അനന്ദു മങ്കാട്ടില്‍
ഇടുക്കി: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണങ്ങള്‍ നിത്യ സംഭവമായി മാറുകയാണ്. പാലസ്തീന് ഇസ്രയേല്‍ യുദ്ധം ഒരിടവേളക്ക് ശേഷം വീണ്ടും ശക്തമായതോടെ സ്ഥലത്തെ മലയാളികളടക്കമുള്ളവര്‍ ഏറെ ഭയന്നാണ് ജീവിക്കുന്നത്.
കീരിത്തോട് സ്വദേശിനിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഭക്ഷണം കഴിക്കുന്നതിനിടെ. സ്ഥലത്ത് റോക്കറ്റ് ആക്രമണം വര്‍ധിച്ചതിനെത്തുടര്‍ന്ന് സൗമ്യ നോക്കുന്ന സ്ത്രീയുമായി ടെല്‍ അവീവിലുള്ള അവരുടെ മറ്റൊരു വീട്ടിലേക്ക് മാറുന്നതിന് തീരുമാനിച്ചിരുന്നു. ഇതിനായി വീട്ടുകാരെത്തുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്ന് സൗമ്യയുടെ ഭര്‍ത്താവിന്റെ സഹോദരിയും ഇസ്രയേലിലെ കെയര്‍ ടേക്കറുമായ ഷേര്‍ലി ബെന്നി പറഞ്ഞു. സൗമ്യ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് അപ്രതീക്ഷിതമായി റോക്കറ്റ് പതിക്കുകയായിരുന്നു.
പ്രദേശത്തു നിന്ന് സുരക്ഷിത സ്ഥലത്തേയ്ക്ക് മാറുന്നതിനു മുമ്പായി ഭക്ഷണം കഴിക്കുന്നതിനിടെ ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് റോക്കറ്റ് വീടിനുള്ളിലേക്കു പാഞ്ഞു കയറി പൊട്ടിത്തെറിച്ചത്. പിന്നീട് വീഡിയോ കോള്‍ കട്ടായതിനെത്തുടര്ന്നു സഹോദരന് തന്നെ വിളിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അപകട വിവരമറിഞ്ഞതെന്നും ഷേര്‍ലി പറഞ്ഞു.
സൗമ്യയോടൊപ്പം ശുശ്രൂഷിച്ചിരുന്ന സ്ത്രീയും മരിച്ചുവെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അപകടത്തില്‍ ഒരു കാല് മുറിച്ചു മാറ്റിയ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഷേര്‍ലി പറഞ്ഞു. അപകടത്തിന് ശേഷം ഞാന്‍ പോയി സൗമ്യയുടെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. നിലവില്‍ മൃതദേഹം തലസ്ഥാനമായ ടെല്‍ അവീവിലുള്ള ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്, ഷേര്‍ലി പറഞ്ഞു. റോക്കറ്റ് ആക്രമണം നിത്യ സംഭവമാണെങ്കിലും മിക്ക റോക്കറ്റുകളും ആകാശത്തുവച്ചു തന്നെ തകര്‍ക്കാറാണ് പതിവെന്നും ഷേര്‍ലി പറയുന്നു. അപ്രതീക്ഷിതമായാണ് റോക്കറ്റ് വീടിനുള്ളില്‍ പതിച്ചത്. ധാരാളം മലയാളികള്‍ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ടെന്നും ഷേര്‍ലി പറഞ്ഞു. ജീവിതം കരുപ്പിടിപ്പിക്കാനായി ശ്രമിക്കുന്ന മലയാളികളടക്കമുള്ളവരെ ഇത്തരം സംഭവങ്ങള്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: