കൊല്ലം: മൂന്നാം നാളിലും ജില്ലയില്‍ മഴപ്പെയ്ത്തിന്റെ താണ്ഡവമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടായി. കടല്‍ക്ഷോഭം കാരണം തീരദേശങ്ങളായ അഴീക്കല്‍, ആലപ്പാട്, ഇരവിപുരം, ചവറ, താന്നി മേഖലകളിലെ ജനങ്ങള്‍ വലയുകയാണ്. വൈദ്യുതിയില്ലാതെ ഉള്‍നാടന്‍ ഗ്രാമങ്ങളും തീരദേശ മേഖലകളും കിഴക്കന്‍ മലയോരവും ഒറ്റപ്പെട്ടു. മഴയിലും കാറ്റിലും നൂറുകണക്കിന് ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. ആയിരത്തിലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് കമ്പികള്‍ പൊട്ടി.
ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും ഇനിയും വൈദ്യുതി പുന:സ്ഥാപിച്ചിട്ടില്ല. പലര്‍ക്കും മൊബൈലിലും മറ്റും ചാര്‍ജ് ഇല്ലാത്തതിനാല്‍ കെഎസ്ഇബിയെ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാണ്. റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണാണ് പലയിടങ്ങളിലും കമ്പികള്‍ തകര്‍ന്നത്. തോരാതെ പെയ്യുന്ന മഴയില്‍ കുന്നത്തൂര്‍ താലൂക്കില്‍ 46 വീട് നിലംപൊത്തി. പള്ളിക്കലാറ് കരകവിഞ്ഞ് ഒഴുകിയത് മൂലം തീരത്ത് താമസിക്കുന്ന നൂറോളം വീടുകളില്‍ വെള്ളം കയറി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ കഴിയാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലും അഭയം തേടി. താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിലായി. 80 ശതമാനത്തോളം കൃഷി നാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. പടിഞ്ഞാറെ കല്ലടയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. ഇവിടെ 16 വീടുകളാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: