വാഷിങ്ടണ്‍: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് ലാബില്‍ നിന്നാണെന്ന ആരോപണങ്ങള്‍ക്കു ബലം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് അമേരിക്കയിലെ മാധ്യമങ്ങള്‍.
കൊവിഡിനെക്കുറിച്ച് ചൈന സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ്, 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ എന്നിവയടക്കം വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. വൈറസ് ലാബില്‍നിന്നു തന്നെ പുറത്തുവന്നതാണെന്ന വാദങ്ങള്‍ ബലപ്പെടുത്തുന്ന തരത്തിലാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. കൊവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന അടുത്തഘട്ടം യോഗം ചേരാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
വാള്‍സ്ട്രീറ്റ് ജേണല്‍ നല്‍കിയ വാര്‍ത്തയെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ രോഗവ്യാപനത്തിന്റെ ആദ്യദിനങ്ങളെക്കുറിച്ച് ബൈഡന്‍ ഭരണകൂടത്തിന് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ സമിതി വക്താവ് അറിയിച്ചു.
വൈറസ് ലാബില്‍നിന്നു പുറത്തുവന്നതല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിലയിരുത്തലെന്ന് ഞായറാഴ്ച ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും ഈ സംഘത്തിനുനല്‍കിയിരുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: