തിരുവനന്തപുരം: കെ. രാധാകൃഷ്ണനെ സംസ്ഥാനത്തെ ആദ്യ ദളിത് ദേവസ്വം മന്ത്രിയാക്കി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു. ഇത്തരത്തില്‍ വന്‍ പ്രചാരണം പാര്‍ട്ടി തുടങ്ങിയെങ്കിലും മുന്‍പ് ഈ വകുപ്പ് ഭരിച്ച ദളിത് മന്ത്രിമാരുടെ പേരുകള്‍ പുറത്തുവന്നതോടെ നീക്കം തകരുകയായിരുന്നു. വിക്കിപീഡിയ എന്ന വിജ്ഞാന കോശം തിരുത്താന്‍ വരെ സൈബര്‍ സഖാക്കള്‍ ശ്രമിച്ചിരുന്നു.
സീനിയറായ, അനുഭവപരിചയമുള്ള സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ ഒതുക്കിയത് ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍. ചേലക്കര മണ്ഡലത്തില്‍ നിന്ന് നാലാം തവണയാണ് കെ. രാധാകൃഷ്ണന് നിയമസഭയില്‍ എത്തുന്നത്. 1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി, വര്‍ഗ്ഗ ക്ഷേമ, യുവജന കാര്യ മന്ത്രി. 2001-ല്‍ പ്രതിപക്ഷ ചീഫ് വിപ്പ്. 2006-ല്‍ സ്പീക്കര്‍. എന്നിട്ടും കെ.രാധാകൃഷ്ണന് നല്‍കിയത് പുതുതായി ഒന്നും ചെയ്യാനില്ലാത്ത ദേവസ്വം, പട്ടികജാതി-വര്‍ഗ്ഗ വകുപ്പുകള്‍. ദേവസ്വത്തിലും സ്ഥിതി വ്യത്യസ്തമല്ല. ശബരിമല തീര്‍ത്ഥാടനത്തിനും അപ്പുറം ദേവസ്വത്തിന് വലിയ റോളില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
പരിചയസമ്പന്നന്‍ അപ്രധാന വകുപ്പുകള്‍ നല്‍കിയത് ചര്‍ച്ചയാകും മുമ്പ് ദളിതനെ ദേവസ്വം മന്ത്രിയാക്കി എന്ന് വരുത്തുകയായിരുന്നു സിപിഎമ്മിന്റെയും സൈബര്‍ പോരാളികളുടെയും പദ്ധതി. കഴിഞ്ഞ തവണ പട്ടികജാതി വര്‍ഗ മന്ത്രിയായിരുന്ന എ.കെ. ബാലന് നിയമവും സാംസ്കാരിക വകുപ്പുകളും കൂടി നല്‍കിയിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സഹകരണ, ടൂറിസം വകുപ്പും നല്കി. എന്നാല്‍ രണ്ട് അപ്രധാന വകുപ്പുകള്‍ ഒരുമിച്ചാക്കി ദളിത് വിഭാഗത്തെ തഴഞ്ഞു.
1952-ലെ എ.ജെ. ജോണിന്റെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണവും ദേവസ്വവും കൈകാര്യം ചെയ്തത് കൊച്ചുകുട്ടന് എന്ന കോണ്‍ഗ്രസ്സിന്റെ ദളിത് പ്രതിനിധിയായിരുന്നു. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം 1970-77ലെ സി. അച്യുത മേനോന് മന്ത്രിസഭയില്‍ ദേവസ്വം കൈകാര്യം ചെയ്തിരുന്നത് കോണ്‍ഗ്രസ് നേതാവ് വെള്ള ഈച്ചരനും.
1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെയുള്ള കെ. കരുണാകരന് മന്ത്രിസഭയിലും 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെയുള്ള എ.കെ. ആന്റണി മന്ത്രിസഭയിലും അംഗമായിരുന്ന കെ.കെ. ബാലകൃഷ്ണന് കൈകാര്യം ചെയ്തതും ദേവസ്വം വകുപ്പായിരുന്നു. ചേലക്കര എംഎല്‍എ ആയിരിക്കെയാണ് ബാലകൃഷ്ണന് ദേവസ്വം മന്ത്രിയായത്. 1978ല്‍ സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായപ്പോള്‍ ദാമോദരന്‍ കാളാശേരിയും ദേവസ്വം മന്ത്രിയായിരുന്നു. ഇതെല്ലാം സിപിഎം സൈബര്‍ പോരാളികള്‍ വിക്കിപീഡിയയില്‍ തിരുത്തി.2001ല്‍ ഇ.കെ. നായനാരും 2011 ല്‍ വി.എസ്.അച്യുതാനന്ദനും 2016 ല്‍ പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോള്‍ ദളിത് വിഭാഗത്തിന് ദേവസ്വം വകുപ്പ് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: