ശ്ലോകം 333
സത്യാഭിസന്ധാനരതോ വിമുക്തോ
മഹത്വമാത്മീയമുപൈതി നിത്യം
മിഥ്യാഭിസന്ധാനരതസ്തു നശ്യേദ് –
ദൃഷ്ടം തദേതദ്യദചോര ചോരയോഃ
സത്യനിഷ്ഠയില്‍ തല്പ്പരനും അജ്ഞാനത്തില്‍ നിന്ന് മുക്തനുമായവന്‍ നിത്യമായ ആത്മമഹത്വത്തെ പ്രാപിക്കുന്നു. മിഥ്യാ പദാര്‍ത്ഥങ്ങളില്‍ ആസക്തനായയാള് നാശമടയുന്നു. അതെങ്ങനെയാണ് എന്ന് കള്ളനല്ലാത്തവന്റെയും കള്ളന്റെയും കാര്യത്തില്‍ കാണാം. വിരുദ്ധ സ്വഭാവക്കാരായ രണ്ടുപേരുടെ ചിത്രം ഇതിലുണ്ട്. ഒരാള്‍ സത്യത്തെ പിന്തുടരുന്നയാളും മറ്റേയാള്‍ മിഥ്യയില്‍ പെട്ടയാളും.
സത്യം മൂന്ന് കാലങ്ങളിലും മാറാതെ നിലനില്‍ക്കുന്നതാണ്. സത്യത്തിനെ പിന്തുടരുന്നയാള് എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ നിന്നും ശരീരമനോബുദ്ധികളില്‍ നിന്നും അവയുടെ അനുഭവമണ്ഡലമായ വിഷയവികാര വിചാരങ്ങളില്‍ നിന്നും തന്റെ ശ്രദ്ധയെ പിന്‍വലിക്കും. ശരീരം മുതലായ ഉപാധികളില്‍ ഒട്ടും താല്‍പ്പര്യം വെച്ചു പുലര്‍ത്താത്തവനാണ് വിമുക്തന്‍. അദ്ദേഹത്തിന് ദൃശ്യപ്രപഞ്ചത്തിന്റെ അനര്‍ത്ഥങ്ങളില്‍ നിന്ന് മുക്തി നേടാനാകും. മഹത്തും ശാശ്വതവുമായ പരമാത്മാവിലെത്തിച്ചേരും.
ശരീരം മുതലായ ഉപാധികളുടെ ബന്ധനത്തില്‍ നിന്ന് വിമുക്തനാവുമ്പോള്‍ അഹന്ത ഇല്ലാതാവും .അത് പരമപദത്തിലേക്ക് നയിക്കും. എന്നാല്‍ അനാത്മവസ്തുക്കളില്‍ ആസക്തനായി അവയെ തന്നെ നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നാല്‍ നശിക്കും. ഒട്ടേറെ ആശയക്കുഴപ്പത്തിലും കാമ-രാഗങ്ങളിലും പെട്ട് വലയും.
നല്ലയാളുകള്‍ സത്യവും ധര്‍മ്മവും വിട്ട് പ്രവര്‍ത്തിക്കില്ല. ശരിക്ക് അവര്‍ക്കാണ് സുഖം. അവരെ ദുഃഖം ബാധിക്കില്ല. സത്യധര്‍മ്മങ്ങള്‍ വെടിഞ്ഞവര്‍ കള്ളന്മാരാണ്. മറ്റുളളവരെ ചതിച്ചും മറ്റും സ്വത്ത് സമ്പാദിക്കുന്നവരുണ്ട്. അവര്‍ക്ക് എല്ലാവരേയും പേടിയാണ്. അവര്‍ മനസ്സമാധാനമില്ലാതെ ദയനീയ ജീവിതം നയിക്കും. നമ്മുടെ ഇടയില്‍ തന്നെ ഇരുകൂട്ടരേയും കാണാം. നല്ലയാളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ സുഖമുണ്ടാകും. അല്ലാത്തവര്‍ക്ക് എപ്പോഴും ദുഃഖം തന്നെ.
മോഷണവും കള്ളത്തരവുമൊക്കെ തെളിയിക്കാന്‍ പണ്ട് കാലത്ത് ചുട്ടുപഴുപ്പിച്ച കോടാലി പിടിപ്പിക്കുന്ന ശിക്ഷാ രീതി നടത്താറുണ്ട്. കള്ളനെന്ന് സംശയിക്കുന്നയാള്‍ക്ക് ചുട്ടുപഴുത്ത ഇരുമ്പോ മഴുവോ കൈയ്യില്‍ പിടിക്കാന്‍ കൊടുക്കും. അയാള്‍ തെറ്റുകാരനല്ലെങ്കില്‍ കൈ പൊള്ളുകയില്ല. അയാളെ മോചിപ്പിക്കും.
സത്യം അയാള്‍ക്ക് സുഖത്തെ നല്കി. എന്നാല്‍ മോഷണം നടത്തിയിട്ട് ഞാന്‍ കട്ടിട്ടില്ല എന്ന് നുണയും കൂടി പറഞ്ഞയാള്‍ ആ ചുട്ടുപഴുത്ത മഴുവില്‍ പിടിച്ച് സത്യം ചെയ്യാന്‍ ഭയക്കുകയും കൈ പൊള്ളുകയും ചെയ്യും. അയാളെ ശിക്ഷ കൊടുത്ത് തുറങ്കിലടയ്ക്കും. ഇത് അയാള്‍ക്ക് വലിയ ദുഃഖത്തിന് കാരണമാകും. ഈ സത്യം തെളിയിക്കല്‍ രീതി ഛാന്ദോഗ്യ ഉപനിഷത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: