നു. ഓരോ പിറന്നാള്‍ ദിനത്തിലും അനാഥാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ അന്തേവാസികള്‍ക്ക് ഒപ്പം പിറന്നാള്‍ ദിനം ചിലവഴിച്ചിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സേവാഭാരതിയിലൂടെ സേവന പ്രവര്‍ത്തനത്തില്‍ കാര്‍ത്തിക സജീവമാകുകയായിരുന്നു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സില്‍ ചേര്‍ന്ന് പോലീസ് സേനയേയും സഹായിച്ചു വരുന്നു.ഇന്നലെയായിരുന്നു കാര്‍ത്തികയുടെ പിറന്നാള്‍. ഇതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിലുള്ള ക്യാന്‍സര്‍ സംഘടനയായ മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന് പ്രവര്‍ത്തകര്‍ക്ക് തന്റെ മുടി മുറിച്ച് നല്‍കിയത്. സംഭവം അറിഞ്ഞ് വിശ്വഹിന്ദു പരിഷത്ത്, മഹിളാ മോര്‍ച്ച ഉള്‍പ്പെടെയുള്ള നിരവധി സംഘടനാ നേതാക്കള്‍ പിറന്നാള്‍ ആശംസയുമായി കാര്‍ത്തികയെ കാണുവാന്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: