കണ്ണൂര്‍: രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനയായ സേവാഭാരതിയെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷാണ് ഇതു സംബന്ധിച്ച് ഇന്നലെ ഉത്തരവിറക്കിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കക്ഷി രാഷ്ട്രീയ സാമുദായിക താല്പര്യങ്ങള്ക്കതീതമായി വര്‍ഷങ്ങളായി രാജ്യത്താകമാനം സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സാമൂഹ്യ സന്നദ്ധ സേവന സംഘടനയാണ് സേവാഭാരതി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ജില്ലാ ഭരണകൂടത്തിനോടും ആരോഗ്യവകുപ്പിനോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്നത് കണക്കിലെടുത്താണ് സേവാഭാരതിയെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചത്. സേവാഭാരതി ജില്ലാ സെക്രട്ടറി എം. രാജീവന് സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം സേവാഭാരതിയെ സര്‍ക്കാരിന്റെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചത്. സേവാഭാരതി വളണ്ടിയര്‍മാര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിക്കേണ്ടതാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശാനുസരണമാവണം പ്രവര്‍ത്തിക്കേണ്ടതെന്ന് കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡിന്റെ രണ്ടണ്ടാം തരംഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സേവാഭാരതിയെ അധികൃതര്‍ അകറ്റി നിര്‍ത്തുകയും സിപിഎം നേതൃത്വം നല്കുന്ന ഐആര്‍പിസിയെ മാത്രം റിലീഫ് ഏജന്‍സിയെ ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തത് ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ജില്ലാ ഭരണകൂടത്തിനോടും ആരോഗ്യവകുപ്പിനോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന സേവാഭാരതിയെ വിലക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: