തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകള്‍ ട്രിപ്പിള്‍ ലോക് ഡൗണില്‍ വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാച്ചടങ്ങ് ‘ഗംഭീര’മാക്കാനുള്ള പിണറായി വിജയന്റെ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം. 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം.
ജനങ്ങളെ ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചതിന് ഏത്തമിടീക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പലരും പിണറായിയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നത്. ജനാധിപത്യം പാവങ്ങള്‍ക്കും അധികാരമുള്ളവനും രണ്ടാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് വിമര്‍ശകര്‍.
‘വി ദ പീപ്പിള്‍’ എന്ന പേരില്‍ പിണറായിയുടെ ജനാധിപത്യത്തെ കളിയാക്കുകയാണ് പ്രമോദ് പുഴങ്കര.
“ഒഴിവുകഴിവുകൾ എത്രവേണമെങ്കിലും കണ്ടുപിടിക്കാം; അതിനൊന്നും ഒരു പ്രയാസവുമില്ല. പക്ഷെ നാട്ടിലെ എല്ലാ നിയമങ്ങളിൽനിന്നും ഒഴിവുവാങ്ങി ഒരു മന്ത്രിസഭ അധികാരമേൽക്കുന്നതിന്റെ അഭംഗി ബന്ധപ്പെട്ടവർ മനസിലാക്കണം. സെൻട്രൽ സ്റേഡിയത്തിൽവച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പരിപാടി ഉപേക്ഷിക്കണം.
അത്യാവശ്യം ഉള്ളവർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി രാജ്ഭവനിൽവച്ചുതന്നെ നടത്താം. അങ്ങിനെയെങ്കിൽ പന്തൽ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അനാമത്തു പണികൾ ഒഴിവാക്കാം. ഓൺലൈനായിട്ടു നടത്തുക എന്നതായിരിക്കും ഏറ്റവും മികച്ച കാര്യം. അത് വിപ്ലവകരമായ ഒരു പുതിയ തുടക്കമാകും; സർക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽപ്പോലും അത് സുഖകരമായ ഒരു പാരസ്പര്യം സൃഷ്ടിക്കും. പുതിയ തുടക്കങ്ങൾ ഏറെ ആവശ്യമുണ്ട്; അപ്പോൾ ഒഴിവുവാങ്ങി പഴയതിനു പിന്നാലെ പോകുന്നത് . ശരിയായ സന്ദേശമായിരിക്കില്ല നൽകുന്നത്,” ഇടതുപക്ഷ സഹയാത്രികന് കൂടിയായ പത്രപ്രവര്ത്തകന് കെ.ജെ. ജേക്കബ് കുറിയ്ക്കുന്നു.
വെര്‍ച്വല്‍ സത്യപ്രതിജ്ഞ മതിയെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശവും പിണറായി തള്ളിയിരുന്നു. മെയ് 20ന് ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: