ന്യൂദല്‍ഹി: കൊവിഡ് രോഗികളില്‍ ഗുരുതരമായ ഫംഗസ് ബാധയായ മ്യൂക്കര്‍മൈക്കോസിസ് വരാനുള്ള പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം കര്‍ശനമായി തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മ്യൂക്കര്‍മൈക്കോസസിന് (ബ്ലാക്ക് ഫംഗസ്) പ്രധാന കാരണം സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ്. പ്രമേഹമുള്ളവരെ കോവിഡ് ബാധിക്കുകയും അവര്‍ക്കു സ്റ്റിറോയ്ഡുകള്‍ നല്‍കുകയും ചെയ്താല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ സ്റ്റിറോയ്ഡുകളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്.
മ്യൂക്കര്‍മൈക്കോസിസ് മുഖത്തെയും നാസികയെയും കണ്ണിനെയും ബാധിക്കാം. അന്ധതയ്ക്കു വരെ അതു കാരണമാവും. തലച്ചോറിനെയും ശ്വാസകോശത്തെയും അണുബാധ പിടികൂടാനിടയുണ്ടെന്ന് ഗുലേറിയ പറഞ്ഞു.
കോവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ചികിത്സാ സംബന്ധമായ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും രണ്ടാമതു വരുന്ന അണുബാധയാണ് മരണത്തിനു കാരണമാവുന്നതെന്ന് എയിംസ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: