ഡോ.കെ. ജയപ്രസാദ്
”എപ്പോള്‍ വിളിച്ചാലും നിങ്ങളുടെ ശല്യപ്പെടുത്തുന്ന കോളര്‍ ട്യൂണാണ്. എന്താണീ സന്ദേശത്തിന്റെ ഉദ്ദേശം? വാക്സിന് ഇല്ലെങ്കില്‍ പിന്നെ ഈ കോളര്‍ ട്യൂണ്‍ എന്തിന്?” ദല്‍ഹി ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് പതിനാലിന് കൊവിഡ് സംബന്ധിച്ച കേസിന്റെ വാദത്തിനിടയിലാണ് ഇങ്ങനെ പരാമര്‍ശിച്ചത്. സമാനമായ പല നിരീക്ഷണങ്ങളും ഗുജറാത്ത്, അലഹബാദ്, മദ്ധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ഉത്തരാഖണ്ഡ്, കേരള, പാറ്റ്ന ഹൈക്കോടതികള്‍ ഇതിനകം നടത്തിയിട്ടുണ്ട്. കൊവിഡ് സംബന്ധിച്ച് വളരെയധികം പൊതു താല്പര്യഹര്ജികള് വന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇക്കഴിഞ്ഞ 2021 ഏപ്രില്‍ 23ന് സ്വമേധയാകേസെടുത്തത്. അതിനെ തുടര്‍ന്ന് കൊവിഡ് മാനേജ്മെന്റിന് പന്ത്രണ്ട് അംഗ നാഷണല്‍ ടാസ്ക് ഫോഴ്സിനെ കോടതി നിയമിച്ചിരിക്കുകയാണ്.
ഒരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും ഉപസമിതികള്‍ വരും. കൊവിഡ് മാനേജ്മെന്റിന്റെ പ്രവര്‍ത്തനം കോടതി നിരീക്ഷണത്തില്‍ ആയിരിക്കും. ഒപ്പം കാലാകാലങ്ങളില്‍ സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം എന്നതാണ് വ്യവസ്ഥ. അതുകൊണ്ട് തന്നെ ഇക്കഴിഞ്ഞ മെയ് പതിനാലിന് കേരള ഹൈക്കോടതിയില്‍ കൊവിഡ് സംബന്ധിച്ച പൊതുതാല്പര്യഹര്ജി പരിശോധിക്കുമ്പോള്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് എതിര്‍വാദം സമര്‍പ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് അറിയിച്ചത്, ”കൊവിഡ് സംബന്ധിച്ച വിഷയങ്ങള്‍ സുപ്രീം കോടതി നിയോഗിച്ചവിദഗ്ധസമിതിയുടെ മേല്‍നോട്ടത്തിലാണ്. ഇതിന് കീഴിലാണ് വാക്സിന് വിതരണം നടക്കുന്നത്, കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ പങ്കില്ല.” എന്നാണ്. ഭാവിയില്‍ കൊവിഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കോടതിയില്‍ വരുമ്പോള്‍ ഉത്തരവാദിത്തം എക്സിക്യൂട്ടിവിനല്ല മറിച്ച കോടതി തന്നെ നിയോഗിച്ചവിദഗ്ധ സമിതിയ്ക്കാണ് എന്ന് പറഞ്ഞ് ഒഴിയാന്‍ സാഹചര്യമൊരുക്കിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന ഒരു വിഷയത്തില്‍ ഉണ്ടായ കോടതിയുടെ അനാവശ്യ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന് (എക്സിക്യൂട്ടീവ്) രാഷ്ട്രീയമായി ഗുണകരമായി എന്നുവേണം കരുതാന്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം വ്യാപിച്ച അമേരിക്കയില്‍ നാളിതുവരെ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ അധികാരമുള്ള നീതിന്യായപീഠമാണ് അമേരിക്കന്‍ സുപ്രീംകോടതി. അമേരിക്കയിലാണ് ജുഡീഷ്യല്‍ റിവ്യൂ എന്ന അധികാരം ഉപയോഗിച്ച് സമൂഹം എക്സിക്യൂട്ടീവിനെയും, ലെജിസ്ലേച്ചറിനെയും നിയന്ത്രിക്കുന്ന സംവിധാനം ആദ്യം ഉടലെടുത്തത്. ഇന്ത്യന്‍ സുപ്രീംകോടതിയും ഈ അധികാരം ഉപയോഗിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 131,132, 133, 134, 143, 226, 245, 246, 251, 254 എന്നിവപ്രകാരം കോടതിയ്ക്ക് സര്‍ക്കാരിന്റെ തീരുമാനങ്ങളും, നിയനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന ആക്ടുകളും പരിശോധിക്കാനുള്ള അവകാശം ഉണ്ട്. 1990 കളില്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഭാഗമായി വ്യാപകമായി പൊതുതാല്‍പര്യകേസുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ഒപ്പം കോടതി സ്വമേധയാ കേസ് എടുക്കുന്ന അവസ്ഥയും ഉണ്ടായി, ഒരു പാട് ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ ജഡ്ജിയെ നിയമിക്കാന്‍ വേണ്ടി സുതാര്യമായ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ജുഡീഷ്യല്‍ അപ്പോയ്മെന്റ് കമ്മീഷന് ആക്ട് ഇന്ത്യന്‍ പാര്‍ലമെന്റ് ഐകകണ്ഠേന പാസ്സാക്കിയെങ്കിലും സുപ്രീംകോടതി അത് 2015ല്‍ നിരാകരിച്ചു. ഇത് കോടതിയുടെ വിശ്വാസ്യതയെകുറച്ചൊക്കെ നഷ്ടപ്പെടുത്തി എന്ന് കരുതുന്നവര്‍ ഉണ്ട്.
2018 ജനുവരി 18 ന് സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജ്മാരായ കുര്യന് ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകുര്‍, ചെലമേശ്വര്‍ എന്നിവര്‍ പരസ്യമായി പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റീസിനെ വിമര്‍ശിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ആദ്യ കൊട്ടാര വിപഌവ’മാണിത്. ഈ പശ്ചാത്തലത്തില്‍ കോടതിയും ജഡ്ജിമാരും സ്വയം നിയന്ത്രിക്കണം. അല്ലെങ്കില്‍ അത് കോടതിയുടെ വിശ്വാസ്യതയെതകര്ക്കും എന്ന് അഭിപ്രായമുയര്‍ന്നു. പലപ്പോഴും രാഷ്ട്രീയമായ ആവശ്യത്തിനായി പൊതുതാല്പര്യ ഹര്‍ജി നല്കി കോടതിയുടെ ഇടപെടല്‍ നടത്തുന്ന സാഹചര്യവും ഇന്നുണ്ട്. എക്സിക്യൂട്ടീവിന്റെയും, ലെജിസ്ലേച്ചറിന്റെയും അധികാരങ്ങളെ കോടതി കവര്ന്നെടുക്കാതിരിക്കുന്നതാണ് ആരോഗ്യകരമായ ഒരു ഭരണഘടനാവ്യവസ്ഥയ്ക്ക് നല്ലത്. ഈ പശ്ചാത്തലത്തില്‍ കോവിഡ് മാനേജ്മെന്റില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമായിരുന്നോ എന്ന് ചര്‍ച്ചചെയ്യപ്പെടണം.
ചൈനീസ് നിര്‍മ്മിത കൊവിഡ് 19 ലോകരാജ്യങ്ങളെയാകെ സാമ്പത്തികമായി തകര്‍ത്തിരിക്കുന്നു. അത് വരുത്തിവച്ച ആള് നാശം ഏറെ വലുതാണ്.ചൈനമാത്രമാണ് ഈചൈനീസ് കൊവിഡ്-19 വൈറസില്‍ നിന്ന് മുക്തമായത് (ഔദ്യോഗിക കണക്കു പ്രകാരം) എന്ന് അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായികണക്കാക്കുന്ന അമേരിക്കയില്‍ ഇതു വരെ 3.4 കോടി പൗരന്മാര്ക്ക് കൊവിഡ് ബാധിക്കുകയുണ്ടായി. ഏതാണ്ട് ആറുലക്ഷംപേര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്ത്യയില്‍ 2.4 കോടി ആളുകള്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 2.62 ലക്ഷം പേര് മരിച്ചു. ബ്രസീലില്‍ 1.55 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചത് മരണം 4.33 ലക്ഷവും. ഫ്രാന്‍സില്‍ 58 ലക്ഷം രോഗികളാണെങ്കില്‍ മരണപ്പെട്ടത് 1.7 ലക്ഷം പേരാണ്. ബ്രിട്ടനില്‍ രോഗം ബാധിച്ചവര്‍ 44.5 ലക്ഷവും മരണം 1.28 ലക്ഷവുമാണ്. ഇറ്റലിയില്‍ 41.5 ലക്ഷം പേര് രോഗികളായപ്പോള്‍ 1.24 ലക്ഷം പേര് കൊല്ലപ്പെട്ടു. ജര്‍മ്മനിയില്‍ 36 ലക്ഷംപേര്‍ രോഗബാധിതര്‍ ആയപ്പോള്‍ 86,030 പേര് മരിച്ചു. സൗത്ത് ആഫ്രിക്കയില്‍ 16 ലക്ഷം രോഗികളായപ്പോള്‍ മരിച്ചത് 55, 124 പേരാണ്. അര്‍ജന്റീനയില്‍ 32 ലക്ഷം രോഗികളായപ്പോള്‍ മരിച്ചത് 69, 853 പേരാണ്. ലോകത്താകെ നോക്കിയാല്‍ 16.2 കോടി ആള്‍ക്കാര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 33.5 ലക്ഷം പേര് മരണപ്പെട്ടു.
ഇവിടെ എടുത്തുപറയേണ്ടത് ലഭ്യമായ കണക്കുകള്‍ പ്രകാരം ചൈനയില്‍ കേവലം 90,929 പേര്‍ക്ക് മാത്രണ് കൊവിഡ് ബാധിച്ചത്. ചൈനയില്‍ കൊല്ലപ്പെട്ടവര്‍ 4633 പേരും! എല്ലാവികസിത രാജ്യങ്ങളെയും ഇത്രയധികം ബാധിച്ചകൊവിഡ് ചൈനയില്‍ മാ
ത്രം നിയന്ത്രിക്കപ്പെട്ടുവെന്നത് ശരിയാണെങ്കില്‍ അത് കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതാണ്. ചൈനയ്ക്ക് മാത്രം ”പ്രതിരോധശേഷി” ലഭിച്ചുവെങ്കില്‍ കൊവിഡ് -19 വൈറസ് ചൈനീസ് നിര്‍മ്മിതമാണെന്ന വാദം അംഗീകരിക്കേണ്ടിവരും. അമേരിക്ക ഇതുവരെ 26.8 കോടി കൊവിഡ് വാക്സിന് നല്കി. എണ്ണം കൊണ്ട് നോക്കുമ്പോള്‍ വാക്സിനേഷനില്‍ രണ്ടാം സ്ഥാനത്തു വരുന്നത് ഇന്ത്യയാണ്. 2021 മെയ് 14 വരെ ഇന്ത്യയില്‍ 18.4 കോടി വാക്സിനുകള്‍ നല്കി. ഇതില്‍ തന്നെ രണ്ടാം വാക്സിനുകളും ലഭിച്ചവര്‍ 4.1 കോടി ജനങ്ങളുണ്ട്. ആകെ 13,93,75,698 ആള്ക്കാര് വാക്സിന് സ്വീകരിച്ചു.
എന്നാല്‍ ഇത് കേവലം 12 ശതമാനം മാത്രമാണ്. ഇന്ത്യയിലെ ജനസഖ്യ 136.64 കോടിയാണ്. അതായത് ഇരുപത്തി ഏഴ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ യൂണിയന് (74.66 കോടി ജനങ്ങള്‍) അമേരിക്ക (32 കോടി), ബ്രസീല്‍ (21.1 കോടി), കാനഡ (3.76കോടി), അര്‍ജന്റീന (4.5 കോടി) എന്നീ മുപ്പത്തി ഒന്നു രാജ്യങ്ങളിലെ ജനസംഖ്യയ്ക്ക് തുല്യമാണ് ഇന്ത്യയുടെ ജനസംഖ്യ. കൊവിഡ് വാക്സിന് രാജ്യത്ത് നല്കാന് അനുവാദം നല്‍കുന്നത് 2021 ജനുവരി 3 നാണ്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടികളും ബുദ്ധിജീവികളും ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്സിന് അംഗീകാരം നല്‍കിയത് ശരിയായ പരീക്ഷണം നടത്തിയിട്ടല്ല എന്ന് ആരോപിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കളായ ശശിതരൂര്‍, ജയറാം രമേശ് തുടങ്ങിയവര്‍ വാക്സിനെതിരെ എതിര്‍പ്പുമായി എത്തി. കോണ്‍ഗ്രസ് വക്താവ് സല്മാന് നിയാസി കൊ വാക്സിന് ഒരു ”ഫ്രോഡ്” ആണെന്നാണ് പ്രഖ്യാപിച്ചത്. സമാജവാദി പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ് കൊവാക്സിന് ഒരു ”ബിജെപി വാക്സിന്” ആണെന്നും, അത് സ്വീകരിക്കില്ല എന്നും പ്രഖ്യാപിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കൊവാക്സിന് അംഗീകാരം നല്‍കിയതില്‍ ഗുരുതര വീഴ്ചയുണ്ടെന്നും, വാക്സിന് അംഗീകരിച്ച യോഗത്തിന്റെ മിനുട്ട്സ് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഭാഗ്യവശാല്‍ ആരും പൊതുതാല്പര്യഹര്ജി നല്കാത്തതുകൊണ്ട് കൊവാക്സിന് അംഗീകാരം നിയമപരമായി വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായില്ല.
ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും രണ്ടു വാക്സിനുകള്‍ നല്കണമെങ്കില് ഇരുനൂറ്റി എഴുപത്തിമുന്നുകോടി വാക്സിനുകള്‍ വേണം. മറ്റൊന്ന് നമ്മുടെ രാജ്യം കൊവിഡിന്റെ ഒന്നാം വരവിനെ തടഞ്ഞുനിര്‍ത്തിയത് ലോക്ഡൗണിലൂടെയാണ്. കൊവിഡിന്റെ രണ്ടാംവരവ് അപ്രതീക്ഷിതമായിരുന്നു. വരുന്ന ജൂലൈ 31 ന് മുമ്പ് മുപ്പത് കോടി പേര്‍ക്ക് വാക്സിന് എന്നതായിരുന്നു ലക്ഷ്യം. അത് ഇപ്പോള്‍ 18.4 കോടിയില്‍ എത്തിനില്‍ക്കുന്നു. കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിന് നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
മറ്റ് ലോകരാജ്യങ്ങളിലൊന്നും കൊവിഡ് ഒരു രാഷ്ട്രീയ വിഷയമായില്ല. മഹാമാരിയെ ജനങ്ങള്‍ ഒന്നായി നിന്നു നേരിടുന്നു. ഇന്ത്യയില്‍ കൊവിഡിനെതിരായ ശ്രമങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളാക്കി മാറ്റി. മഹാമാരിയിലും രാഷ്ട്രീയം കലര്‍ത്തുന്ന സംസ്കാരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒന്നാം കൊവിഡ് കഴിഞ്ഞ് ജനങ്ങള്‍ സ്വതന്ത്രമായി ഇടപെട്ടപ്പോള്‍ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചില്ല. കേരളം അതിന് ഉത്തമ ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് വന്നതോടെ എല്ലാ നിയന്ത്രണങ്ങളും തെറ്റി. മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്ഷന് ഷോകള്‍ക്ക് നേതൃത്വം നല്കി. ഈ കാലഘട്ടത്തില്‍ ആരോഗ്യ വിദഗ്ധര്‍മാര്‍ മൗനം പാലിച്ചു .കോടതികളും തടഞ്ഞില്ല. കൊവിഡിന്റെ രണ്ടാം വ്യാപനത്തില്‍ ഉണര്‍ന്ന കോടതികള്‍ അല്പ്പംനേരത്തെ ഉണര്‍ന്നു നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ കൊവിഡ് വ്യാപനം ഇതുപോലെ ഉണ്ടാകില്ലായിരുന്നു. മഹാമാരിയെ നേരിടുന്നതിന്റെ ഉത്തരവാദിത്തം കേവലം സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയില്‍ മാത്രം മതിയോ എന്നത് ചര്‍ച്ച ചെയ്യപ്പെടണം.
കൊവിഡിന്റെ വ്യാപ്തിയും, പുതിയ രൂപങ്ങളും പ്രവചനാതീതമായതിനാല്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് പരിമിതിയുണ്ടാവും. എക്സിക്യൂട്ടീവിനെ മാറ്റി ജുഡീഷ്യറിയില്‍ മേല്‍ നോട്ടത്തിന്റെ ഉത്തരവാദിത്തം നല്‍കുന്നത് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് സഹായകമാകുമോ. ഏറെ രാഷ്ട്രീയവല്‍ക്കരിച്ച ഒരു വ്യവസ്ഥയില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത രീതിയില്‍ നല്കുന്ന നിരീക്ഷണങ്ങള്‍ മഹാമാരിക്കെതിരായ പോരാട്ടത്തെ എങ്ങനെ ബാധിക്കുമെന്ന് ചരിത്രം വിധി എഴുതും. എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവ അവരവരുടെ അധികാര പരിധിയില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ ഭരണ വ്യവസ്ഥയ്ക്ക് നല്ലത്.
ഈ വിഷയത്തില്‍ അമേരിക്കന്‍ സുപ്രീംകോടതി സ്വീകരിക്കുന്ന സംയമനം ഇന്ത്യന്‍ ജുഡീഷ്യറിക്കും മാതൃകയാക്കാവുന്നതാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന നമ്മുടെ ജുഡീഷ്യല്‍ സംവിധാനം എന്നാണ് അതിവേഗം നീതിനടപ്പാക്കാന്‍ പോകുന്നത് എന്ന് കൂടെ ചിന്തിക്കണം. ”ഡിലൈഡ് ജസ്റ്റിസ്” എന്നാല്‍ ”ഡിനൈഡ് ജസ്റ്റിസാ”ണ് എന്നു കൂടെ ഓര്‍ക്കണം. പൊതു താല്പര്യം ഏറെ നോക്കുന്ന കോടതികള്‍ സാധാരണക്കാരന് നീതിലഭിക്കാന്‍ ഇന്ത്യയില്‍ രണ്ടു പതിറ്റാണ്ടെങ്കിലും കാത്തുനില്ക്കണം എന്ന സാഹചര്യവും കൂടെ പരിഗണിക്കേണ്ടതാണ്. രാജ്യത്തെ ജുഡീഷ്യറിയും ഒരു സ്വയം ഓഡിറ്റ് നടത്തേണ്ടതല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: