കോഴിക്കോട്: പാല്‍ സംഭരണത്തില്‍ മില്‍മ നിയന്ത്രണം കൊണ്ടുവന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന് ക്ഷീര കര്‍ഷകര്‍.
ലോക്ഡൗണിനെ തുടര്‍ന്ന് മില്‍മ ഉച്ചയ്‌ക്ക് ശേഷമുള്ള പാല്‍ സംഭരണം നിര്‍ത്തിയിരുന്നു. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വൈകുന്നേരത്തെ 80 ശതമാനം പാല്‍ സംഭരണം മില്‍മ ആരംഭിച്ചിരുന്നു. എന്നാല്‍ മില്‍മയുടെ നടപടിക്കെതിരെ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. ലോക്ഡൗണ്‍മൂലം പാലിന്റെ പ്രാദേശിക വില്‍പ്പന കുറഞ്ഞതോടെയാണ് മില്‍മ പാല്‍ സംഭരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് മില്‍മയുടെ വിശദീകരണം.
പ്രതിസന്ധി ഘട്ടത്തില്‍ തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകരില്‍നിന്ന് മില്‍മ നേരിട്ടു പാല്‍ സംഭരിക്കുമ്പോള്‍ സ്വകാര്യ ഡയറികള്‍ പൂര്‍ണ്ണമായും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലാണ് വിപണനം ചെയ്യുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 28 രൂപയ്‌ക്ക് ലഭിക്കുന്ന പാല്‍ എത്തിച്ച് കവറുകളിലാക്കി വില്‍പ്പന നടത്തുകയാണ് സ്വകാര്യ ഡയറികള്‍ ചെയ്യുന്നത്. മില്‍മയുടെതിനേക്കാള്‍ കമ്മീഷന്‍ കൂടുതല്‍ കിട്ടുന്നതിനാല്‍ വിപണിയില്‍ ഇവയ്‌ക്ക് സാധ്യതയും വര്‍ധിക്കുന്നു. അന്യസംസ്ഥാനത്തുനിന്ന് പാല്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കമ്പനികള്‍ മില്‍മയുടെ കൈയില്‍നിന്ന് പാല്‍ എടുക്കാന്‍ തയാറാകും. ഇതോടെ, നിലവിലെ പാല്‍സംഭരണത്തിലെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കര്‍ഷകര്‍.
സംസ്ഥാനത്ത് 25 ലക്ഷത്തിലധികമാളുകള്‍ ക്ഷീരമേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതില്‍ 90 ശതമാനം കര്‍ഷകരും സംഘങ്ങളില്‍ പാല്‍ നല്‍കുന്നവരാണ്. കര്‍ഷകന് പാല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് അവന്‍ ക്ഷീരസംഘങ്ങളില്‍ എത്തിക്കുന്നത്. ഒരു ലിറ്റര്‍ പാല്‍ ഉത്പ്പാദിപ്പിക്കാന്‍ കര്‍ഷകന് 44 രൂപ ചിലവാകും. എന്നാല്‍ 80 ശതമാനം കര്‍ഷകനും ലഭിക്കുന്നത് 38 രൂപ മാത്രമാണ്. പാല്‍ ഒരു പോഷകാഹാരം എന്ന നിലയില്‍ ഏതെങ്കിലും രീതിയില്‍ കര്‍ഷകനില്‍ നിന്ന് സംഭരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.
അതിനുള്ള സംവിധാനം മില്‍മ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതേസമയം അധികപാല്‍ സംഭരിച്ചാല്‍ പാല്‍പ്പൊടിയാക്കാനുള്ള സംവിധാനവും മില്‍മയ്‌ക്കില്ല. ഇത് മില്‍മയുടെ അനാസ്ഥയാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: