ബെംഗളൂരു: കൊവിഡ് രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി യെദിയൂരപ്പ സര്‍ക്കാര്‍ പുറത്തിറക്കിയ ‘ഐസിയു ഓണ്‍ വീല്‍സ്’ പ്രവര്‍ത്തനം ആരംഭിച്ചു. ശാന്തിനഗര്‍ സെന്‍ട്രല്‍ ഓഫീസില്‍ ഐസിയു ബസിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി നിര്‍വഹിച്ചു. മന്ത്രി എസ്.ടി. സോമശേഖര്‍, കെഎസ്ആര്‍ടിസി ചെയര്മാന് എം. ചന്ദ്രപ്പ, എംഡി ശിവയോഗി കലാസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വെന്റിലേറ്ററുകളും ഇസിജി ഉപകരണങ്ങളും ഓക്സിജനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ബസില്‍ സജ്ജമാക്കിയിരിക്കുന്നത്. കര്‍ണാടക ആര്‍ടിസിയുടെ ബസില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് ഐസിയു ഓണ്‍ വീല്‍സ് യഥാര്‍ഥ്യമാക്കിയത്. ഒരേ സമയം ആറുരോഗികള്‍ക്ക് ചികിത്സാസൗകര്യമൊരുക്കാന്‍ കഴിയുന്ന ബസ് ജയനഗര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുക.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആദ്യ മണിക്കൂറില്‍ തന്നെ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ ആവശ്യമായവരെ അങ്ങോട്ടേക്ക് മാറ്റും. ഒരു ബസ് ഒരുക്കുന്നതില്‍ പത്തുലക്ഷം രൂപയാണ് ചെലവ്. രോഗികള്‍ക്ക് സഹായമായി ഓക്സിജന്‍ ബസുകള്‍ പിന്നാലെയാണ് ഐസിയു ബസുകള്‍ കൂടി എത്തുന്നത്. നാല് കോര്‍പ്പറേഷനുകളിലായി 12 ഓക്സിജന്‍ ബസുകളാണുള്ളത്. രണ്ട് ബസുകള്‍ ആംബുലന്‍സായും കെഎസ്ആര്‍ടിസി സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: