പതിനൊന്നാം കേരള നിയമസഭയില്‍ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കെ.ആര്.ഗൗരിയമ്മ. ആദ്യ മന്ത്രിസഭയില്‍ റവന്യൂവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഭൂപരിഷ്കരണ നിയമത്തിന് തുടക്കമിട്ടത്. ഒട്ടുമിക്ക വകുപ്പുകളും കൈകാര്യം ചെയ്ത ഗൗരിയമ്മയെ പലരും വിശേഷിപ്പിച്ചിരിക്കുന്നത് ആണത്തമുള്ള വനിത എന്നാണ്. ഗൗരിയമ്മയെക്കുറിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ കവിതയുടെ തുടക്കം ഇങ്ങനെ,
”കരയാത്ത ഗൗരി
തളരാത്ത ഗൗരി
കലികൊണ്ട് നിന്നാല്‍
അവള് ഭദ്രകാളി
ഇതുകേട്ടുകൊണ്ടേ
ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍
ഭയമാറ്റി വന്നു”
ഏറ്റവും അധികം തവണ നിയമസഭയിലും മന്ത്രിസഭയിലും ഇരുന്ന വനിത, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷന് ആക്ട്, പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമം തുടങ്ങി സുപ്രധാന നിയമ നിര്‍മാണങ്ങളുടെ ബുദ്ധിയും ശക്തിയും ഗൗരിയമ്മയുടേതായിരുന്നു.
കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യമായിരുന്നു പലപ്പോഴും ഉയര്‍ന്നുകേട്ടത്. അവര്‍ മുഖ്യമന്ത്രിയാകുമെന്ന് കേരളീയരെ വിശ്വസിപ്പിച്ച പാര്‍ട്ടി അവരെ ഭംഗിയായി കബളിപ്പിച്ചു. അവരുടെ ഏറ്റവും വലിയ സ്വകാര്യ ദുഃഖം വൈവാഹിക ജീവിതം ഒട്ടും സന്തോഷകരമാക്കാന്‍ കഴിഞ്ഞില്ല എന്നതു തന്നെയാവും. 1957 ലെ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. ഒരേ മന്ത്രിസഭയില്‍ അംഗമായിട്ടും ഒരുമിച്ച് താമസിക്കാനേ കുടുംബ ബന്ധം സൗന്ദര്യപൂര്ണമാക്കാനോ സ്വന്തം പാര്‍ട്ടി അനുവദിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഇഎംഎസ് നമ്പൂതിരിപ്പാടിനേക്കാള്‍ പ്രഗത്ഭനായിരുന്നിട്ടും ടി.വി. തോമസിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതെപോയത് ഗൗരിയമ്മയുമായുണ്ടായ പ്രണയം കൊണ്ടാണെന്ന് പറയപ്പെടുന്നു.
ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കെ.ആര്. ഗൗരിയുമായി ടി.വി. അടുപ്പത്തിലായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും വിവാഹപ്രായം കഴിഞ്ഞുനില്ക്കുന്ന രണ്ട് സഹോദരിമാരെ കെട്ടിച്ചയച്ചിട്ടാവാം ഗൗരിയുമായുള്ള തന്റെ മിശ്രവിവാഹമെന്ന ടി.വിയുടെ നിലപാടാണ് പ്രശ്നത്തിന് ഒരപവാദത്തിന്റെ ആവരണം ചാര്‍ത്തിയത്. ഒരു യാഥാസ്ഥിതിക സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിന്റെ കര്‍ശനമായ കത്തോലിക്കാ മതാചാരനിഷ്ഠകളാവണം സഹോദരിമാരെ കെട്ടിച്ചയച്ചുമാത്രം അന്യമതസ്ഥയായ സ്ത്രീയുമായുള്ള തന്റെ വിവാഹമെന്ന തീരുമാനത്തില്‍ ടി.വിയെ എത്തിച്ചിരിക്കുക. അല്ലെങ്കില്‍ രണ്ടു സഹോദരിമാരും വീട്ടിലിരുന്നുപോകും. ഏതായാലും മന്ത്രിയാകണമെങ്കില്‍ ഗൗരിയുമായുള്ള വിവാഹം നടക്കണ’മെന്ന പാര്‍ട്ടി തിട്ടൂരം വന്നപ്പോഴും ടി.വി. മുന്‍നിശ്ചയത്തില്‍ ഉറച്ചുനിന്നു. അതായത് ആദ്യം സഹോദരിമാരുടെ കല്യാണം. ടി.വി. തോമസിന്റെ കുടുംബവുമായി ചിരകാല സുഹൃദ്ബന്ധമുള്ള മന്ത്രി കെ.സി. ജോര്‍ജാണ് ഇതിന് മുന്‍കൈ എടുത്തതെന്ന് പറയുന്നു. ടി.വിയുടെ സഹോദരിമാര്‍ക്ക് പറ്റിയ ഭര്ത്താക്കന്മാരെ കണ്ടെത്താനും, അവരുടെ വിവാഹം നടത്തിക്കൊടുക്കാനും കെ.സിയുടെ ശ്രമത്താല്‍ സാധിച്ചു. തുടര്‍ന്ന് ഗൗരിയുമായുള്ള ടി.വിയുടെ വിവാഹവും നടന്നു. അതിന്റെ പരികര്‍മ്മിയും കെ.സി. തന്നെ ടി.വി. മന്ത്രിയുമായി.
അന്നു പ്രചാരത്തിലിരുന്ന ഒരു കഥയുണ്ട്. കഥയല്ല, കാര്യം തന്നെ. ടി.വിയുടെ വീട്ടുകാര്‍ക്കും ആലപ്പുഴ നിവാസികള്‍ക്കും പരക്കെ അറിയാവുന്ന പരസ്യമായ ഒരു രഹസ്യമാണത്. ടി.വിക്ക് കയര്‍ തൊഴിലാളിയായ ഒരു കാമുകിയുണ്ട്. ഇരുവരുടെയും ബാല്യകാലത്തോളം ആ പ്രണയബന്ധത്തിന് പ്രായമുണ്ട്. അവര്‍ക്കൊരു മകനുണ്ട്. മകന്റെ പിതൃത്വം ആധികാരികമായി രേഖപ്പെടുത്താനുള്ള സന്ദര്‍ഭമുണ്ടായപ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതി – ‘ആലപ്പുഴ മുനിസിപ്പല്‍ ചെയര്മാന് ടി.വി. തോമസ് എന്ന ഞാനാണ് കുട്ടിയുടെ പിതാവ് എന്ന് സാക്ഷ്യപ്പെടുത്തുന്നു’. മന്ത്രിയാവണമെങ്കില്‍ ഈ ആദ്യ കാമുകിയെ വിവാഹം കഴിക്കണമെന്ന് പാര്‍ട്ടി നേതൃത്വം എന്തുകൊണ്ട് പറഞ്ഞില്ല എന്നായിരുന്നു പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ എതിരാളികള്‍ കുത്തിപ്പൊക്കിയ പ്രചാരണം, തൊഴിലാളി നേതാവ് തൊഴിലാളി സ്ത്രീയുമായി പുലര്‍ത്തിപ്പോന്ന ബാന്ധവം തൊഴിലാളി വര്‍ഗ പാര്‍ട്ടി രണ്ടുകൈയും നീട്ടി അംഗീകരിച്ചനുഗ്രഹിക്കുകയും നിയമദൃഷ്ട്യാ സ്ഥിരീകരിക്കുകയും ചെയ്യുന്നതായിരുന്നില്ലേ ടി.വിക്കും പാര്‍ട്ടിക്കും തൊഴിലാളി വര്‍ഗത്തിനും കൂടുതല്‍ അഭിമാനകരമെന്നും ചോദ്യമുണ്ടായി. പാര്‍ട്ടി വിരുദ്ധന്മാര് കാലാകാലമായി അങ്ങനെ എന്തൊക്കെ പറഞ്ഞിരിക്കുന്നു എന്നത് തൃപ്തികരമായ മറുപടിയാവില്ല. കാരണം, തികച്ചും വ്യക്തിഗതവും നിസാരവും ആയ ഒരു ഉള്‍പ്പാര്‍ട്ടി പ്രശ്നത്തെ, പാര്‍ട്ടി നേതൃത്വം കൈകാര്യം ചെയ്ത രീതിയും സന്ദര്‍ഭവും ഒരുപോലെ പിഴച്ചുവെന്നതാണ് സത്യം. മന്ത്രിസഭാ രൂപീകരണവും ടി.വിയുടെ രാഷ്ട്രീയ നിലനില്‍പ്പുമായി വിവാഹക്കാര്യം ബന്ധപ്പെടുത്തിയവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കണമെന്ന പക്ഷക്കാരായിരുന്നു അന്നും പാര്‍ട്ടി സൗഹൃത്തുക്കളില് പലരും.
ഇഎംഎസിന്റെ രണ്ടാം മന്ത്രിഭയിലും അംഗങ്ങളായിരുന്നു ഇരുവരുമെങ്കിലും അപ്പോഴേക്കും ഇരുപാര്‍ട്ടിയിലേയും പ്രതിനിധികളുമായിരുന്നു. അതുകൊണ്ടുതന്നെ അകല്‍ച്ച കര്‍ശനമാക്കാനും പാര്‍ട്ടി തയ്യാറായി. ഒന്നിച്ചു ജീവിതം ലഭിച്ചില്ലെങ്കിലും ടിവിയോട് അവര്‍ക്കുണ്ടായ സ്നേഹം വ്യക്തമാക്കുന്നതായിരുന്നു ടി.വിയുടെ അവസാനകാലത്തെ അവരുടെ പെരുമാറ്റം. ആശുപത്രി കിടക്കയ്ക്കരികെ ദിവസങ്ങളോളം അവരുടെ സാന്നിധ്യമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: