കോഴിക്കോട്: കുളമ്പുരോഗം കന്നുകാലി വളര്‍ത്തല്‍ മേഖലയെ ആശങ്കയിലാക്കുമ്പോള്‍, മില്‍മ പാല് സംഭരണം നിര്‍ത്തിയത് ക്ഷീര കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടി. ഉച്ചയ്ക്ക് ശേഷമുള്ള പാല് സംഭരണമാണ് മില്‍മ നിര്‍ത്തിയത്. ഇതോടെ ഉച്ചയ്ക്ക് ശേഷം കറക്കുന്ന പാല് സൊസൈറ്റികളില്‍ കര്‍ഷകര്‍ക്ക് അളക്കാന്‍ സാധിക്കുന്നില്ല. യുവാക്കളടക്കം ക്ഷീരകര്ഷിക മേഖലയില്‍ കൂടുതല്‍ സജീവമാകുന്നതിനിടെയാണ് മില്‍മയുടെ നടപടി.
മലബാര്‍ മേഖലയിലാണ് ഉച്ചയ്ക്കു ശേഷമുള്ള പാല് സംഭരണം മില്‍മ നിര്‍ത്തിയത്. കൊവിഡ് വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ അധികം വരുന്ന പാല് വിറ്റഴിക്കാന്‍ പ്രാദേശിക വിപണി പോലുമില്ലന്ന് കര്‍ഷകര്‍ പറയുന്നു. ലോക്ഡൗണില്‍ പാല് വിപണനം കുറഞ്ഞതാണ് പാല് സംഭരണം നിര്‍ത്തി വയ്ക്കാനുള്ള കാരണമെന്നാണ് മില്‍മയുടെ വിശദീകരണം. 40 ശതമാനം പാല് സംഭരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
നിലവില്‍ ദിവസവും 7,95,000 ലിറ്ററാണ് സംഭരണം. ഇതില്‍ പാലക്കാട്ട് നിന്നുള്ള 2.70 ലക്ഷം ലിറ്ററില്‍ 1.70 ലക്ഷം ലിറ്ററും നല്‍കുന്നത് ചിറ്റൂര്‍ മേഖലയില്‍ നിന്നാണ്. ലോക്ഡൗണായതോടെ, ദിവസവും നാല് ലക്ഷം ലിറ്റര്‍ പാലാണ് മിച്ചം വരുന്നത്. ഇതു മുഴുവന്‍ പൊടിയാക്കി മാറ്റാനാവാത്തതും ഉത്പാദനത്തിനനുസരിച്ച് വില്‍പനയില്ലാത്തതും വെല്ലുവിളിയെന്നാണ് മില്‍മയുടെ വിശദീകരണം. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹാരം കണ്ടില്ലെങ്കില്‍ ക്ഷീരോത്പാദന മേഖലയില്‍ വലിയ പ്രതിസന്ധിയാവുമെന്ന് ക്ഷീരസഹകരണ സംഘങ്ങളും പറയുന്നു.
കുളമ്പുരോഗം പടരുന്നു
കന്നുകാലികള്‍ക്കുള്ള വാക്സിന് വിതരണം മുടങ്ങിയതോടെ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നു. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കാലികളില്‍ വ്യാപകമായി കുളമ്പുരോഗം കണ്ടു വരുന്നു. ഇത് രോഗ വ്യാപനം ഇരട്ടിയാക്കി. ഇക്കാലയളവില്‍ രോഗം മൂലം നിരവധി കന്നുകാലികളാണ് ചത്തത്. അടിയന്തരമായി കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: