പനി, വരണ്ട ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടല്‍ എന്നിവയാണ് കൊവിഡ് -19 രോഗികളില്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. തൊണ്ട വേദന, തലവേദന, ശരീരവേദന, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍, കണ്ണിലെ ചുവപ്പ് എന്നിവയും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ മറ്റുള്ളവരില്‍ നിന്ന് സ്വയം ഒറ്റപ്പെടണം.
രോഗബാധിതരായ 80 ശതമാനം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, മറ്റൊരു പരിശോധന കൂടി നടത്തേണ്ടതാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിയാണ് ആശുപത്രി പ്രവേശനം ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്.
മരുന്നുകള്‍ ശരിയായ അളവിലും കൃത്യസമയത്തും കഴിക്കണം. മരുന്നിനെക്കുറിച്ച് അറിഞ്ഞാല്‍ മാത്രം പോരാ; എങ്ങനെ, എപ്പോള്‍ അവ ഉപയോഗിക്കണമെന്നും രോഗികള്‍ അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ മരുന്ന് പ്രയോജനകരമാകൂ. 60 വയസ്സിനു മുകളിലുള്ള രോഗികളും രക്താതിമര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വൃക്ക രോഗം, ശ്വാസകോശ രോഗം എന്നീ അനുബന്ധ രോഗാവസ്ഥകളുള്ളവരും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിനുള്ള തീരുമാനം ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ എടുക്കാവൂ.
കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവര്‍ രോഗബാധ നേരിടുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്. പതിവായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. പൊതു ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. മെഡിക്കല്‍ ഗ്രേഡ് മാസ്കുകള്‍ മുന്‍കൂട്ടി സംഭരിക്കണം. ദൈനംദിന അവശ്യങ്ങള്‍ക്കും വസ്തുക്കള്‍ക്കുമായി മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യമെങ്കില്‍ കൈമാറുന്നതിനായി, ആരോഗ്യ പ്രവര്‍ത്തകരുടെയും, ഹോട്ട്ലൈന്‍ നമ്പറുകളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കണം. ഇതോടൊപ്പം, അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി സുഹൃത്തുക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും നമ്പറുകളും തയ്യാറാക്കി വയ്ക്കണം. കുടുംബത്തിലെ കുട്ടികള്‍ക്ക് ശരിയായ പരിചണം നല്‍കുന്നതിന് ആവശ്യമായ ആസൂത്രണവും നടത്തേണ്ടതാണ്.
നേരിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണങ്ങളില്ലാത്തതുമായ രോഗികളെ വീട്ടില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാവുന്നതാണ്. അത്തരം രോഗികള്‍ മറ്റ് കുടുംബാംഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് കുട്ടികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ ഒരുക്കി വയ്ക്കണം. രോഗിയെ പരിചരിക്കുന്നയാളും ഡോക്ടറും തമ്മില്‍ കൃത്യവും നിരന്തരവുമായ ആശയവിനിമയം ആവശ്യമാണ്. രോഗ ബാധ സ്ഥിരീകരിച്ചവര്‍ എല്ലായ്പ്പോഴും മൂന്ന് ലയറുള്ള മാസ്ക് ധരിക്കണം. ഓരോ 8 മണിക്കൂറിലും ശരിയായ അണുനശീകരണത്തിന് ശേഷം മാസ്കുകള്‍ ഉപേക്ഷിക്കണം. രോഗിയും പരിചാരകനും പരസ്പരം ഇടപഴകുമ്പോള്‍ എന്‍95 മാസ്കുകള്‍ ധരിക്കണം.
ശരീരത്തിലെ ഓക്സിജന്റെ അളവ് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കാന്‍ പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കണം. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുന്നതിന് മുമ്പ് കൃത്രിമ നഖങ്ങളും നെയില്‍ പോളിഷും നീക്കംചെയ്യുകയും രോഗിയുടെ കൈ തണുത്തിരിക്കുകയാണെങ്കില്‍ ചൂടാക്കുകയും വേണം. പരിശോധനയ്ക്ക് മുമ്പ് കുറഞ്ഞത് അഞ്ച് മിനിറ്റ് നേരം ശാന്തമായി വിശ്രമിക്കുക. അഞ്ച് സെക്കന്‍ഡ് നേരം സ്ഥിരതയോടെ നിരീക്ഷിക്കുമ്പോള്‍ ശരീരത്തിലെ ഓക്സിജന്റെ അളവ് ലഭിക്കും. റെംഡെസിവിര്‍ മരുന്ന് ഒരിക്കലും വീട്ടില്‍ വച്ച് ഉപയോഗിക്കാന്‍ പാടില്ല. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്പോള്‍ രോഗികള്‍ക്ക് കൃത്യമായ വ്യായാമവും ഭാവാത്മക ചിന്തയുമാണ് ആവശ്യം. ഓക്സിജന്റെ അളവ് 94 ല്‍ താഴുകയാണെങ്കില്‍, രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വേണം.
ഡോ. നീരജ് നിശ്ചല്‍
(അഡീഷണല്‍ പ്രൊഫസര്‍
ഇന്റര്‍നാഷണല്‍ മെഡിസിന് എയിംസ്, ന്യൂദല്‍ഹി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: