ന്യൂദല്‍ഹി: തിങ്കളാഴ്ച വിരമിച്ച ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദ്യോപാധ്യായ്ക്ക് തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത് ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെയോ, ദേശീയ നിര്‍വാഹക സമിതിയുടെയോ ഭാഗമായി നല്കുന്ന നിര്‍ദേശം വ്യക്തമായ കാരണില്ലാതെ പാലിക്കാതിരിക്കുന്നയാള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് വകുപ്പ് 51. യാസ് ചുഴലിക്കാറ്റിന് ശേഷമുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞയാഴ്ച ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് നോട്ടിസ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എന്‍ഡിഎംഎ)യുടെ ചെയര്മാന് പ്രധാനമന്ത്രിയാണ്. ഇതില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടായിരുന്നു.
പ്രധാനമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍നിന്ന് വിട്ടുനിന്നതിനെപ്പറ്റി മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നോട്ടിസില്‍ പറയുന്നു. വ്യാഴാഴ്ച സമയപരിധി അവസാനിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയിലേക്ക് കടന്നേക്കാമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വകുപ്പ് 51 പ്രകാരമുള്ള കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഒരുവര്‍ഷം വരെ തടവോ ഇതിനൊപ്പം പിഴയോ ലഭിക്കാം. നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതുമൂലം ജീവനുകള്‍ നഷ്ടമായാലോ, വലിയ അപകടമുണ്ടായാലോ ശിക്ഷ രണ്ടുവര്‍ഷം വരെ നീട്ടാം.
വെള്ളിയാഴ്ചയാണ് മമതാ ബാനര്‍ജി നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് കൈമാറിയ ശേഷം ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയത്. പിന്നാലെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദ്യോപാധ്യായ്യെ കേന്ദ്രം തിരിച്ചുവിളിക്കുകയും തിങ്കളാഴ്ച രാവിലെ പത്തിന് പഴ്സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയത്തിന്റെ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദേശം മറികടക്കാന്‍ സര്‍വീസ് കാലാവധി മൂന്നുമാസം നീട്ടിനല്‍കിയിരിക്കെ, തിങ്കളാഴ്ച വിരമിച്ചു. തുടര്‍ന്ന് ഇന്നലെത്തന്നെ മമത തന്റെ മുഖ്യ ഉപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: