കോങ്ങാട് (പാലക്കാട്): സാധരണക്കാര്‍ക്കും രോഗികള്‍ക്കും ആശ്വാസമേകുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍ അട്ടിമറിക്കാന്‍ സ്വകാര്യ മരുന്നു ലോബികള്‍ രംഗത്ത്. പൊതു വിപണിയിലെ മരുന്ന് കമ്പനികളുടെ ചൂഷണത്തില്‍ നിന്നുള്ള രക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ഔഷധി പരിയോജനയുടെ (പ്രധാനമന്ത്രി ജനഔഷധി കേന്ദ്രങ്ങള്‍) പൊതുസ്വീകാര്യത തിരിച്ചറിഞ്ഞവരാണ് ഇതിന് പിന്നില്‍. ജനങ്ങള്‍ക്ക് ആശ്വാസമായ ഈ കേന്ദ്രങ്ങള്‍ അട്ടിമറിക്കാന്‍ സംസ്ഥാനത്തുടനീളം ശ്രമമുണ്ട്.
ജാസ് മെഡിക്കല്‍സ്, ജാസ് മെഡിസിന്‍സ് എന്നീ പേരുകളില്‍ ഡ്രഗ്ഗ് ലൈസന്‍സ് നേടിയെടുത്ത് ജന്‍ ഔഷധി സംഘ് എന്ന പേരിലാണ് ചൂഷണം. ഇതിന് ജന്‍ ഔഷധിയുടെ സാമ്യത ഇവര്‍ നല്കുന്നുവെന്നതാണ് പ്രത്യേക. ബോര്‍ഡുകളിലും നോട്ടീസുകളിലും ഉള്‍പ്പെടെ ജന്‍ ഔഷധിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായാണ് പരാതി. ജന്‍ ഔഷധി സംഘ് എന്ന പേരില്‍ ഇവര്‍ക്ക് പേര് ഉപയോഗിക്കാന്‍ അനുവാദമില്ലെന്നിരിക്കെ വിവിധ ജില്ലകളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇവരുടെ പ്രചാരണം.
ജന്‍ ഔഷധി അല്ലെങ്കില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന എന്ന ട്രേഡ് മാര്‍ക്ക് മാത്രമേ ജന്‍ ഔഷധി ഔട്ട്ലെറ്റുകള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഇതിന് സാമ്യമുള്ള ട്രേഡ് നാമം ഉപയോഗിക്കുന്നവര്‍ക്കെതിരെ ബിപിപിഐ ആണ് നടപടിയെടുക്കേണ്ടത്. ജന്‍ ഔഷധിയുമായി സാമ്യമുള്ള ലൈസന്‍സ് കൊടുത്തതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടെന്നാണ് സൂചന.
പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ ജീവന്‍രക്ഷാ മരുന്നുകള്‍ പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവിലാണ് നല്‍കുന്നത്. ചില കോര്‍പ്പറേറ്റ് കമ്പനികളും മൊത്ത മരുന്ന് വ്യാപാര കച്ചവടക്കാരും ഇതില്‍ അസ്വസ്ഥരാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യാജസ്ഥാപനങ്ങള്ക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് പരാതി നല്കുവാന് ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ഉടമസ്ഥ കൂട്ടായ്മ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: