ബെര്‍ലിന്‍: ഒരു നൂറ്റാണ്ട് മുമ്പ് ചെയ്ത കൂട്ടക്കുരുതിക്ക് ഇപ്പോള്‍ നഷ്ടപരിഹാരവുമായി ജര്‍മ്മനി. 100 വര്‍ഷം മുമ്പ് നടത്തിയ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നമീബിയയ്ക്ക് 130 കോടി ഡോളര്‍ നഷ്ടപരിഹാരം നല്കാന് ജര്‍മ്മനി തീരുമാനിച്ചു.
നൂറ് വര്‍ഷം മുമ്പ് ജര്‍മ്മനിയുടെ കോളനിയായിരുന്നു നമീബിയ. അന്ന് ഹെരെരോ, നാമ എന്നീ രണ്ട് വംശീയ വിഭാഗങ്ങളെ ജര്‍മ്മന്‍ പട്ടാളം കൂട്ടക്കുരുതി ചെയ്തിരുന്നു. അന്ന് നഷ്ടംപറ്റിയ വംശീയര്ക്കുള്ള പുനര്‍നിര്‍മ്മാണത്തിനും വികസനത്തിനും വേണ്ടിയാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതെന്ന് ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് പറഞ്ഞു. അതുവഴി ജര്‍മ്മനി കൊളോണിയല്‍ ഭരണകാലത്ത് നടത്തിയ ക്രൂരകൃത്യങ്ങള്‍ക്ക് മാപ്പ് ചോദിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഹെയ്കോ മാസ് പറഞ്ഞു.
അന്ന് ഇരകളായവരുടെ ഓര്‍മ്മയ്ക്ക് സത്യസന്ധമായ രഞ്ജിപ്പിന്റെ ഒരു പൊതുപാത കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നമീബിയ ജര്‍മ്മനിയുടെ കോളനിയായിരുന്ന കാലത്ത് 1904 മുതല്‍ 1908 വരെയാണ് ഈ രണ്ട് വംശങ്ങളില്പ്പെട്ടവര്ക്കെതിരെ അതിക്രമങ്ങള്‍ നടന്നത്. ജര്‍മ്മനിയുടെ ഈ നീക്കം പഴയ തെറ്റുകളില്‍ നിന്നും മോചനം നേടാനുള്ള ശരിയായ പ്രക്രിയയായി കാണുന്നുവെന്ന് നമീബിയ സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: