കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍(വിധാന്‍ പരിഷത്) രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. കൗണ്‍സില്‍ രൂപീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാത്ത ചിലരെ കൗണ്‍സില്‍ വഴി നാമനിര്‍ദേശം ചെയ്യാനാകുമെന്ന് മമതാ ബാനര്‍ജി സൂചിപ്പിച്ചിരുന്നു. മമതയും ധനമന്ത്രി അമിത് മിത്രയും നിയമസഭാംഗളല്ല.
കൗണ്‍സില്‍ രൂപീകരിച്ചാല്‍ ഇരുവരെയും വളരെ എളുപ്പത്തില്‍ ഉപരിസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ കഴിയും. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടശേഷമാണ് മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ആറു മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. തൃണമൂലിന്റെ കോട്ടയായ ഏതെങ്കിലും മണ്ഡലത്തിലെ എംഎല്‍എയെ രാജിവയ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍.
അതിനുമുന്‍പ് കൗണ്‍സില്‍ രൂപീകരിക്കാനായാല്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത് മമതയ്ക്ക് ഒഴിവാക്കാനാകും. അമിത് മിത്രയും തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല. രാഷ്ട്രീയമായ ഈ ലക്ഷ്യംകൂടി പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. കൗണ്‍സില്‍ രൂപീകരിക്കാനായി ആദ്യം നിയമസഭയില്‍ ബില്‍ അവതരിപ്പിക്കണം. പിന്നീട് ഗവര്‍ണറില്‍നിന്ന് അനുമതി തേടണം.
1969 വരെ സംസ്ഥാനത്ത് കൗണ്‍സില്‍ നിലവിലുണ്ടായിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളെ സഹകരിപ്പിക്കാനുള്ള നിര്‍ണായക തീരുമാനവും മന്ത്രിസഭായോഗത്തിലുണ്ടായി. 19,003 കേസുകളും 147 മരണങ്ങളുമാണ് തിങ്കളാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: