കൊച്ചി: കെ.ആര്. ഗൗരിയമ്മയെ അനുസ്മരിച്ച് ധീരനായിക, വിപ്ലവത്തിന്റെ രക്ത നക്ഷത്രം എന്നൊക്കെ സിപിഎം വാഴ്ത്തിപ്പാടുന്നത് കടുത്ത ആത്മവഞ്ചന. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ജീവിതംകൊണ്ട് പോരാടുകയും, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദാമ്പത്യ ജീവിതം തന്നെ ഉപേക്ഷിച്ച് സിപിഎമ്മിനൊപ്പം നില്‍ക്കുകയും ചെയ്ത ഗൗരിയമ്മയെ പാര്‍ട്ടി ചതിച്ചതും അവഹേളിച്ചതും നിരവധി തവണ. സിപിഎമ്മിനകത്തും പുറത്തും ഗൗരിയമ്മ വേട്ടയാടപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍. അവരാണ് ഇപ്പോള്‍ ഈ ചരിത്രമൊക്കെ മറന്ന് ഗൗരിയമ്മയെ പ്രശംസകള്കൊണ്ട് മൂടുന്നത്.
പി. കൃഷ്ണപിള്ളയില്നിന്ന് അംഗത്വമെടുത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ കെ.ആര്. ഗൗരിയമ്മ, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഒരിക്കലും കമ്യൂണിസ്റ്റ് ആചാര്യനായി കണ്ടിരുന്നില്ല. ഇതിന്റെ ചൊരുക്ക് ഇഎംഎസിന് തുടക്കം മുതല്‍ ഉണ്ടായിരുന്നു.
1957 ലെ തെരഞ്ഞെടുപ്പില്‍ ടി.വി. തോമസും ഗൗരിയമ്മയും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു. ടി.വി.തോമസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടത്. എന്നാല്‍ പാര്‍ട്ടി ദേശീയ നേതാക്കളുടെ പിന്തുണയുള്ള ഇഎംഎസിന് നറുക്ക് വീണു. മന്ത്രിസഭയില്‍ ടിവിയും ഗൗരിയമ്മയും അംഗമായി. അധികം വൈകാതെ രണ്ടുപേരും വിവാഹിതരായി. രണ്ട് വര്‍ഷത്തിനകം മന്ത്രിസഭ വീണതോടെ ഇരുവരും സ്വന്തം നാടായ ആലപ്പുഴയിലേക്കു വന്നു താമസം തുടങ്ങി.
1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐക്കാരനായി തുടര്‍ന്ന ടി.വി. തോമസും, സിപിഎമ്മില്‍ ചേര്‍ന്ന ഗൗരിയമ്മയും ഒരേ വീട്ടില്‍ താമസമാക്കി. ഗൗരിയമ്മ കൂടി പോയാല്‍ ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് തിരിച്ചറിഞ്ഞ ഇഎംഎസ് അവരെ സിപിഎമ്മില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ വേണ്ടപോലെ പരിഗണിക്കുമെന്ന് ഗൗരിയമ്മയ്ക്ക് ഉറപ്പു നല്കി. മുഖ്യമന്ത്രി പദത്തിന്റെ ധ്വനി സൂത്രശാലിയായ ഇഎംഎസിന്റെ വാക്കിലുണ്ടായിരുന്നു. ടി.വി. തോമസും ഈ നീക്കമറിഞ്ഞു. ഇഎംഎസ് അവരെ വഞ്ചിക്കുമെന്ന് സഹപ്രവര്‍ത്തകരിലൂടെ ഗൗരിയമ്മയെ അറിയിച്ചു. 1967 ല്‍ അവസരം വന്നപ്പോള്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി. ഗൗരിയമ്മ വഞ്ചിക്കപ്പെട്ടു.
സിപിഎമ്മില്‍ തുടര്‍ന്ന് എംഎല്‍എയും മന്ത്രിയുമൊക്കെ ആയപ്പോഴും ഗൗരിയമ്മയോടുള്ള ഇഎംഎസിന്റെ വിപ്രതിപത്തി മാറിയില്ല. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ”കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്. ഗൗരി ഭരിച്ചീടും” എന്ന മുദ്രാവാക്യം മുഴക്കി ഭൂരിപക്ഷം നേടി കഴിഞ്ഞപ്പോള്‍ ഗൗരിയമ്മയെ തഴഞ്ഞ് ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കി. ഇതിനും ചരടുവലിച്ചത് ഇഎംഎസ് ആയിരുന്നു. ഈ മന്ത്രിസഭയിലും ഗൗരിയമ്മ അംഗമായിരുന്നെങ്കിലും അവരെ പുറന്തള്ളാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഇതാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഇഎംഎസിന്റെ മകന് ഇ.എം. ശ്രീധരന് ഗൗരിയമ്മയെ ജാതീയമായി അധിക്ഷേപിക്കുന്നതില്‍ വരെ എത്തിച്ചത്. അധികം വൈകാതെ ഗൗരിയമ്മയെ പാര്‍ട്ടി പുറത്താക്കി. ഇഎംഎസ് പുറത്താക്കി എന്നു പറയുന്നതാവും ശരി.
കീഴടങ്ങാന്‍ മനസ്സില്ലാതിരുന്ന ഗൗരിയമ്മ ജെഎസ്എസ് എന്ന പാര്‍ട്ടിക്ക് രൂപംനല്കി. ഐക്യമുന്നണിയിലെത്തി വീണ്ടും എംഎല്‍എയും മന്ത്രിയുമായി. ജെഎസ്എസ് നേതാവെന്ന നിലയ്ക്ക് ഗൗരിയമ്മ അരൂരില്‍നിന്ന് മത്സരിച്ചപ്പോഴൊക്കെ നിയമസഭയിലെത്താതിരിക്കാന്‍ സിപിഎം കിണഞ്ഞു ശ്രമിച്ചു. അതിനെയും ഗൗരിയമ്മ ധീരമായി നേരിട്ടു. പാര്‍ട്ടിക്ക് പുറത്ത് രാഷ്ട്രീയമായി അതിജീവിച്ച എം.വി. രാഘവനെപ്പോലെയാവാന് ഗൗരിയമ്മയെ അനുവദിക്കില്ലെന്ന വാശിയായിരുന്നു സിപിഎമ്മിന്. ഗൗരിയമ്മയെ രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ തന്നെ സിപിഎം ശ്രമിച്ചു. ആ പാര്‍ട്ടി ഇപ്പോള്‍ അവരുടെ സംഭാവനകളെ വാഴ്ത്തിപ്പാടുന്നതാണ് വിരോധാഭാസം. രാഷ്ട്രീയ സദാചാരം എന്നത് സിപിഎമ്മിന് എന്നും അന്യമായിരുന്നല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: