ന്യൂദല്‍ഹി: കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടമായി അനാഥരാകുന്ന കുട്ടികള്‍ക്ക് ഒരു പിടി സഹായവാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഫണ്ടായ പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നൂം ഇത്തരം കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ നിക്ഷേപിക്കും; സൗജന്യവിദ്യാഭ്യാസസഹായവും നല്‍കും.
പ്രധാമന്ത്രി അധ്യക്ഷനായ ഉന്നത തലയോഗത്തിലാണ് ശനിയാഴ്ച ഈ തീരുമാനം ഉണ്ടായത്. ‘രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നത് കുട്ടികളാണ് . കുട്ടികളെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും എല്ലാം ചെയ്യും,’ പ്രധാനമന്ത്രി പറഞ്ഞു. സഹായ പദ്ധതിയുടെ ഭാഗമായി കോവിഡ് മൂലം അനാഥരായ കുട്ടികളുടെ പേരില്‍ അവര്‍ക്ക് 18 വയസ്സാകുമ്പോള്‍ 10 ലക്ഷം രൂപ നിക്ഷേപിക്കും. പിഎം കെയേഴ്സില്‍ നിന്നാണ് ഈ തുക നിക്ഷേപിക്കുക. 18 മുതല്‍ 23 വയസ്സുവരെ ഈ തുകയുടെ പലിശ മാസം തോറും സ്റ്റൈപ്പന്റായി ഉന്നതവിദ്യാഭ്യാസ സമയത്ത് കുട്ടികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കും. 23 വയസ്സാകുമ്പോള്‍ ആ 10 ലക്ഷം രൂപ അവര്‍ക്ക് സ്വകാര്യമോ പ്രൊഫഷണലോ ആയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കും. സര്‍ക്കാര്‍ ചെലവില്‍ തന്നെ ഈ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കും.
ഈ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാനും സഹായിക്കും. ഇതിന്റെ പലിശ പിഎം കെയേഴ്സില്‍ നിന്നും നല്‍കും. 18 വയസ്സുവരെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കും.
പത്ത് വയസ്സ് വരെ
ഈ കുട്ടികള്‍ക്ക് തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയയിലോ സ്വകാര്യ സ്കൂളിലോ പ്രവേശനം നല്‍കും. ഇതിന്റെ ഫീസ് പിഎം കെയേഴ്സ് നല്‍കും. യൂണിഫോം, ടെക്സ്റ്റ് പുസ്തകം, നോട്ട് പുസ്തകം എന്നിവയും പിഎം കെയേഴ്സില്‍ നിന്നും നല്‍കും.
11 മുതല്‍ 18 വയസ്സ് വരെ
ഈ കുട്ടികള്‍ക്ക് സൈനിക് സ്കൂള്‍, നവോദയ വിദ്യാലയ എന്നിവിടങ്ങളില്‍ പ്രവേശനം നല്‍കും. അകന്ന ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നതെങ്കില്‍ തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പ്രവേശനം നല്‍കും. അതിനുള്ള ഫീസ് പിഎം കെയേഴ്സ് നല്‍കും. യൂണിഫോം, ടെക്സ്റ്റ് പുസ്തകം, നോട്ട് പുസ്തകം എന്നിവയുടെ ചെലവ് പിഎം കെയേഴ്സ് വഹിക്കും.
ഉന്നതവിദ്യാഭ്യാസത്തിന്
പ്രൊഫഷണല്‍ കോഴ്സുകള്ക്കോ ഉന്നതവിദ്യാഭ്യാസത്തിനോ ഇന്ത്യയില്‍ പഠിക്കുന്നതിന് വായ്പ ലഭ്യമാക്കാന്‍ സഹായിക്കും. ഇതിന്റെ പലിശ പിഎം കെയേഴ്സില്‍ നിന്നും നല്‍കും. മറ്റൊരു ബദല്‍ മാര്‍ഗ്ഗം എന്ന നിലയില്‍ ട്യൂഷന് ഫീസിനോ കോഴ്സ് ഫീസിനോ തത്തുല്ല്യമായ സ്കോളര്‍ഷിപ്പ് കേന്ദ്ര-സംസ്ഥാന പദ്ധതിയായി നല്‍കും. ഈ സ്കോളര്‍ഷിപ്പിന് അര്‍ഹതയില്ലെങ്കില്‍ അവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് പിഎം കെയേഴ്സില്‍ നിന്നും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: