മക്കളേ,
ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും നമ്മളെ മുന്നോട്ടു നയിക്കാന്‍ ആത്മവിശ്വാസത്തിനു കഴിയും. റോക്കറ്റിനെ ഭൂമിയില്‍നിന്ന് ഉയര്‍ത്താനും, ഭൂമിയുടെ ആകര്‍ഷണശക്തിയെ ഭേദിക്കാനും റോക്കറ്റ് സഹായിക്കുന്നതുപോലെ ആത്മവിശ്വാസം നമ്മുടെ ഉള്ളിലെ കഴിവുകളെ ഉണര്‍ത്താനും നമ്മളെ ഉയരങ്ങളിലെത്തിക്കാനും സഹായിക്കുന്നു.
നമ്മുടെ കഴിവുകളെ ഉണര്‍ത്താന്‍ തടസ്സമായി നില്‍ക്കുന്നത് നമ്മുടെ മനസ്സു തന്നെയാണ്. ഭയവും സംശയവും കാരണം നമുക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. അതോടെ കഴിവുകളെ ഉണര്‍ത്താനോ വളര്‍ത്താനോ നമുക്കു കഴിയാതെ പോകുന്നു. അങ്ങനെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനാകാതെ പതറിപ്പോകുന്നു, നമ്മുടെ വളര്‍ച്ച മുരടിക്കുന്നു.
ഒരിക്കല്‍ ഒരു വേടന് ഒരു രാജാവിന് രണ്ടു പരുന്തിന്‍കുഞ്ഞുങ്ങളെ കാഴ്ചവെച്ചു. അവയുടെ സൗന്ദര്യവും ഗാംഭീര്യവും രാജാവിനെ വളരെയധികം ആകര്‍ഷിച്ചു. രാജാവ് ഉടന്‍തന്നെ രാജകൊട്ടാരത്തിലെ പക്ഷിപ്പരിശീലകനെ വിളിപ്പിച്ചു. എത്രയും വേഗം ആ പക്ഷികളെ പരിശീലിപ്പിച്ചു തിരിച്ചുകൊണ്ടുവരാന്‍ ആജ്ഞാപിച്ചു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് പക്ഷിപ്പരിശീലകന് രണ്ടു പക്ഷികളെയും കൊണ്ടുവന്ന് രാജാവിനോടു പറഞ്ഞു, ‘ഇവയില്‍ ഒന്ന് വളരെ ഉയരത്തില്‍ പറക്കാനും ആകാശത്തില്‍ പലതരത്തിലുള്ള അഭ്യാസങ്ങള്‍ കാണിക്കാനും പഠിച്ചുകഴിഞ്ഞു. അതു കണ്ടിരിക്കുന്നത് വളരെ രസകരമാണ്. പക്ഷെ, രണ്ടാമത്തെ പരുന്ത് ഇതുവരെ ഉയരത്തില്‍ പറന്നുതുടങ്ങിയില്ല. അത് ഉയരം കുറഞ്ഞ ഏതെങ്കിലും മരക്കൊമ്പില്‍ അള്ളിപ്പിടിച്ചിരിക്കും. ഞാന്‍ എത്ര ശ്രമിച്ചിട്ടും അവിടെനിന്ന് ഒന്നനങ്ങാന്‍പോലും അതു കൂട്ടാക്കുന്നില്ല. അതുകൊണ്ട് അതിനെ ഒന്നും അഭ്യസിപ്പിക്കാന്‍ എനിക്കു സാധിച്ചില്ല. പക്ഷികളെ പരിശീലിപ്പിക്കുന്നതില്‍ വിദഗ്ദ്ധരായ മറ്റുപലരെയും കാണിച്ചു. പക്ഷെ അവര്‍ ശ്രമിച്ചിട്ടും രണ്ടാമത്തെ പരുന്തിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നില്ല.’ അതുകേട്ട് രാജാവ് ആ പരുന്തിന്‍കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലെത്തി. വാര്‍ത്ത രാജധാനിയില്‍ പരന്നു. അതറിഞ്ഞ് ഒരു കര്ഷകന് രാജാവിനെ സമീപിച്ചു പറഞ്ഞു, ‘എനിക്ക് ഒരവസരം തരാല്‍ തിരുമനസ്സുണ്ടാകണം. ഞാന്‍ ഒന്നു ശ്രമിച്ചു നോക്കട്ടെ.’ രാജാവ് സമ്മതംമൂളി. കുറച്ചുനേരത്തിനകം ജനക്കൂട്ടം കയ്യടിക്കുന്ന ശബ്ദംകേട്ട് രാജാവ് തന്റെ മുറിയിലെ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. രണ്ടാമത്തെ പരുന്ത് പറന്നുതുടങ്ങിയെന്നുമാത്രമല്ല, ആദ്യത്തെ പരുന്തിനെയും വെല്ലുന്ന തരത്തില്‍ ഉയരങ്ങളില്‍ പറക്കുന്നു. രാജാവ് കര്‍ഷകനോടു പക്ഷിയുടെ സ്വഭാവമാറ്റത്തിനു പിന്നിലെ കാരണം ആരാഞ്ഞു. കര്ഷകന് പറഞ്ഞു, ‘ഞാന്‍ അധികമൊന്നും ചെയ്തില്ല. പക്ഷി അള്ളിപ്പിടിച്ചിരുന്ന മരക്കൊമ്പ് ഒടിച്ചുകളഞ്ഞു. താഴെ വീഴുമെന്നായപ്പോള്‍ പരുന്ത് ആകാശത്തേയ്ക്ക് പറന്നുയര്‍ന്നു. അതുവരെ അതിനെ ബാധിച്ചിരുന്ന ഭീതിയില്‍നിന്ന് മുക്തി നേടിയതോടെ ആ പരുന്ത് ഉത്സാഹത്തോടെ ഉയരങ്ങളില്‍ പറക്കാന്‍ തുടങ്ങി.’
നമ്മളില്‍ പലരും ഈ കഥയിലെ രണ്ടാമത്തെ പരുന്തിനെപ്പോലെയാണ്. ആ പരുന്ത് ആദ്യം ഒരു കൊച്ചു മരക്കൊമ്പില്‍ അള്ളിപ്പിടിച്ചിരിക്കുന്നതില് സുരക്ഷിതത്വം കണ്ടെത്തിയിരുന്നു. പറക്കാന്‍ ശ്രമിച്ചാല്‍ താഴേയ്ക്കു വീണുപോകുമെന്ന് അതു ഭയന്നു. ഭീതിയും ആത്മവിശ്വാസമില്ലായ്മയും അതിനെ ഉയരങ്ങളില്‍ പറന്നുയരാന്‍ അനുവദിച്ചില്ല. കര്ഷകന് മരക്കൊമ്പ് ഒടിച്ചപ്പോള്‍ താഴെ വീഴാതിരിക്കാനായി അതിന് പറക്കേണ്ടിവന്നു. അതോടെ ഉള്ളിലെ കഴിവുകള്‍ ഉണര്‍ന്നു.
ഭയം നമ്മുടെമേല്‍ പിടിമുറുക്കുമ്പോള്‍ നമ്മുടെ മനസ്സിന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ കഴിയാതെയാകുന്നു. ശത്രുവിനെക്കണ്ട് ആമ തലയും കൈകാലുകളും ഉള്ളിലേക്കു വലിക്കുന്നതുപോലെ ഭീതിപൂണ്ട മനസ്സ് സ്വയം സൃഷ്ടിച്ച പരിമിതിക്കുള്ളില്‍ തളയ്ക്കപ്പെടുന്നു. എന്നാല്‍ ഭയമുക്തമായ, ധീരതയുള്ള മനസ്സ,് തുറന്ന ആകാശത്തില്‍ പറന്നുയരുന്ന പക്ഷിയെപ്പോലെയാണ്.
ഭയവും സംശയവും നമ്മുടെ ആത്മവിശ്വാസത്തെ ചോര്ത്തിക്കളയുന്നതുമൂലം നമ്മള് പുതിയ സാഹചര്യങ്ങളെ നേരിടാന്‍ കഴിയാതെ പഴയതിനെ കെട്ടിപ്പിടിച്ചു കഴിയുന്നു, നമ്മുടെ കഴിവുകള്‍ മുരടിക്കുന്നു. എന്നാല്‍ എങ്ങനെയെങ്കിലും ആത്മവിശ്വാസത്തെ ഉണര്‍ത്തുവാന്‍ കഴിഞ്ഞാല്‍ നമ്മുടെ കഴിവുകളെ വളര്‍ത്താനും ജീവിതവിജയത്തിന്റെ ആകാശപ്പരപ്പില്‍ പറന്നുയരാനും നമുക്കു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: