തിരുവനന്തപുരം: ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. കേരളത്തിലെ പദ്ധതി നടത്തിപ്പില്‍ വലിയ ക്രമക്കേടാണ് നടന്നതെന്നും വീടുകള്‍ നേടിയവരില്‍ പകുതിയിലേറെയും അനര്‍ഹരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്യമിട്ട വീടുകളുടെ നാലിലൊന്ന് മാത്രമാണ് നിര്‍മ്മിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്കാത്തതിനാല് 5712 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായെന്നും സംസ്ഥാനത്തിന് 195.82 കോടി നഷ്ടമായെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മേല്‍നോട്ട സമിതികള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. പട്ടികയിലുള്‍പ്പെടുത്തിയ 75,709 കുടുംബങ്ങളില്‍ 45409 കുടുംബങ്ങള്‍ അനര്‍ഹരാണ്. 1,68,747 പേരുടെ സാധ്യതാ ലിസ്റ്റില്‍ നിന്ന് പഞ്ചായത്തുകളാണ് അനര്‍ഹരെ ഒഴിവാക്കി 75,709 പേരുടെ ലിസ്റ്റ് സമര്‍പ്പിച്ചത്. ഇതില്‍ 30,300 പേരെ അര്‍ഹരായിട്ടുള്ളൂ എന്ന് 2017 ല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ തന്നെ കണ്ടെത്തി. 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ നടത്തിയ നേരിട്ടുള്ള പരിശോധനയില്‍ 11,587 ഗുണഭോക്താക്കളില്‍ 2208 (19.06 ശതമാനം) പേര് മാത്രമാണ് അര്ഹരായവരെന്നും കണ്ടെത്തി. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം നിഷേധിച്ചുവെന്നാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് വര്‍ഷങ്ങളിലെ പദ്ധതി നടത്തിപ്പ് പരാജയപ്പെട്ടതിനാല്‍ 2019ല്‍ കേന്ദ്രം കേരളത്തിന് വീടുകള്‍ അനുവദിച്ചില്ല.
ലക്ഷ്യം 42,431, നടപ്പാക്കിയത് 16,101
2016-17 ല്‍ 32,559 ഉം 2017-18 ല്‍ 9872 ഉള്‍പ്പെടെ 42,431 വീടുകളാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലക്ഷ്യമിട്ടത്. എന്നാല്‍ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 6355, മറ്റു വിഭാഗങ്ങള്‍ക്ക് 10,932 വീടുകളാണ് സംസ്ഥാനം നല്‍കിയത്. ഇതില്‍ പൂര്‍ത്തിയായത് എസ്സി/എസ്ടി വിഭാഗത്തില്‍ 5796, മറ്റുള്ള വിഭാഗത്തിലെ 10305. മൊത്തം 16101 വീടുകള്‍ മാത്രം. 1186 വീടുകള്‍ പൂര്‍ത്തിയായിട്ടില്ല. രണ്ട് വര്‍ഷം കൊണ്ട് മാത്രം 25,144 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സംസ്ഥാന സര്‍ക്കാര്‍ തകര്‍ത്തു.
നഷ്ടം 195.82 കോടി
2016-17 ല്‍ കേന്ദ്രം അനുവദിച്ച 32,559 വീടുകള്‍ക്ക് ആദ്യഗഡുവായി 121.90 കോടി അനുവദിച്ചു. എന്നാല്‍ അതിന്റെ രണ്ടാംഗഡുവായ 121.90 കോടി നേടിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. 2017-18 73.92 കോടി കേന്ദ്ര വിഹിതവും സംസ്ഥാനത്തിന് ലഭിച്ചില്ല. ഇതോടെ സംസ്ഥാനത്തിന് നഷ്ടമായത് 195.82 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: