തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുണ്ടായ കൂട്ടമരണം സംബന്ധിച്ച് ഒളിച്ചുകളിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡുകളില്‍ ഈ മാസം 12 നാണ് കൂട്ട മരണമുണ്ടായത്. ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയെങ്കിലും അധികം വൈകാതെ പലരും വാര്‍ത്ത മുക്കി. 12ന് മെഡിക്കല്‍ കോളേജിലെ കൊവിഡ് മെഡിക്കല്‍ ഓഫീസര്‍ മാത്രം ഒപ്പിട്ടത് 70 മരണ സര്‍ട്ടിഫിക്കറ്റുകളാണ്. യഥാര്‍ഥ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരും മറച്ചുവച്ചു.
എഴുപതു രോഗികളാണ് ഒരു ദിവസം മരിച്ചത്. കൊവിഡ് ഐസിയു, കൊവിഡ് വാര്‍ഡ് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. കൊവിഡ് മെഡിക്കല്‍ ഓഫീസര്‍ ആണ് കൊവിഡ് വാര്‍ഡില്‍ ചികിത്സയിലുള്ള ആള് മരിച്ചു എന്ന് ഉറപ്പാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. 12ന് രാത്രി മുഴുവന്‍ മെഡിക്കല്‍ ഓഫീസര്‍ മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പിടുകയായിരുന്നു എന്നാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ നല്കുന്ന വിവരം. 70 പേര് മരിച്ചെന്ന് കേരള ഗവണ്മെന്റ് പോ
സ്റ്റുഗ്രാജ്യുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന് വാര്‍ത്താകുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് രോഗിയുടെ മൃതദേഹം 15 മണിക്കൂറോളം പുറത്ത് കിടത്തിയ വിവാദത്തെക്കുറിച്ചുള്ള വിശദീകരണ കുറിപ്പിലാണ് ഡോക്ടര്‍മാരുടെ സംഘടന ഇക്കാര്യം പുറത്ത് വിട്ടത്.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. അതാതു ദിവസത്തെ മരണങ്ങളല്ല, കൊവിഡ് മരണ മാനദണ്ഡം നോക്കിയശേഷം സ്ഥിരീകരിക്കുന്ന കണക്കാണ് പുറത്ത് വിടുന്നതെന്നാണ് വിശദീകരണം. 12ലെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഈ മാസം അഞ്ച് മുതല്‍ ഒമ്പത് വരെ മരിച്ച 14 പേരുടെ വിവരം മാത്രമാണ്. 12ന് മരിച്ചവരുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ 15 മുതലാണ്. 15ന് 18 പേര്, 16ന് 13 പേര്, 17ന് ഒരാള്‍ എന്നിങ്ങനെയാണ് കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചാല്‍ 12ന് 32 പേര് മരിച്ചിട്ടുണ്ട്. ഒരുമിച്ച് ഉള്‍പ്പെടുത്താത്തതിനാല്‍ കൂട്ടമരണം ആയി തോന്നുകയുമില്ല.
മാത്രമല്ല തിരുവനന്തപുരം ജില്ലയിലുള്ള മരണങ്ങളെ മുഴുവന്‍ തിരുവനന്തപുരം എന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. ജില്ലയിലുടനീളം സംഭവിച്ച മരണങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. ജില്ലയില്‍ അന്ന് മറ്റ് മെഡിക്കല്‍ കോളേജുകളിലും കൊവിഡ് കേന്ദ്രങ്ങളിലും മരിച്ചവരെ എവിടെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാണ്. മറ്റ് ജില്ലകളിലും സമാനമായി മരണം നടക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് പോസിറ്റീവായി മരിക്കുന്ന എല്ലാ മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കില്ലെന്നും ഇതിന് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം ഉണ്ടെന്നുമുള്ള ന്യായമാണ് സംസ്ഥാന സര്‍ക്കാര്‍ നിരത്തുന്നത്. അതേസമയം, കേന്ദ്ര മാനദണ്ഡം മറയാക്കി കൊവിഡ് മരണങ്ങളില്‍ കൃത്രിമം നടത്തുന്നുവെന്ന സംശയം ഈ കണക്കുകള്‍ പുറത്തുവന്നതോടെ ബലപ്പെട്ടു. കൂട്ടമരണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: