തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും രോഗവ്യാപനം രൂക്ഷം. വാക്സിന് എടുത്തിട്ടും രോഗം പിടിപെടുന്നതില്‍ ഇരു മേഖലയിലും ആശങ്ക. ഡ്യൂട്ടിക്ക് മതിയായ ജീവനക്കാരെ നിയോഗിക്കാന്‍ സാധിക്കാതെ ആരോഗ്യ വിഭാഗവും പോലീസും.
ദിനം പ്രതി നൂറിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. പത്ത് ദിവസത്തിനിടെ 1071 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കണക്കാണിതെന്നും ആശുപത്രികളില്‍ ജോലി നോക്കുന്ന മറ്റ് സഹ ജീവനക്കാര്‍ക്കിടയിലും വൈറസ് വ്യാപകമായി പിടിപെടുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. രോഗികളുമായി കൂടുതല്‍ സമയം അടുത്ത് ഇടപഴകുന്നതിനാലാണ് വാക്സിന് എടുത്തിട്ടും രോഗ വ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്. വൈറസിന്റെ രണ്ടാം വ്യാപനം കൂടി ആയതിനാല്‍ ജീവനക്കാരെ ഇത് ഭീതിയിലാഴ്ത്തുന്നുണ്ട്.
ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ മതിയായ ദിവസം ക്വാറന്റൈനില്‍ പോകാന്‍ സാധിക്കുന്നില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ ഒട്ടു മിക്ക കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും അവശ്യം വേണ്ട ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നുണ്ട്. വിരമിച്ച ജീവനക്കാരെ ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്തുകളിലെ സിഎഫ്എല്‍ടിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒന്നാം തരംഗത്തിന്റെ സമയത്ത് കൊവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടര്‍മാരുടെ സേവനവും ഇപ്പോള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: