തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിന് ആറിന പദ്ധതികള്‍ക്ക് ആഹ്വാനമുണ്ട്. 20,000 കോടിയാണ് രണ്ടാം കോവിഡ് പാക്കേജിനായി വകയിരുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന് വിതരണം ചെയ്യുമെന്നും പ്രഖ്യാപനമുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് 1000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്്. സംസ്ഥാനത്ത് വാക്സിന് നിര്‍മാണം ആരംഭിക്കുന്നത് സംബന്ധിച്ചും ബജറ്റില്‍ പ്രസ്താവനയുണ്ട്. സംസ്ഥാനത്ത് വാക്സിന് ഗവേഷണ കേന്ദ്രം തുടങ്ങാനാണ് തീരുമാനം.
കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന് നയം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായെന്നും കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. തീരദേശ വികസനത്തിനും ആഹ്വാനമുണ്ട്. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനായി പദ്ധതികള്‍ ആവിഷ്കരിക്കും.
രാവിലെ ഒമ്പതിന് തന്നെ നിമസഭയിലെത്തിയ ധനമന്ത്രിയെ സ്പീക്കര്‍ എംബി രാജേഷ് ഔദ്യോഗികമായി ക്ഷണിച്ചതോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ പ്രശംസിച്ചുകൊണ്ടാണ് കെ.എന്‍. ബാലഗോപാല്‍ തന്റെ കന്നി ബജറ്റിന് തുടക്കമിട്ടത്. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്ന ബജറ്റായിരിക്കും ഇതെന്നും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: